ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി ഓഹരി ഇടപാടുകള്‍; കോടികള്‍ ലാഭം നേടിയ ജീവനക്കാരനെ പിരിച്ചുവിട്ട് എല്‍.ഐ.സി

ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി വ്യാപാര ഇടപാടുകളില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്ന ജീവനക്കാരനെ പിരിച്ചുവിട്ട് എല്‍.ഐ.സി. ഇയാള്‍ കുറ്റം ചെയ്തതായി സെബി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഒരു വര്‍ഷം മുമ്പാണ് ഓഫീസില്‍ നിന്നുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി കുടുംബാംഗങ്ങളുടെ പേരിലുള്ള ഡീമാറ്റ് അക്കൗണ്ടുകള്‍ വഴി യോഗേഷ് ഗാര്‍ഗ് എന്ന ജീവനക്കാരന്‍ ട്രേഡിംഗ് നടത്തി ലാഭമുണ്ടാക്കിയതായി കണ്ടെത്തിയത്. തുടര്‍ന്ന് സെബി ഇയാളെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു.

എല്‍.ഐ.സിയുടെ നിക്ഷേപ നീക്കങ്ങൾ മനസിലാക്കി

എല്‍.ഐ.സി ഇക്വിറ്റി ഡീലിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഗാര്‍ഗ് എല്‍.ഐ.സിയുടെ നിക്ഷേപ നീക്കങ്ങളെ കുറിച്ച് മനസിലാക്കി വ്യാപാര ഇടപാടുകള്‍ നടത്തി 2.44 കോടി രൂപയുടെ ലാഭമാണ് നേടിയത്. കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയും മരണപ്പെട്ട പിതാവിന്റെ അക്കൗണ്ട് വഴിയും 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെ ട്രേഡിംഗ് നടത്തി.
എല്‍.ഐ.സി ഓഹരികളെ ബാധിച്ചേക്കാവുന്ന ഓര്‍ഡറുകളും മറ്റും വരുമ്പോള്‍ അത് ചോര്‍ത്തുകയും അത് പ്രാബല്യത്തില്‍ വരുന്നതിനു മുമ്പായി ലാഭമെടുക്കുകയോ ഓഹരികള്‍ വാങ്ങുകയോ ചെയ്യുന്ന രീതിയാണ് ഇയാള്‍ പിന്തുടര്‍ന്നത്. ഇയാള്‍ക്കും ഇതുമായി ബന്ധപ്പെട്ട മറ്റ് നാലു കുടുംബാംഗങ്ങള്‍ക്കുമെതിരെ നിലവിലുള്ള വിലക്ക് തുടരുമെന്ന് സെബി അറിയിച്ചു. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും സെബി പറഞ്ഞിട്ടുണ്ട്.

ഫ്രണ്ട് റണ്ണിംഗ്

ഇത്തരത്തിലുള്ള തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപക സ്ഥാപനമായ എല്‍.ഐ.സി വ്യക്തമാക്കി. ഓഹരി വിപണിയില്‍ മുന്‍കൂട്ടി കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് വ്യാപാര നീക്കം നടത്തുന്നതിന് (ഫ്രണ്ട് റണ്ണിംഗ്) വിലക്കുണ്ട്. ബ്രോക്കറുകളില്‍ നിന്നോ അനലിസ്റ്റുകളില്‍ നിന്നോ ശേഖരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ട്രേഡ് ചെയ്യുന്നതിനെയാണ് ഫ്രണ്ട് റണ്ണിംഗ് എന്നു പറയുന്നത്.


Related Articles
Next Story
Videos
Share it