കേരളത്തിന് പുറത്തുനിന്നും മികച്ച ഓര്‍ഡറുകള്‍ നേടി കെല്‍ട്രോണ്‍

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറെടുക്കുകയാണ് കെല്‍ട്രോണ്‍.

അരുണാചല്‍പ്രദേശ് നിയമസഭയില്‍ 'ഇ-വിധാന്‍' പദ്ധതിയില്‍പ്പെട്ട ഓഫീസ് ആട്ടോമേഷന്‍ സംവിധാനം നടപ്പിലാക്കുന്നതിന് 20.10 കോടി രൂപയുടെ ഓര്‍ഡര്‍ കെല്‍ട്രോണിന് ലഭിച്ചു.നിയമസഭയിലെ വീഡിയോ കോണ്‍ഫറന്‍സിംഗ്, ഗേറ്റ് പാസ്, പേമെന്റ് തുടങ്ങിയ ഓഫീസ് നടപടികള്‍ ഈ പദ്ധതിയിലൂടെ സുഗമമായി നടത്താനാകും.

ഗുജറാത്തിലെ അഹമ്മദാബാദ്, ഭാവ്‌നഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ 57 ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്നതിനും 7 വര്‍ഷത്തേക്ക് അവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും കെല്‍ട്രോണിന് 15.87 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ച് പരിപാലിക്കുന്നതിന് അഹമ്മദാബാദില്‍ നിന്നും 21 കോടി രൂപയുടെ രണ്ട് ഓര്‍ഡറുകള്‍ കൂടി കെല്‍ട്രോണിന് ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷനില്‍ നിന്നും കെല്‍ട്രോണിന് 25 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ മികവ് തെളിയിച്ചിട്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം കൊച്ചിയിലെ പ്രധാനപ്പെട്ട 35 ജംഗ്ഷനുകളില്‍ സ്ഥാപിക്കുന്നതിനാണ് ഈ ഓര്‍ഡര്‍.

സിസ്റ്റം സ്ഥാപിച്ച് അതിന്റെ 5 വര്‍ഷത്തേക്കുള്ള പരിപാലനം കെല്‍ട്രോണ്‍ നിര്‍വ്വഹിക്കും. ഈ പദ്ധതിയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ സ്ഥാപിക്കുന്നതാണ്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ BEL, ആറോളം വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ എന്നിവരുമായി ടെന്‍ഡറില്‍ മത്സരിച്ചാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്റെ ഓര്‍ഡര്‍ കെല്‍ട്രോണ്‍ നേടിയെടുത്തത്. ഒരു വര്‍ഷത്തിനുള്ളില്‍ കെല്‍ട്രോണ്‍ ഈ പദ്ധതി പൂര്‍ത്തിയാക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it