കിറ്റ് കോയ്ക്ക് പുതിയ ചിറകുകൾ നൽകി സിറിയക് ഡേവീസ് പടിയിറങ്ങുന്നു
പൊതുമേഖലാ സാങ്കേതിക കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ് കോയ്ക്ക് വന്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാനുള്ള ശക്തി ആര്‍ജ്ജിക്കുന്നതിന് നേതൃത്വം നല്‍കിയ സിറിയക് ഡേവീസ് പടിയിറങ്ങുന്നു. മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാര്‍ച്ച് 30നാണ് അദ്ദേഹം വിരമിച്ചത്.
2011 മുതല്‍ ഈ പദവി വഹിക്കുകയായിരുന്നു അദ്ദേഹം. 197080 കളില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് പരിശീലനം നല്‍കുക, പ്രൊജക്റ്റ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്തിരുന്ന കിറ്റ് കോ ഇന്നിപ്പോള്‍ വലിയ പദ്ധതികള്‍ ഏറ്റെടുത്ത് അവയുടെ 'ആശയം മുതല്‍ കമ്മീഷനിംഗ്' വരെ നടപ്പാക്കാന്‍ കഴിവുള്ള സ്ഥാപനമാണ്.
1983ല്‍ കോതമംഗലത്തെ മാര്‍ അത്തനേഷ്യന്‌സ് കോളേജില്‍ നിന്നും സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ശേഷം കിറ്റ് കോയില്‍ ജോലിയില്‍ പ്രവേശിച്ച സിറിയക് ഡേവീസ് പിന്നീട് ബില്‍ഡിംഗ് ടെക്‌നോളജിയില്‍ എം ടെക് ബിരുദവും നേടി.
ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സിന്റെ ഗര്‍ഭ നിരോധന ഉറകള്‍ നിര്‍മിക്കുന്ന യൂണിറ്റ് ബെല്‍ഗാമില്‍ സ്ഥാപിക്കാനുള്ള സാങ്കേതിക കണ്‍സള്‍ട്ടന്‍സി കരാര്‍ ലഭിച്ചതോടെയാണ് വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിലേക്ക് കിറ്റ് കോ കടന്നത്. തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ചവറ കെഎംഎംഎല്‍ ടൈറ്റാനിയം സ്‌പോഞ്ച് അയണ്‍ പദ്ധതി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, വൈറ്റില മൊബിലിറ്റി ഹബ്ബ്, നിരവധി റോഡുകള്‍, പാലങ്ങള്‍, തുറമുഖ പദ്ധതികള്‍ തുടങ്ങിയവ വിജയകരമായി നടപ്പാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 60 കോടി രൂപയുടെ വരുമാനം നേടിയ കിറ്റ്‌കോയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനമാണ്. അതിവേഗം വാര്‍ഷികവരുമാനം 100 കോടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംഭകത്വ പരിശീലനം നല്‍കാനായി 'മൈ എന്റര്‍പ്രൈസ്' എന്ന പദ്ധതി ആവിഷ്‌കരിച്ചത് സിറിയക് ഡേവിസാണ്.
ഇപ്പോള്‍ കിറ്റ് കോ കേരളം കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പദ്ധതികള്‍ രൂപകല്പന ചെയ്തു നടപ്പാക്കി വരുന്നത് കൂടാതെ വിദേശത്ത് ചില പദ്ധതികളും ലഭിക്കുന്നുണ്ട്. സിറിയക് ഡേവിസിന്റെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ദേശിയ തലത്തില്‍ ചെറുതും വലുതുമായ അനേകം പദ്ധതികള്‍ മറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ പിന്തള്ളി കരസ്ഥമാക്കി. അടുത്തകാലത്ത് ലഭിച്ച ഭെല്‍ എച് എല്‍, യുപീ എക്‌സ്പ്രസ്സ് വേ, ഇംഫാല്‍ വിമാനത്താവള കരാറുകള്‍ അദ്ദേഹത്തിന്റെ കാലയളവില്‍ കൈവരിച്ച നേട്ടങ്ങളാണ്.
പുതിയ എംഡിയെ കണ്ടെത്തുന്നത് വരെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ ജോസ് ഡേവിസ്, ജനറല്‍ മാനേജര്‍, ജി പ്രമോദ് ജോ. ജനറല്‍ മാനേജര്‍, ബെന്നിപോള്‍, ജോ ജനറല്‍ മാനേജര്‍ എന്നിവര്‍ ഉള്‍പ്പെട്ട മൂന്ന് അംഗ സമിതിക്കാണ് ഭരണ ചുമതല.