ഓണ്‍ലൈന്‍ ടാക്‌സി: നിക്ഷേപകര്‍ക്ക് നഷ്ടം , പിടിച്ചുനില്‍ക്കാനാകാതെ ഡ്രൈവര്‍മാര്‍

ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ആകര്‍ഷകമായ ഓഫറുകളില്‍ വീണ് വാഹനം വാങ്ങിയ ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇന്ന് പറയാനുള്ളത് നഷ്ടത്തിന്റെ കഥകള്‍ മാത്രം. പ്രതിമാസം ഒന്നരലക്ഷം രൂപ വരെ തുടക്കത്തില്‍ വരുമാനമുണ്ടായിരുന്നെങ്കില്‍ ഇന്ന് വായ്പാ അടവ് പോലും മുടങ്ങിയിരിക്കുന്ന അവസ്ഥയിലാണ് ഡ്രൈവര്‍മാര്‍.

ഇന്‍സെന്റീവുകള്‍ വെട്ടിക്കുറച്ച കമ്പനി, കൂടിയ കമ്മീഷനാണ് ഈടാക്കുന്നതെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. സര്‍ചാര്‍ജ് എന്ന പേരില്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നതില്‍ യാത്രക്കാരും അസംതൃപ്തിയിലാണ്.

ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളുടെ വരവോടെ പരമ്പരാഗത ടാക്‌സി സംവിധാനം മൊത്തത്തില്‍ തകര്‍ന്നു. ഇതോടെ പിടിച്ചുനില്‍ക്കാന്‍ മറ്റു വഴിയില്ലാതെ മറ്റു ഡ്രൈവര്‍മാരും ഓണ്‍ലൈന്‍ കമ്പനികളുടെ കീഴിലേക്ക് വന്നു.

മോഹനവാഗ്ദാനങ്ങളുടെ നാളുകള്‍

ആദ്യകാലത്ത് ഓട്ടം ഉണ്ടെങ്കിലും ഇല്ലെങ്കിലും പണം ലഭിക്കും എന്നതായിരുന്നു അവസ്ഥ. അഞ്ച് മണിക്കൂര്‍ ഓണ്‍ലൈനില്‍ കിടന്നാല്‍ മാത്രം 1000 രൂപ ലഭിക്കും. 10 മണിക്കൂറിന് 2,000 രൂപ. 15 മണിക്കൂറിന് 3,500 രൂപ… ഇങ്ങനെയായിരുന്നു പ്രതിഫലം.

യാത്രക്കാര്‍ക്കും വാരിക്കോരി ഓഫറുകള്‍ നല്‍കിക്കൊണ്ടിരുന്നു. സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ പ്ലാനുകളില്‍ തുടര്‍ച്ചയായി മാറ്റം വരുത്താന്‍ തുടങ്ങി. ഇപ്പോള്‍ 100 രൂപയ്ക്ക് ഓടിയാല്‍ 40 രൂപയാണ് കിട്ടുന്നത്. കൂടാതെ 26 ശതമാനം കമ്മീഷനും വാങ്ങുന്നു. ഒപ്പം യാത്രാ നിരക്കുകളും കൂട്ടി.

ഓണ്‍ലൈന്‍ ടാക്‌സികളുടെ എണ്ണം കൂടിയതിനാല്‍ ലഭിക്കുന്ന ട്രിപ്പുകളിലും കുറവു വന്നു. മാത്രമല്ല പലപ്പോഴും ഉപഭോക്താവിനടുത്തേക്കെത്താനും തിരിച്ച് ട്രിപ്പ് കിട്ടാനിടയുള്ളിടത്തേക്കെത്താനും കിലോമീറ്ററുകള്‍ ഓടേണ്ടി വരുന്ന നഷ്ടവും. ഇതിനൊപ്പം കമ്പനി കൊണ്ടുവന്ന പൂളിംഗ് സംവിധാനവും ഡ്രൈവര്‍മാര്‍ക്ക് ഇരുട്ടടിയായി.

