മലേഷ്യക്കാര്‍ക്ക് ഓംലെറ്റ് അടിക്കാന്‍ ഇന്ത്യന്‍ മുട്ട എത്തണം, ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ച് ഹാച്ചറികള്‍

ഇന്ത്യന്‍ കോഴി മുട്ടയ്ക്ക് മലേഷ്യയില്‍ വന്‍ ഡിമാന്‍ഡ്. ഈ മാസം കയറ്റുമതി ചെയ്യുന്നത് 10 ദശലക്ഷം മുട്ടകള്‍. ഡിസംബറില്‍ ഇന്ത്യന്‍ ഹാച്ചറികള്‍ 5 ദശലക്ഷം മുട്ടകള്‍ കയറ്റുമതി ചെയ്തു. ആഭ്യന്തര ഡിമാന്‍ഡും, കയറ്റുമതി ഡിമാന്‍ഡും വര്‍ധിക്കുന്നത് കൊണ്ട് ഹാച്ചറികള്‍ 12 % ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുകയാണ്.

എന്താണ് മലേഷ്യയില്‍ ഇന്ത്യന്‍ കോഴിമുട്ടക്ക് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണം. റഷ്യ -യുക്രയ്ന്‍ യുദ്ധം തുടരുന്നത് കാരണം കോഴിത്തീറ്റ വില ഉയര്‍ന്നു. തുടര്‍ന്ന് മലേഷ്യയില്‍ മുട്ട ഉല്‍പ്പാദനം കുറഞ്ഞു. മലേഷ്യ കൂടാതെ മധ്യ കിഴക്കന്‍ രാജ്യങ്ങളായ ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യന്‍ മുട്ടയ്ക്ക് ഡിമാന്‍ഡ് ഉണ്ട്.ജനുവരി മാസം ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതി 50 ദശലക്ഷം മുട്ടകളാണ്.

കോഴിമുട്ട ഡിമാന്‍ഡ് വര്‍ധിക്കുമ്പോള്‍ നേട്ടം ഉണ്ടാക്കുന്നത് തമിഴ്‌നാട് നാമക്കലിലെ കര്‍ഷകരാണ്. ഈ മാസം ആദ്യം മലേഷ്യന്‍ കൃഷി -ഭക്ഷ്യ സുരക്ഷ മന്ത്രി മുഹമ്മദ് സാബു നാമക്കല്‍ സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി മാസം 10 ദശലക്ഷം മുട്ടകള്‍ മലേഷ്യയ്ക്ക് കയറ്റുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നവംബര്‍ മാസം മലേഷ്യയില്‍ 157 ദശലക്ഷം മുട്ടകളുടെ കുറവുണ്ടായിരുന്നു. ഡിസംബറില്‍ ഡിമാന്‍ഡിനേക്കാള്‍ ഒരു ദശലക്ഷം മുട്ടകള്‍ കുറവായിരുന്നു. കോഴിത്തീറ്റ ഉല്‍പ്പാദനത്തിന് സബ്സിഡി കൊടുത്ത് മുട്ട വ്യവസായം പൂര്‍വ സ്ഥിതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്.

പക്ഷി പനി പടരുന്നത് കൊണ്ട് പല രാജ്യങ്ങളിലും ഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്. മുട്ട കയറ്റുമതി വര്‍ധിക്കുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ മുട്ടയുടെ വില കുതിച്ചുയരുകയാണ്. സിംഗപ്പൂര്‍, ശ്രീ ലങ്ക എന്നി രാജ്യങ്ങളും ഇന്ത്യന്‍ മുട്ട വാങ്ങാന്‍ സാധ്യത ഉണ്ട്. ചോളം, സോയമീല്‍ എന്നിവയുടെ വില വര്‍ദ്ധനവ് കോഴിത്തീറ്റ വില ഇന്ത്യയിലും ഉയരാന്‍ കാരണമായിട്ടുണ്ട്. അതിനാല്‍ ഉപഭോക്താക്കള്‍ തുടര്‍ന്നും മുട്ടയുടെ വില വര്‍ദ്ധനവ് നേരിടേണ്ടി വന്നേക്കും. ഇന്ത്യന്‍ കോഴി വളര്‍ത്തല്‍ വ്യവസായത്തിന്റെ വരുമാനം 2022 -23 ല്‍ 2500 ശതകോടി രൂപയാകുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് കണക്കാക്കുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 30 % വര്‍ദ്ധനവ്.

Related Articles
Next Story
Videos
Share it