കാര്‍സ് 24: ഒരു ഹ്യൂണ്ടായ് ആക്‌സെന്റ് വില്‍പ്പനയില്‍ നിന്നുള്ള 'യൂണികോണ്‍' സ്റ്റാര്‍ട്ടപ്പ്!

ജോലിയുടെ ഭാഗമായി കുറച്ചുകാലം അമേരിക്കയിലേക്ക് ചേക്കേറിണ്ടി വന്നപ്പോഴാണ് വിക്രം ചോപ്ര എന്ന യുവാവ് തന്റെ ഹ്യൂണ്ടായ് ആക്‌സന്റ് കാര്‍ വില്‍ക്കാന്‍ ശ്രമിച്ചത്. യൂസഡ് കാര്‍ വില്‍പ്പനയുടെ പ്രശ്‌നം അപ്പോഴാണ് അദ്ദേഹം അറിയുന്നത്. വില്‍പ്പന നടന്നില്ല. കാര്‍ സുഹൃത്തിന് കൊടുത്ത് ഒഴിവാക്കി. പക്ഷേ ആ അനുഭവത്തില്‍ നിന്ന് ഒരു ബിസിനസ് ആശയം വിക്രം ചോപ്ര സൃഷ്ടിച്ചു. അതാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും പുതിയ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായ (മൂല്യം നൂറ് കോടി ഡോളറിലെത്തുന്ന സ്റ്റാര്‍ട്ടപ്പ്) കാര്‍സ് 24.

കാര്‍സ്24 ന്റെ പുതിയ റൗണ്ട് ഫണ്ടിംഗില്‍ റഷ്യന്‍ വംശജനായ ശതകോടീശ്വരന്‍ യൂറി മില്‍നര്‍ നേതൃത്വം നല്‍കുന്ന ഡിഎസ്ടി ഗ്ലോബല്‍ 200 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിയതോടെയാണ് കാര്‍സ്24 ഇന്ത്യയുടെ യൂണികോള്‍ സ്റ്റാര്‍ട്ടപ്പ് നിരയിലേക്ക് കുതിച്ചുയര്‍ന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതുഗതാഗത മാര്‍ഗങ്ങള്‍ പരമാവധി ഒഴിവാക്കി യാത്ര ചെയ്യാനുള്ള ജനങ്ങളുടെ താല്‍പ്പര്യം രാജ്യത്തെ യൂസ്ഡ് കാര്‍ വിപണിക്ക് ഗുണമായിട്ടുണ്ട്. ഇതാണ് കാര്‍സ്24 പോലുള്ള ഓണ്‍ലൈന്‍ കമ്പനികള്‍ക്കും നേട്ടമായത്. യൂസ്ഡ് കാര്‍ മേഖലയില്‍ നിന്ന് യൂണികോണ്‍ നേട്ടം കൊയ്യുന്ന ആദ്യ സ്റ്റാര്‍ട്ടപ്പാണ് കാര്‍സ്24.

ഈ വര്‍ഷം കാര്‍സ്24ന്റെ മൂല്യത്തില്‍ രണ്ടുമടങ്ങിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. റേസര്‍പേ, സെറോദ, പോസ്റ്റ്മാന്‍, നൈക, ഫസ്റ്റ് ക്രൈ, പൈന്‍ ലാബ്‌സ് എന്നിവയാണ് ഈ വര്‍ഷം യൂണികോണ്‍ നേട്ടം കരസ്ഥമാക്കിയ മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍. മെഹുല്‍ അഗര്‍വാളിനൊപ്പം ചേര്‍ന്ന് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ സെക്വയ കാപ്പിറ്റലില്‍ കരിയര്‍ ആരംഭിച്ച വിക്രം ചോപ്ര സ്ഥാപിച്ചിരിക്കുന്ന കാര്‍സ് 24 ന്റെ വില്‍പ്പന കോവിഡ് വന്നതിന് ശേഷം 20 ശതമാനത്തോളം ഉയര്‍ന്നുവെന്നാണ് അവകാശപ്പെടുന്നത്. പ്രതിമാസം 15,000 ത്തോളം കാറുകള്‍ കാര്‍സ്24 ലൂടെ വില്‍ക്കപ്പെടുന്നുണ്ടെന്ന് കമ്പനി പറയുന്നു.

ഗുര്‍ഗോണ്‍ ആസ്ഥാനമായുള്ള കമ്പനിയുടെ ഫിനാന്‍സിംഗ് ബിസിനസ് വിഭാഗത്തിന് കഴിഞ്ഞ വര്‍ഷം എന്‍ബിഎഫ്‌സി ലൈസന്‍സും ലഭിച്ചിരുന്നു.

Related Articles
Next Story
Videos
Share it