Begin typing your search above and press return to search.
കൊറിയന്‍ കമ്പനികള്‍ക്ക് കണ്ണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍, ഹ്യുണ്ടായ്ക്ക് പിന്നാലെ വരുന്നു എല്‍.ജി
സൗത്ത് കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ്ക്ക് പിന്നാലെ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് കമ്പനിയായ എല്‍.ജി ഇലക്‌ട്രോണിക്‌സും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. ഇതിനായി കഴിഞ്ഞ ദിവസം സെബിക്ക് പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. 15,000 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ഐ.പി.ഒ ആയിരിക്കുമിതെന്നാണ് കരുതുന്നത്. ഹ്യൂണ്ടായ് മോട്ടോഴ്‌സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, പേയ്ടിഎം, കോള്‍ ഇന്ത്യ എന്നിവയാണ് ഐ.പി.ഒ സമാഹരണത്തില്‍ ആദ്യ നാല് സ്ഥാനത്തുള്ളത്.
പ്രോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ മാത്രമാണ് ഐ.പി.ഒയിലുണ്ടാകുക. എല്‍.ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ പ്രമോട്ടര്‍മാരുടെ കൈവശമുള്ള 101.8 മില്യണ്‍ ഓഹരികള്‍ അതായത് മൊത്തം ഓഹരി മൂലധനത്തിന്റെ 15 ശതമാനമാണ് വിറ്റഴിക്കുക.
രണ്ടാമത്തെ സൗത്ത് കൊറിയന്‍ കമ്പനി
ഇന്ത്യയില്‍ ഐ.പി.ഒ നടത്തുന്ന രണ്ടാമത്തെ സൗത്ത് കൊറിയന്‍ കമ്പനിയാണ് എല്‍.ജി ഇലക്ട്രോണിക്‌സ്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഹ്യുണ്ടായ് മോട്ടോര്‍ പ്രാരംഭ ഓഹരി വില്‍പ്പന വഴി 27,870 കോടി രൂപ സമാഹരിച്ചത്. 2.37 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷനും ഓഹരിക്ക് ലഭിച്ചു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 21,008 കോടി രൂപയുടെ റെക്കോഡ് മറികടന്ന് ഏറ്റവും വലിയ ഐ.പി.ഒ എന്ന നേട്ടവും ഹ്യുണ്ടായ് സ്വന്തമാക്കിരുന്നു.
യു.എസ് കഴിഞ്ഞാല്‍ എല്‍.ജിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീനുകള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിവയുടെ വിപണനത്തില്‍ ഇന്ത്യയില്‍ മുന്‍ നിരക്കാരാണ്. ഡി.ആര്‍.എച്ച്.പി പ്രകാരം 2024 സാമ്പത്തിക വര്‍ഷത്തില്‍ എല്‍.ജി ഇന്ത്യയുടെ ലാഭം 12 ശതമാനം ഉയര്‍ന്ന് 1,511 കോടി രൂപയായി. വരുമാനം ഏഴ് ശതമാനം ഉയര്‍ന്ന് 21,557 കോടിയുമായി. 2024ല്‍ 1,086 കോടി രൂപയുടെ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ എല്‍.ജി ഇന്ത്യ കയറ്റുമതി ചെയ്തതായി കണക്കുകള്‍ കാണിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം വര്‍ധനയുണ്ട്.
കമ്പനിക്ക് ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം കണക്കാക്കിയാണ് ഐ.പി.ഒയ്ക്ക് ഇറങ്ങുന്നത്. കമ്പനിയുടെ ഏറ്റവും അടുത്ത എതിരാളികളിലൊന്നായ വോള്‍ട്ടാസിന്റെ നിലവിലെ വിപണി മൂല്യം 56,510 കോടി രൂപയാണ്. വോള്‍ട്ടാസന്റെ വിറ്റുവരവ് 12,481 കോടി രൂപയും ലാഭം 248 കോടി രൂപയുമാണ്.
ആന്ധ്രയില്‍ പുതിയ നിക്ഷേപം
എല്‍.ജി ഇലക്ട്രോണിക്‌സും കമ്പനിയുടെ വിതരണക്കാരും ചേര്‍ന്ന് ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ 7,000 കോടി രൂപ മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഫാക്ടറി സ്ഥാപിക്കാന്‍ സര്‍ക്കാരിന് പ്രപ്പോസല്‍ നല്‍കിയിരുന്നു. 5,000 കോടി രൂപയാണ് എല്‍.ജി നിക്ഷേപിക്കുക. ബാക്കി തുക പാര്‍ട്‌സ് വിതരണക്കാരും മുടക്കും. എയര്‍ കണ്ടീഷ്ണറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് ഷെീനുകള്‍, ടെലിവിഷനുകള്‍ എന്നിവ ഈ ഫാക്ടറിയില്‍ നിന്ന് നിര്‍മിക്കാനാണ് പദ്ധതി.
1997ലാണ് എല്‍.ജി ഇന്ത്യയില്‍ രംഗപ്രവേശനം ചെയ്യുന്നത്. നിലവില്‍ ഉത്തര്‍പ്രദേശിലെ നോയിഡയിലും പൂനെയ്ക്കടുത്ത് രഞ്ജന്‍ഗോവിലും പ്ലാന്റുകളുണ്ട്. കമ്പനിയുടെ വില്‍പ്പനയില്‍ 97-98 ശതമാനവും പ്രാദേശികമായി നിര്‍മിക്കുന്നതാണ്. 2024 ജൂണ്‍ 30 വരെയുള്ള കണക്കു പ്രകാരം 777 ബ്രാന്‍ഡ് ഷോപ്പുകളാണ് എല്‍.ജി ഇന്ത്യയ്ക്ക് രാജ്യത്തുള്ളത്.
Next Story
Videos