2020ല്‍ മാധ്യമ, വിനോദ മേഖലയുടെ വളര്‍ച്ച ഇങ്ങനെ
2020ല്‍ വളര്‍ച്ച കൈവരിക്കാനാകാതെ ഇന്ത്യന്‍ മാധ്യമ, വിനോദ മേഖല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 24 ശതമാനം ഇടിവാണ് മേഖലയിലുണ്ടായത്. ടെലിവിഷന്‍, അച്ചടി മേഖലകളെ പകര്‍ച്ചവ്യാധി ബാധിച്ചതോടെ വരുമാനം 19 ബില്യണ്‍ ഡോളര്‍ (1.38 ട്രില്യണ്‍ രൂപ) ആയി. ഡിജിറ്റല്‍ മീഡിയയും ഓണ്‍ലൈന്‍ ഗെയിമിംഗ് വിഭാഗവും മാത്രമാണ് 2020 ല്‍ വളര്‍ച്ച കൈവരിച്ചതെന്ന് ഫിക്കിയും ഇവൈയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2021 ല്‍ ഉയര്‍ന്ന വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ മാധ്യമ, വിനോദ മേഖല 2021 ല്‍ 25 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും 23.7 ബില്യണ്‍ ഡോളറില്‍ (1.73 ട്രില്യണ്‍ രൂപ) എത്തുമെന്നും പ്രതീക്ഷിക്കുന്നു. 2023 ഓടെ ഈ മേഖലയുടെ വളര്‍ച്ച 30.6 ബില്യണ്‍ ഡോളറില്‍ (2.23 ട്രില്യണ്‍) എത്തിയേക്കും. സിഎജിആറില്‍ (കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റ്) ഇത് 17 ശതമാനമാണ്.
ടെലിവിഷന്‍ മേഖല
2020ല്‍ ടെലിവിഷന്‍ മേഖലയില്‍ 13 ശതമാനം ഇടിവാണുണ്ടായത്. 787 ബില്യണില്‍ നിന്ന് 685 ബില്യണായി കുറഞ്ഞു.
എന്നാല്‍ 2023 ഓടെ ടെലിവിഷന്‍ വിഭാഗത്തിന്റെ വരുമാനം സിഎജിആറില്‍ 7 ശതമാനം വളര്‍ന്ന് 847 ബില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കഴിഞ്ഞവര്‍ഷം ഡിജിറ്റല്‍ മീഡിയ 5.5 ശതമാനം വളര്‍ന്ന് 235 ബില്യണിലെത്തി. 2023 ഓടെ സിഎജിആര്‍ 22 ശതമാനം വളര്‍ന്ന് 425 ബില്യണിലെത്തുമെന്നാണ് പ്രതീക്ഷ. ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷന്‍ 2020 ല്‍ 49 ശതമാനം ഉയര്‍ന്ന് 43.5 ബില്യണിലെത്തി.
പണമടച്ചുള്ള ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍ 2020 ല്‍ ആദ്യമായി 50 ദശലക്ഷം കവിഞ്ഞു. ഡിജിറ്റല്‍ വില്‍പ്പന ചാനലുകളില്‍ നിക്ഷേപം ത്വരിതപ്പെടുത്തിയ പരസ്യദാതാക്കള്‍ പരസ്യച്ചെലവുകള്‍ വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പരസ്യം സ്ഥിരമായി തുടര്‍ന്നവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിറ്റല്‍ അഡ്വര്‍ട്ടൈസിംഗ്
2024-25 ഓടെ ഡിജിറ്റല്‍ പരസ്യം മറ്റെല്ലാ പരസ്യ മാധ്യമങ്ങളെയും മറികടക്കും. 2020 ല്‍ മാധ്യമ, വിനോദ മേഖലകളില്‍ അതിവേഗം വളരുന്ന വിഭാഗമായി ഓണ്‍ലൈന്‍ ഗെയിമിംഗ് മാറി. 2023 ഓടെ വരുമാനം 155 ബില്യണിലെത്തുമെന്നാണ് കരുതുന്നത്. 2020 ല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് വിഭാഗം 18 ശതമാനം വര്‍ധിച്ച് 77 ബില്യണിലെത്തി.
അതേസമയം, 2020 ല്‍ അച്ചടി മേഖലയില്‍ 35 ശതമാനം ഇടിവാണ് 2020 ലുണ്ടായത്. പരസ്യത്തില്‍ 41 ശതമാനം ഇടിവും 24 ശതമാനം പ്രചാരണവും കുറഞ്ഞു.
അതേസമയം ലയന, ഏറ്റെടുക്കല്‍ ഇടപാടുകളുടെ എണ്ണം 2019 ല്‍ 64 ല്‍ നിന്ന് 2020 ല്‍ 77 ആയി ഉയര്‍ന്നെങ്കിലും, കരാര്‍ മൂല്യം 2019 ല്‍ 101 ബില്യണില്‍നിന്ന് നിന്ന് 2020 ല്‍ 68 ബില്യണായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.