ബയോഡാറ്റയില്‍ കൂടുതല്‍ വ്യാജവിവരങ്ങള്‍ നല്‍കുന്നവര്‍ ഐടി മേഖലയില്‍ ഉള്ളവര്‍

ജോലിക്കു അപേക്ഷിക്കുന്നവരില്‍ യോഗ്യതയും പശ്ചാത്തല വിവരങ്ങളും തെറ്റായി നല്കുന്നവരില്‍ ഏറ്റവുമധികം ഐടി മേഖലയില്‍ നിന്നുള്ളവര്‍. മേല്‍വിലാസം, തൊഴില്‍ പരിചയം, വിദ്യാഭ്യാസം തുടങ്ങിയ ഉദ്യോഗാര്‍ത്ഥിയുടെ പശ്ചാത്തല വിവരങ്ങളില്‍ പൊരുത്തക്കേദുകളുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. 2020 ല്‍ മാത്രം ഐടി മേഖലയിലെ ജീവനക്കാരുടെ പശ്ചാത്തല വിവര പരിശോധനയില്‍ 16.60 ശതമാനം ജീവനക്കാരുടെ വിവരങ്ങളിലും പൊരുത്തക്കേടുകള്‍ വ്യക്തമായതായി മാനേജ്‌മെന്റ് ബിസിനസ് ഇന്റലിജന്‍സ് സ്ഥാപനമായ ഓത്ത്ബ്രിഡ്ജ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മറ്റു തൊഴില്‍മേഖലകളെ അപേക്ഷിച്ചു വളരെ കൂടുതലാണ്.12 ശതമാനം ജീവനക്കാരുടെ വിവരങ്ങളില്‍ പൊരുത്തക്കേടുകളുമായി ആരോഗ്യ സംരക്ഷണ മേഖലയാണ് രണ്ടാം സ്ഥാനത്ത്.

മൊത്തം തൊഴില്‍ മേഖലയില്‍ 8 ശതമാനം പേര്‍ തെറ്റായ വിവരങ്ങള്‍ തൊഴില്‍ അപേക്ഷകളില്‍ ഉള്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ അപേക്ഷകളില്‍ കണ്ടുവന്നിരുന്ന ഇത്തരം തെറ്റായ പ്രവണതകള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കുറഞ്ഞു വരുന്നുണ്ടായിരുന്നെങ്കിലും, ബാങ്കിംങ് ധനകാര്യ സേവന മേഖലകളില്‍ 9.76 ശതമാനവും, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ 9.65 ശതമാനവും ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തൊഴില്‍ ദാതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി ഓത്ത്ബ്രിഡ്ജ് പുറത്തുവിട്ട ആറാം വാര്‍ഷിക ട്രെന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങളെ ഉദ്ധരിച്ചുകൊണ്ട് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓത്ത്ബ്രിഡ്ജ് റിപ്പോര്‍ട്ട് പ്രകാരം 100 ല്‍ 8 തൊഴിലാളികളും തങ്ങളുടെ തൊഴില്‍ അപേക്ഷകളില്‍ കള്ളം പറയുകയോ, തെറ്റായ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നതായി വ്യക്തമാക്കുന്നു. കൂടാതെ 35 നും 39 നും ഇടയില്‍ പ്രായപരിധിയുള്ള ഉദ്യോഗാര്‍ഥികളില്‍ 9.09 ശതമാനവും മികച്ച തൊഴിലവസരങ്ങള്‍ നേടാനായി തെറ്റായ വിവരങ്ങള്‍ തൊഴില്‍ അപേക്ഷകളില്‍ ഉള്‍പ്പെടുത്തുന്നതില്‍ മുന്‍പന്തിയിലുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ഗിഗ് എക്കണോമിയില്‍ 4 മുതല്‍ 5 ശതമാനം വരെ ജീവനക്കാരുടെ വിവരങ്ങളില്‍ വ്യക്തത ഇല്ലെങ്കിലും, ഗിഗ് എക്കണോമിയെ ഇത് പ്രതികൂലമായി ബാധിക്കില്ലെന്നാണ് ഓത്ത്ബ്രിഡ്ജ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരേ പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ നിയമനങ്ങളില്‍ മുന്‍പന്തിയില്‍ എത്തുകയും, ഇവരുടെ വ്യക്തി വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ കമ്പനികള്‍ ജാഗ്രത പാലിക്കണമെന്ന് ഓത്ത്ബ്രിഡ്ജിന്റെ സ്ഥാപകനും സിഇഒ യുമായ അജയ് ട്രെഹാന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ പ്രവണത കുറഞ്ഞു വരികയാണെന്നും, ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലകളില്‍ ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ കര്‍ശന നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും, സംശയാസ്പദമായ ഉദ്യോഗാര്‍ഥികളെ ഫില്‍റ്റര്‍ ചെയ്ത് കളയണമെന്നും ട്രെഹാന്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ നിയമനങ്ങളില്‍ വേണ്ടത്ര പരിശോധനകള്‍ ഇല്ലാത്തതാണ് ഇത്തരം പ്രവണതകള്‍ കൂടാന്‍ കാരണമാകുന്നത്. ഓഫീസ് ജോലികളിലേക്കുള്ള നിയമനങ്ങള്‍ നടത്തുമ്പോള്‍ ഉദ്യോഗാര്‍ഥികളുടെ,കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വ്യക്തമാക്കുന്ന രേഖകള്‍ നിര്‍ബന്ധമായും കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ട്രേഹന്‍ കൂട്ടിച്ചേര്‍ത്തു.
ഓണ്‍ ഡിമാന്‍ഡ് മേഖലയില്‍ 2018 നും 2020 നും ഇടയില്‍ 3 ശതമാനം മുതല്‍ 19 ശതമാനം വരെയുള്ള ഇടപാടുകാരുടെ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ് പരിശോധനയില്‍ വെളിപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗാര്‍ത്ഥികള്‍ തെറ്റായി മേല്‍വിലാസം നല്‍കുന്നതിന്റെ കണക്ക് 2018 ലെ 10 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു


Related Articles

Next Story

Videos

Share it