ആന്ധ്രയെ കണ്ടുപഠിച്ച് കര്‍ണാടകയുടെ കെ.എസ്.ആര്‍.ടി.സി; വരുമാനം കൊയ്യാന്‍ 'നമ്മ കാര്‍ഗോ'

കേവലം യാത്രാ ടിക്കറ്റ് വഴി മാത്രമല്ല, ചരക്കുനീക്കത്തിലൂടെയും വരുമാനം കൊയ്യാന്‍ കച്ചകെട്ടുകയാണ് കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC). ചരക്കുനീക്ക സര്‍വീസ് വഴി പ്രതിവര്‍ഷം ശരാശരി 150 കോടി രൂപ വരുമാനം നേടുന്ന ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ മാതൃകയാക്കിയാണ് കര്‍ണാടക കെ.എസ്.ആര്‍.ടി.സിയുടെ നീക്കം.

ചരക്കുനീക്ക സര്‍വീസുകള്‍ക്കായി 2021ല്‍ 'നമ്മ കാര്‍ഗോ' പദ്ധതിക്ക് കെ.എസ്.ആര്‍.ടി.സി തുടക്കമിട്ടിരുന്നു. യാത്രാ ബസുകള്‍ പ്രയോജനപ്പെടുത്തിയായിരുന്നു സേവനം. എന്നാല്‍, ആന്ധ്രയെ മാതൃകയാക്കി ഇപ്പോള്‍ ട്രക്കുകള്‍ ഉപയോഗിച്ച് ചരക്കുനീക്കം നടത്താനാണ് തീരുമാനം. ജി.പി.എസ് സംവിധാനം ഉള്‍പ്പെടെയുള്ള 20 ട്രക്കുകളാണ് നമ്മ കാര്‍ഗോയ്ക്കായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
ലക്ഷ്യം ₹100 കോടി വരുമാനം
2021ല്‍ നമ്മ കാര്‍ഗോ വഴി 10 കോടി രൂപ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി നേടിയത്. ഇപ്പോഴത് 25 കോടി രൂപയായി ഉയര്‍ന്നു. ചരക്കുനീക്കത്തിനായി ട്രക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ 2025ഓടെ വരുമാനം 100 കോടി രൂപയിലെത്തിക്കാനാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി കരുതുന്നത്.
ഒരുവര്‍ഷത്തിനകം ട്രക്കുകളുടെ എണ്ണം 500ലേക്ക് ഉയര്‍ത്തുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനമുടനീളം സേവനം
ആറ് ടണ്‍ വീതം ഭാരം വഹിക്കാവുന്നവയാണ് നിലവില്‍ കൂട്ടിച്ചേര്‍ത്ത ട്രക്കുകള്‍. പഴം, പച്ചക്കറി, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ നീക്കമാണ് നടത്തുക. സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ ചരക്കുനീക്കങ്ങളും കൈകാര്യം ചെയ്യും.
ബംഗളൂരു, മൈസൂരു, തുമക്കൂരു, മംഗളൂരു, ശിവമൊഗ്ഗ, ചിക്കമഗളൂരു, കോലാര്‍, ദേവനഗരെ എന്നിവിടങ്ങളില്‍ നമ്മ കാര്‍ഗോ സേവനം ലഭിക്കും. ഒന്നുമുതല്‍ 100 കിലോമീറ്റര്‍ വരെ ചരക്കുനീക്കത്തിന് കിലോമീറ്ററിന് 50 രൂപ വീതമാണ് നിരക്ക്.
200 കിലോമീറ്റര്‍ വരെ പോകണമെങ്കില്‍ കിലോമീറ്ററിന് 40 രൂപ വീതമാണ് നിരക്ക്. 200 കിലോമീറ്ററിലധികം ഓടണമെങ്കില്‍ കിലോമീറ്ററിന് നിരക്ക് 35 രൂപ.
നമ്മ കാര്‍ഗോയ്ക്കായി ആവശ്യത്തിന് ഡ്രൈവര്‍മാരുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പേരെ ആവശ്യമെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. പീന്യയിലെ ബസവേശ്വര ബസ് ടെര്‍മിനല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത് കാര്‍ഗോ ടെര്‍മിനലാക്കി മാറ്റുമെന്നും കര്‍ണാടക സ്‌റ്റേറ്റ് ആര്‍.ടി.സി വ്യക്തമാക്കിയിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it