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കുക, യൂബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഈടാക്കുന്ന അമിത കമ്മീഷന്‍ കുറയ്ക്കുക, ഇന്‍സന്റീവുകള്‍ ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മേഖലയിലെ ഡ്രൈവര്‍മാര്‍ ദിവസങ്ങള്‍ നീണ്ട സമരം നടത്തിയിരുന്നു.

''26 ശതമാനം കമ്മീഷനാണ് ഡ്രൈവര്‍മാരില്‍ നിന്ന് കമ്പനി ഈടാക്കുന്നത്. കിലോമീറ്ററിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് 15 രൂപയാണ്. എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസില്‍ അത് ഏഴ് രൂപ മാത്രമാണ്. ഇന്‍സന്റീവിലൂടെ ആ നഷ്ടം നികത്തിക്കൊള്ളാം എന്നായിരുന്നു കമ്പനികളുടെ വാഗ്ദാനം. പക്ഷെ ഇപ്പോള്‍ ഇന്‍സന്റീവുകള്‍ വെട്ടിക്കുറച്ചു. ഒപ്പം ഡീസല്‍വിലയും കൂടി. വാഹനത്തിന്റെ വായ്പാ അടവ്, പരിപാലനച്ചെലവുകള്‍, ടയര്‍ തേയ്മാനം ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ വലിയ നഷ്ടമാണ്.'' കേരള ഓണ്‍ലൈന്‍ ഡ്രൈവേഴ്‌സ് യൂണിയന്റെ സ്‌റ്റേറ്റ് പ്രസിഡന്റായ ജാക്‌സണ്‍ വര്‍ഗീസ് പറയുന്നു.

ഡ്രൈവര്‍മാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് അവശ്യപ്പെട്ട് ജാക്‌സണ്‍ അനിശ്ചിതകാല നിരാഹരസമരവും നടത്തിയിരുന്നു. ഈ രംഗത്തെ ചൂഷണത്തിനെതിരെ സംഘടനകള്‍ വിവിധയിടങ്ങളില്‍ പരാതി കൊടുത്തിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ ആപ്ലിക്കേഷനെതിരെ എന്ത് നിയമത്തിന് കീഴില്‍ നടപടിയെടുക്കും എന്ന ചോദ്യമാണ് അധികൃതര്‍ക്ക് ഉള്ളത്.

ഗതാഗതമേഖലയെ മാറ്റിമറിച്ച വിപ്ലവം

2014 അവസാനത്തോടെയാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനം കേരളത്തില്‍ വ്യാപകമാകുന്നത്. ഇതുവരെ കേരളം കാണാതിരുന്ന വലിയൊരു ഗതാഗത വിപ്ലവത്തിനാണ് ഇവ തുടക്കം കുറിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം ഉപഭോക്താവ് നില്‍ക്കുന്നിടത്ത് എത്തുമെന്നതുകൊണ്ടും ഡ്രൈവിംഗിന്റെയും പാര്‍ക്കിംഗിന്റെയുമൊക്കെ തലവേദനകളില്ലെന്നതും സ്വന്തം വാഹനങ്ങള്‍ വീട്ടിലിട്ട് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉപയോഗിക്കാന്‍ ബഹുഭൂരിപക്ഷത്തെയും പ്രേരിപ്പിച്ചു.

ഷെയര്‍ ചെയ്ത് യാത്ര ചെയ്യുന്ന രീതിയും കേരളത്തിന് അന്യമായിരുന്നു. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ കൊണ്ടുവന്ന പൂളിംഗ് സംവിധാനവും പുതിയൊരു ഗതാഗത സംസ്‌കാരത്തിനാണ് തുടക്കമിട്ടത്.

നേരിട്ട് കാണാതെ, അറിയാതെ, ഒരു മൊബീല്‍ ആപ്ലിക്കേഷന്‍ മാത്രം വഴി ലക്ഷക്കണക്കിന് ഡ്രൈവര്‍മാരെയാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ മാനേജ് ചെയ്യുന്നത്. സാങ്കേതികവിദ്യയിലൂടെ നിയമങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ട് ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്ന് കൃത്യമായ അച്ചടക്കവും കമ്പനികള്‍ ഉറപ്പാക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it