Begin typing your search above and press return to search.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 15 പാര്‍ക്കുകളില്‍ 5 കിന്‍ഫ്ര പാര്‍ക്കുകളും
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 15 പാര്‍ക്കുകളുടെ ഗണത്തില്‍ കേരളത്തിലെ 5 കിന്‍ഫ്രപാര്‍ക്കുകളും. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വ്യവസായ പാര്‍ക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കിന്‍ഫ്രയുടെ കീഴിലുള്ള 5 പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം നേടാനായത്. കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പാണ് വ്യവസായ പാര്‍ക്കുകളുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കിന്‍ഫ്ര കളമശ്ശേരി ഹൈടെക് പാര്‍ക്ക്, കഴക്കൂട്ടം ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക്, എറണാകുളം സ്‌മോള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക്, കഞ്ചിക്കോട് ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് എന്നിവയാണ് മികച്ച പാര്‍ക്കുകളായി തെരഞ്ഞെടുക്കപ്പെട്ടത്.
യു.എന്‍. ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് ഓര്‍ഗനൈസേഷനും, ലോകബാങ്ക് ഏജന്‍സികളും നിര്‍ദ്ദേശിച്ച ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് റേറ്റിംഗ് സിസ്റ്റം (IPRS 2.0) പാര്‍ക്കുകളെ വിലയിരുത്തുന്നത്. പൊതു അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ മേഖലകള്‍ക്ക് പ്രത്യേകമായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സുരക്ഷ, ബിസിനസ് സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ കിന്‍ഫ്ര പാര്‍ക്കുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോര്‍ട്ട് വിലയിരുത്തി.
കാക്കനാട് പ്രത്യേക സാമ്പത്തിക മേഖല ഇന്ത്യയിലെ മികച്ച 15 സെസുകളില്‍ ഉള്‍പ്പെട്ടു. ബയോ ടെക്‌നോളജി മെഡിക്കല്‍ ഉപകരണ നിര്‍മ്മാണം, ഹാന്‍ഡി ക്രാഫ്റ്റ്‌സ് എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി കേരളത്തിലെ പാര്‍ക്കുകള്‍ മുന്നോട്ടു വരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തൊട്ടാകെയുള്ള 449 പാര്‍ക്കുകളുടെയും അത്രയും തന്നെ സോണുകളുടെയും പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം വിലയിരുത്തിയത്.
(Press Release Made )
Next Story
Videos