'ലേഡീസ് ഒണ്‍ലി' ഹൈപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിച്ച് ലുലു, ജീവനക്കാരെല്ലാം വനിതകള്‍!

എല്ലാ ജീവനക്കാരും വനിതകള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ലുലു ഗ്രൂപ്പ്. സൗദിയിലെ ജിദ്ദയില്‍ ആരംഭിച്ച പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇത്തരത്തിലെ ആദ്യത്തേതാണ്. വിഷന്‍ 2030 എന്ന സൗദി ഭരണകൂടത്തിന്റെ സ്വപ്ന പദ്ധതികളുടെ ഭാഗമാണ് ഈ ഹൈപ്പര്‍ മാര്‍ക്കറ്റും. 103 വനിതകളാണ് ഇവിടെ ജോലി ചെയ്യുന്നത്.

സൗദി ജനസംഖ്യയുടെ പകുതിയോളം വരുന്ന വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം കൂടുതല്‍ അഭിവൃദ്ധിപ്പെടുമെന്ന് ഭരണകൂടം വിഭാവനം ചെയ്യുന്നു. ഇതിന്റെ ഭാഗമാണ് വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ ലുലു പദ്ധതിയും.
ജിദ്ദയിലെ അല്‍ ജമീഅയില്‍ തുടങ്ങിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആഗോളതലത്തില്‍ ലുലുവിന്റെ 201 ാമത്തേതാണ്. സൗദിയില്‍ ലുലുവിന്റെ 20ാം സ്റ്റോര്‍ ആണിത് ഇത്. മഹാ മുഹമ്മദ് അല്‍കര്‍നിയാണ് ജനറല്‍ മാനേജര്‍. കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാലയ്ക്ക് അടുത്ത് 37000 ചതുരശ്ര അടിയിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് നിലകൊള്ളുന്നത്.
വനിതാ ജീവനക്കാര്‍ മാത്രമല്ല ഇവിടുത്തെ പ്രത്യേകത. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വനിതകള്‍ മാത്രമുള്ളിടത്ത് ഷോപ്പിംഗ് നടത്താമെന്ന പ്രത്യേകതയും ഹൈപ്പര്‍മാര്‍ക്കറ്റ് മുന്നോട്ട് വയ്ക്കുന്നു.
യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുകയാണ് തങ്ങളുടെ ശൈലിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി പറഞ്ഞു. സ്ത്രീ ശാക്തീകരണ ശ്രമങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയിലെ ലുലുവിന്റെ സ്ഥാപനങ്ങളില്‍ 3000 സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 800 പേര്‍ വനിതകളാണെന്നും അദ്ദേഹം വ്യക്തമാക്കി.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it