ആഭ്യന്തര ഡിമാന്‍ഡ് വര്‍ധന; വരും മാസങ്ങളില്‍ ഈ മേഖലയില്‍ തൊഴില്‍ സാധ്യതകളേറെ
ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കൂടുതല്‍ ആളുകളെ നിയമിക്കാന്‍ ഭൂരിഭാഗം നിര്‍മ്മാണ കമ്പനികളും പദ്ധതിയിടുന്നതായി ടീംലീസ് എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം വലിയ സംരംഭങ്ങള്‍ 69 ശതമാനവും തുടര്‍ന്ന് ഇടത്തരം സംരംഭങ്ങള്‍ 44 ശതമാനവും, ചെറുകിട സംരംഭങ്ങള്‍ 39 ശതമാനവും നിയമനങ്ങള്‍ നടത്തും. ഇന്ത്യയിലെ 14 നഗരങ്ങളിലായി 301 നിര്‍മാണ കമ്പനികളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.
നിര്‍മ്മാണ വിഭാഗത്തിലെ 60 ശതമാനത്തിലധികം തൊഴിലുടമകളും തങ്ങളുടെ സ്രോതസ്സുകള്‍ വികസിപ്പിക്കാനും കൂടുതല്‍ ആളുകളെ നിയമിക്കാനും ലക്ഷ്യമിടുന്നു.ഉല്‍പ്പാദന, സേവന മേഖലകളിലെ മൊത്തത്തിലുള്ള നിയമന ഉദ്ദേശ്യം മൂന്നാം പാദത്തിലെ 65 ശതമാനത്തില്‍ നിന്ന് നാലം പാദത്തില്‍ (2023 ജനുവരി- 2023 മാര്‍ച്ച്) 68 ശതമാനമായി വളര്‍ന്നു. 94 ശതമാനത്തോടെ ഒന്നാം നിര നഗരങ്ങളിലാകും കൂടുതല്‍ നിയമനം നടക്കുക. പിന്നാലെ 73 ശതമാനത്തോടെ രണ്ടാം നിര നഗരങ്ങളും 43 ശതമാനത്തോടെ മൂന്നാം നിര നഗരങ്ങളും 23 ശതമാനത്തോടെ ഗ്രാമീണ മേഖലയുമുണ്ട്.
കോവിഡ് തരംഗത്തിന് ശേഷം ആഗോള തൊഴില്‍ നിരക്ക് ഗണ്യമായി വര്‍ധിച്ചിരുന്നു. വരും പാദങ്ങളില്‍ മേഖല കൂടുതല്‍ ശക്തമായി വളരാന്‍ ഒരുങ്ങുകയാണ്. ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ ബാഹ്യ സാഹചര്യങ്ങള്‍ക്കിടയിലും ഉല്‍പ്പാദന വ്യവസായം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇത് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്നും അതുവഴി തൊഴിലവസരങ്ങളെ ഗുണപരമായി ബാധിക്കുമെന്നും ടീംലീസ് സര്‍വീസസ് ചീഫ് ബിസിനസ് ഓഫീസര്‍ മഹേഷ് ഭട്ട് പറഞ്ഞു.