Begin typing your search above and press return to search.
ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോ ഡിസംബറില്‍ അങ്കമാലിയില്‍; ഒപ്പം ജോബ് ഫെയറും
കേരള റിന്യൂവബിള്‍ എനര്‍ജി എന്‍ട്രപ്രണേഴ്‌സ് ആന്‍ഡ് പ്രൊമോട്ടേഴ്‌സ് അസോസിയേഷന്റെ (ക്രീപ/KREEPA) ആറാമത് ഗ്രീന്‍ പവര്‍ പ്ലസ് ഇ-മൊബിലിറ്റി എക്‌സ്‌പോ ഡിസംബര്‍ 7 മുതല്‍ 9വരെ അങ്കമാലിയില്‍ നടക്കും. അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് വേദി.
കെ.എസ്.ഇ.ബി., അനെര്‍ട്ട്, എം.എന്‍.ആര്‍.ഇ., ഇ.എം.എസി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ആഗോളതാപനത്തെ ചെറുക്കാന്‍ ലോക രാജ്യങ്ങളാകെ പരിശ്രമിക്കുന്ന ഇക്കാലത്ത് സോളാര്‍ അടക്കമുള്ള പുനരുപയോഗ ഊര്‍ജത്തിന്റെ പ്രസക്തി കൂടുതല്‍ പേരിലേക്ക് എത്തിക്കുകയും കാര്‍ബണ്‍ വികിരണം കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുകയുമാണ് എക്‌സ്‌പോയിലൂടെ ഉന്നമിടുന്നതെന്ന് ക്രീപ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹരിതോര്‍ജ ഉപയോഗം വര്‍ദ്ധിപ്പിക്കുക ലക്ഷ്യം
ഹരിതോര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍ റിന്യൂവബിള്‍ എനര്‍ജി മേഖലയിലെ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, സേവനദാതാക്കള്‍, പ്രമോട്ടോര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് എക്‌സ്‌പോ കമ്മിറ്റി പ്രസിഡന്റ് സി. ജോസ് കല്ലൂക്കാരന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എന്‍. മൊഹമ്മദ് ഷഫീക്ക്, ക്രീപ പ്രസിഡന്റ് ജി. ശിവരാമകൃഷ്ണന്‍, ട്രഷറര്‍ ടി.എന്‍. തുളസീദാസ്, രക്ഷാധികാരി ഡോ. ജോര്‍ജ് പീറ്റര്‍ പിട്ടാപ്പിള്ളില്‍ എന്നിവര്‍ വ്യക്തമാക്കി. രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെയാണ് എക്‌സ്‌പോ.
എക്‌സ്‌പോയോട് അനുബന്ധമായി ത്രിദിന ഇന്റര്‍നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി കോണ്‍ഗ്രസും (ICORE-2023) നടക്കും. ആദ്യമായാണ് ഐകോര്‍ എക്‌സ്‌പോയ്ക്ക് ദക്ഷിണേന്ത്യ വേദിയാകുന്നത്. റിന്യൂവബിള്‍ എനര്‍ജി മേഖലയിലെ വികസനങ്ങളും വെല്ലുവിളികളും സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന എക്‌സ്‌പോയില്‍ ബി2ബി, ബി2സി സംഗമങ്ങളും നടക്കും. ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടാനും അവസരം ലഭിക്കും. എക്‌സ്‌പോയിലേക്ക് പ്രവേശനം സൗജന്യമാണ്.
ജോബ് ഫെയറും ഇന്നൊവേഷന്‍ മത്സരവും ആകര്‍ഷണം
റിന്യൂവബിള്‍ എനര്‍ജി രംഗത്തെ തൊഴില്‍ തേടുന്നവര്‍ക്കായുള്ള ജോബ് ഫെയര്‍ ഇക്കുറിയും എക്‌സ്‌പോയില്‍ നടക്കും. മുന്‍നിര കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയര്‍ ഡിസംബര്‍ എട്ടിനാണ്. ടെക്‌നിക്കല്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ്, എച്ച്.ആര്‍., അക്കൗണ്ട്‌സ്, ഓപ്പറേഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ ജോലി നേടാനാകും.
വിദ്യാര്‍ത്ഥികളുടെ വൈദഗ്ദ്ധ്യം കണ്ടെത്താനുള്ള ഇന്നൊവേഷന്‍ മത്സരത്തിനും എക്‌സ്‌പോ വേദിയാകും. ഐ.ഇ.ഇ.ഇയുടെ കേരള ചാപ്റ്ററുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ഒന്നാംസ്ഥാനക്കാര്‍ക്ക് 25,000 രൂപയാണ് സമ്മാനം. രണ്ടാംസ്ഥാനക്കാര്‍ക്ക് 15,000 രൂപയും മൂന്നാംസ്ഥാനക്കാര്‍ക്ക് 10,000 രൂപയും ലഭിക്കും. പ്രോത്സാഹന സമ്മാനമായി 5,000 രൂപവീതവും നേടാം. എക്‌സ്‌പോ സംബന്ധിച്ച വിവരങ്ങള്‍ക്ക് : https://kreepa.org/ ഫോണ്‍: 9495143799
Next Story
Videos