ആഗോള ഫര്‍ണിച്ചര്‍ വിപണിയില്‍ കുതിപ്പിനൊരുങ്ങി 'കേരള ബ്രാന്‍ഡ്'

ഫര്‍ണിച്ചര്‍ വിപണിയില്‍ കേരളത്തിന്റെ ബ്രാന്‍ഡുകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. നവീനമായ ഡിസൈനുകളും ഈടും വേറിട്ടതാക്കുന്ന കേരളത്തിന്റെ ഫര്‍ണിച്ചറുകളെ വിദേശ വിപണിയില്‍ കൂടുതല്‍ വ്യാപകമാക്കാനൊരുങ്ങുകയാണ് ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍.

ആഗോളതലത്തില്‍ നാമമാത്ര സാന്നിധ്യമാണെങ്കിലും കേരള ബ്രാന്‍ഡുകള്‍ക്ക് മികച്ച അഭിപ്രായമുണ്ട്. അത് മുതലെടുത്ത് നേട്ടം കൊയ്യാനാണ് ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടെ ശ്രമം. ഫര്‍ണിച്ചര്‍ മര്‍ച്ചന്റ്‌സ് & മാനു ഫാക്ചറേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനെപോലുള്ള സംഘടനകളുടെ നേതൃത്വത്തില്‍ അതിനുള്ള സാഹചര്യമൊരുക്കാനാണ് ശ്രമം നടക്കുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ചില കേരള കമ്പനികള്‍ നിലവില്‍ ഫര്‍ണിച്ചറുകള്‍ പേരിനെങ്കിലും കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും കാര്യമായ വിദേശ നാണ്യം ഫര്‍ണിച്ചര്‍ മേഖലയിലേക്ക് എത്തുന്നില്ല. ലോകോത്തരമായ സാങ്കേതികവിദ്യയും ഡിസൈനുകളും റബ്‌വുഡ് അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും കേരളത്തിന്റെ കരുത്താണ്.

മാത്രമല്ല, പാരമ്പര്യത്തിന്റെ കരുത്തും നമ്മുടെ പ്രത്യേകതയാണ്. ഇവയ്‌ക്കെല്ലാം പുറമേ താരതമ്യേന കുറഞ്ഞ വിലയ്ക്ക് നല്‍കാനും നമുക്ക് ആകുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫര്‍ണിച്ചര്‍ കയറ്റുമതി ചെയ്യുന്ന ചൈനയ്ക്ക് പോലും കേരളത്തിന്റെ വിലയോട് മത്സരിക്കാനാവില്ലെന്നതാണ് കേരളത്തിന്റെ നേട്ടം. ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളിലാണ് കേരള ഫര്‍ണിച്ചറുകള്‍ക്ക് ഏറെ പ്രിയമുള്ളത്.

സാങ്കേതിക മുന്നേറ്റം

കേരളത്തിലെ ചെറുകിട ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് പോലും ഇന്ന്

അത്യാധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമാണെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഏതൊരു വിദേശ രാഷ്ട്രങ്ങളിലെയും ഉല്‍പ്പന്നങ്ങളോട് കിടപിടിക്കാന്‍ നമുക്കാകും. കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യങ്ങളും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കുന്നു. സാധാരണ ഉല്‍പ്പാദകര്‍ക്കും എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്താന്‍ കൂട്ടായ്മയില്‍ വിരിഞ്ഞ കണ്‍സോര്‍ഷ്യങ്ങളിലൂടെ സാധിക്കുന്നു.

സാധ്യതകളുടെ ആഭ്യന്തര വിപണി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വിപണികളിലൊന്നാണ് ഇന്ത്യ. ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യന്‍ ഫര്‍ണിച്ചര്‍ വിപണിയെന്നാണ് കണക്ക്. മാത്രമല്ല ലോകത്തേറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന വിപണി കൂടിയാണിത്. ഏകദേശം 20 ശതമാനമാണ് ഫര്‍ണിച്ചര്‍ മേഖലയുടെ വളര്‍ച്ച. ലോക ബാങ്ക് നടത്തിയ ഒരു പഠനം പറയുന്നത്, 2019 ഓടെ ഇന്ത്യന്‍ ഫര്‍ണിച്ചര്‍ വിപണി 3200 കോടി ഡോളര്‍ മറികടക്കുമെന്നാണ്. ഓണ്‍ലൈന്‍ ഹോം ഡെക്കര്‍ വിപണി 50.42 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ലോക ബാങ്ക് വിലയിരുത്തുന്നു. 2020 ഓടെ ഇന്ത്യന്‍ ആഡംബര ഫര്‍ണിച്ചറുകളുടെ വില്‍പ്പന 2700 കോടി ഡോളറിന്റേതാകും.

രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനു

വദിച്ചതും 2022 ഓടെ രാജ്യത്തെ എല്ലാവര്‍ക്കും വീട് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയും 100 സ്മാര്‍ട്ട് സിറ്റികളുടെ പദ്ധതിയുമൊക്കെ നിര്‍മാണ മേഖലയെയും അതു വഴി ഫര്‍ണിച്ചര്‍ മേഖലയെയും ഉണര്‍ത്തുമെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തല്‍. മാത്രമല്ല, ടൂറിസം, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ല്‍, ഹോസ്പിറ്റല്‍ തുടങ്ങിയ മേഖലയില്‍ ഉണ്ടാകുന്ന മുന്നേറ്റവും ഫര്‍ണിച്ചര്‍ വ്യവസായത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

കേരളത്തിന്റെ മാത്രം ഫര്‍ണിച്ചര്‍ വിപണി പതിനയ്യായിരം കോടിയുടേതാണ്. കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതോടെ ഇതില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.

തൊഴിലവസരങ്ങളും

നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്

പ്രകാരം രാജ്യത്തെ ഫര്‍ണിച്ചര്‍, ഫര്‍ണിഷിംഗ് മേഖലയില്‍ 2022 ഓടെ 1.13 കോടി തൊഴിലവസരങ്ങള്‍ പുതുതായി ഉണ്ടാകും എന്നാണ്. നിലവിലുള്ള തൊഴിലാളികളില്‍ 50 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ്. കേരളത്തിലും ലക്ഷക്കണക്കിന് പേര്‍ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട്. അയ്യായിരത്തിലേറെ വരുന്ന കേരളത്തിലെ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകള്‍ വിദഗ്ധരായ തൊഴിലാളികള്‍ക്ക് ഏറെ അവസരങ്ങളാണ് മുന്നോട്ടു വെക്കുന്നത്.

അസംഘടിതം തന്നെ

രാജ്യത്ത് വിറ്റുപോകുന്ന ഫര്‍ണിച്ചറുകളില്‍ 85 ശതമാനവും ഇപ്പോഴും

അസംഘടിതമേഖലയില്‍ നിന്നുള്ളതാണ്. എന്നാല്‍ പരമ്പരാഗത ശൈലിയില്‍ പ്രാദേശികമായി നിര്‍മിച്ച ഫര്‍ണിച്ചറുകളോടുള്ള പ്രിയം മലയാളികള്‍ക്കും കുറഞ്ഞു വരുന്നതായാണ് സൂചന.

ഫര്‍ണിച്ചറുകളിലും ബ്രാന്‍ഡുകളോട് മലയാളിയുടെ മമത വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മലപ്പുറം എടവണ്ണയിലെയും തൃശൂര്‍ ചൊവ്വൂരിലെയും പെരുമ്പാവൂര്‍ നെല്ലിക്കുഴിയിലേയും അടക്കം പെരുമകേട്ട പരമ്പരാഗത ഫര്‍ണിച്ചര്‍ നിര്‍മാതാക്കളില്‍ പലരും സ്വന്തം ബ്രാന്‍ഡിന് രൂപം നല്‍കിയാണിപ്പോള്‍ വിപണിയിലെത്തിക്കുന്നത്. ഐക്കിയ പോലുള്ള വമ്പന്‍മാര്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് എത്തുന്നതും ബ്രാന്‍ഡുകളോടുള്ള നമ്മുടെ ഇഷ്ടം തിരിച്ചറിഞ്ഞു തന്നെയാണ്.

മരം തന്നെ താരം

ഏതൊക്കെ പുതിയ മെറ്റീരിയലുകള്‍ വന്നാലും കേരള വിപണിയില്‍ പ്രിയം

മരം കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ക്ക് തന്നെയാണ്. പാര്‍ട്ടിക്ക്ള്‍ ബോര്‍ഡുകളും എംഡിഎഫും റബ് വുഡുമൊക്കെ വിലയിലും ഡിസൈനിലും മരത്തിനോട് മത്സരിക്കുന്നുണ്ട്. ലോഹങ്ങള്‍, പ്ലാസ്റ്റിക്, മുള തുടങ്ങിവയിലുള്ള ഫര്‍ണിച്ചറുകള്‍ക്കും മികച്ച വിപണിയാണിത്.

സാധ്യതകള്‍ കണ്ടറിഞ്ഞ്

നാടന്‍ ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍ പോലും നവീനമായ ഉല്‍പ്പന്നങ്ങളും മോഡലുകളുമായി വിപണിയില്‍ നിറയുമ്പോള്‍, ഫര്‍ണിച്ചറില്‍ ഒരു 'കേരള ബ്രാന്‍ഡ്' സൃഷ്ടിച്ച് ലോകവിപണിയില്‍ ശ്രദ്ധ നേടാനാണ് ഫുമ്മ പോലുള്ള സംഘടനകളുടെ ശ്രമം. പല കേരള ബ്രാന്‍ഡുകള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ പ്രിയമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ വിപണിയില്‍ മിക്ക കേരള ബ്രാന്‍ഡുകളും ലഭ്യമാണിന്ന്. പലരും സ്വന്തം ഷോറൂമുകള്‍ തന്നെ ബാംഗളൂര്‍, ചെന്നൈ പോലുള്ള നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂട്ടായ്മയിലൂടെ തന്നെ ലോകം കീഴടക്കാനും കേരള ഫര്‍ണിച്ചറുകള്‍ക്ക് കഴിയുമെന്ന വിശ്വാസമാണ് ഓരോ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളിലുമുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it