ഇലക്ട്രിക് സണ്‍റൂഫ്; ഫൈവ് സ്റ്റാര്‍ റേറ്റിംഗ്; കൂടുതല്‍ മൈലേജ്; പുതിയ മാരുതി ഡിസയര്‍ വിപണിയില്‍

പുതിയ ലുക്കും ഉയര്‍ന്ന സൂരക്ഷാ റേറ്റിംഗും കൂടുതല്‍ മൈലേജുമായി മാരുതിയുടെ പുതിയ ഡിസയര്‍ വിപണിയിലെത്തി. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഏറെ പോപ്പുലറായ ഡിസയര്‍ ശ്രേണിയിലെ പുതിയ താരമാണ് 2025 ഡിസയര്‍ സെഡാന്‍. ഇലക്ട്രിക് സണ്‍റൂഫ് അവതരിപ്പിച്ച് വാഹന പ്രേമികളെ കൊതിപ്പിക്കാനാണ് പുതിയ മോഡല്‍ എത്തുന്നത്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ ഗ്ലോബല്‍ എന്‍.സി.എ.പിയുടെ ഫൈവ് സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിംഗുമാണ് പുതിയ മോഡലിനുള്ളത്. എന്‍.സി.എ.പിയുടെ ക്രാഷ് ടെസ്റ്റുകളില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34 ല്‍ 31.24 സ്‌കോറും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 39.20 സ്‌കോറുമാണ് നേടിയത്. ടു സ്റ്റാര്‍ റേറ്റിംഗ് ഉള്ള ഡിസയറിന്റെ മുന്‍ മോഡലുകളേക്കാള്‍ സുരക്ഷാ റേറ്റിംഗ് കൂടുതലാണ്.

കൂടുതല്‍ മൈലേജ്

നാലു വേരിയന്റുകളിലായി പെട്രോള്‍, സി.എന്‍.ജി മോഡലുകളാണ് വിപണിയിലെത്തുന്നത്. പെട്രോളിന് ലിറ്ററിന് 24 കിലോമീറ്ററും സി.എന്‍.ജിക്ക് 33 കിലോമീറ്ററുമാണ് മൈലേജ്. മൂന്നു സിലിണ്ടര്‍ സെഡ് സീരീസ് എഞ്ചിന് 80.5 ബി.എച്ച്.പി പവറാണ്. മികച്ച ഇന്ധനക്ഷമതയാണ് ഇതിന്റെ പ്രത്യേകത. യാത്രക്കാരുടെ സുരക്ഷക്കായി 6 എയര്‍ബാഗുകള്‍, ഇലക്ടോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആംഗര്‍, അഞ്ചു സീറ്റുകളിലും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുുകള്‍, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍, ആന്റി ലോക്ക് ബ്രേക്ക്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങി ആധുനിക സംവിധാനങ്ങളുമായാണ് പുതിയ മോഡലിന്റെ വരവ്.

മികച്ച ഇന്റീരിയര്‍; ഇലക്ട്രിക് സണ്‍റൂഫ്

ഡിസയര്‍ ശ്രേണിയില്‍ ഇലക്ട്രിക് സണ്‍റൂഫ് ആദ്യമായി അവതരിപ്പിക്കുന്ന മോഡല്‍ ആണിത്. അനായാസം ഉപയോഗിക്കാവുന്നതും മനോഹരവുമായ ഇന്റീരിയര്‍ സംവിധാനങ്ങളാണുള്ളത്. 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ്‌ കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, എഞ്ചിന്‍ സ്റ്റാര്‍ട്ട് ബട്ടന്‍, റിയര്‍ എ.സി വെന്റുകള്‍ എന്നിവയും മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കും. കപാരിക്കോ, ക്രോമിക്കോ എന്നിങ്ങിനെ രണ്ട് ഒപ്ഷണല്‍ ആക്‌സസറി പാക്കുകളും ലഭ്യമാണ്. സ്വകാര്യ ഉപയോഗത്തിനുള്ളതാണ് പുതിയ മോഡലുകള്‍. ഫ്‌ളീറ്റ് സര്‍വ്വീസിന് ലഭിക്കില്ല. ഇതിനായി ഡിസയര്‍ ടൂര്‍ എസ് മോഡലിന്റെ നിര്‍മാണം തുടരും.

വില 6.79 ലക്ഷം മുതല്‍

നാല് വേരിയന്റുകളിലായാണ് 2025 ഡിസയര്‍ വിപണിയിലുള്ളത്. പെട്രോള്‍ മാന്വല്‍ എല്‍.എക്‌സ്.ഐ മോഡലിന്റെ വിലയായ 6.79 ലക്ഷം രൂപയില്‍ നിന്നാണ് വിലകള്‍ തുടങ്ങുന്നത്. പെട്രോള്‍ വി.എക്‌സ്.ഐ മാന്വല്‍ (7.79 ലക്ഷം), എ.ജി.എസ് (8.24 ലക്ഷം), സെഡ്.എക്‌സ്.ഐ പെട്രോള്‍ മാന്വല്‍ (8.89 ലക്ഷം), എ.ജി.എസ് (9.34 ലക്ഷം), സെഡ്.എക്‌സ്.ഐ പ്ലസ് പെട്രോള്‍ മാന്വല്‍ (9.69 ലക്ഷം), എ.ജി.എസ് (10.14 ലക്ഷം) എന്നിങ്ങിനെയാണ് വില വരുന്നത്. സി.എന്‍.ജിയില്‍ വി.എക്‌സ്.ഐക്ക് 8.74 ലക്ഷവും സെഡ്.എക്‌സ്.ഐക്ക് 9..84 ലക്ഷവുമാണ് വില. പ്രതിമാസം 18,248 രൂപയില്‍ തുടങ്ങുന്ന സബ്ക്രിപ്ഷന്‍ പ്ലാനുകളും മാരുതി നല്‍കുന്നുണ്ട്. ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗമായി മാറിയ മാരുതി ഡിസയറിന്റെ പുതിയ മോഡല്‍ ഹുണ്ടായ്‌ ഔറ, ടാറ്റ ടിഗോര്‍, ഹോണ്ട അമേസ് എന്നീ മോഡലുകള്‍ക്ക് പുതിയ വെല്ലുവിളിയാകും. സെഡാന്‍ സെഗ്‌മെന്റില്‍ 27 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി ഡിസയറാണ് മുന്നില്‍ നില്‍ക്കുന്നത്.

Related Articles
Next Story
Videos
Share it