എത്തിയത് ന്യൂജെന്‍ ബിസിനസ് മോഡലുമായി, ആറുമാസം കൊണ്ട് മെന്‍സ ബ്രാന്‍ഡ്‌സ് യൂണികോണ്‍

മെയ് 2021ല്‍ ആണ് മിന്ത്രയുടെ മുന്‍ സിഇഒയും മെഡ്‌ലൈഫിൻ്റെ സഹ സ്ഥാപകനുമായ ആനന്ദ് നാരായണന്‍ ബെംഗളൂരു ആസ്ഥാനമായി മെന്‍സ ബ്രാന്‍ഡ്‌സ് ആരംഭിക്കുന്നത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ യൂണീകോണായി മാറിയ സ്ഥാപനങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് മെന്‍സ .

35 മില്യണ്‍ ഡോളര്‍ പുതുതായി സമാഹരിച്ചതോടെയാണ് 1.2 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ സ്ഥാപനം ഈ വര്‍ഷത്തെ മുപ്പത്തിയേഴാം ഇന്ത്യന്‍ യൂണികോണായി മാറിയത്. ഏറ്റവും വേഗത്തില്‍ യൂണികോണായ സ്ഥാപനം എന്ന റെക്കോര്‍ഡ് അമേരിക്കന്‍ ഷോപ്പിംഗ് സൈറ്റ് ആയ ജെറ്റ്.കോമിന് സ്വന്തമാണ്. 2017 ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങിയ ജെറ്റ്.കോം നാലുമാസം കൊണ്ടാണ് യൂണികോണായത്
മെന്‍സ ബ്രാന്‍ഡ്; ഒരു Thrasio Model സംരംഭം
ത്രാസിയോ മോഡല്‍ സ്റ്റാര്‍ട്ടപ്പ് ആണ് മെന്‍സ ബ്രാന്‍ഡ്‌സ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ ബ്രാന്‍ഡുകളുമായി സഹകരിച്ച് അവരുടെ വിപണി വര്‍ധിപ്പിക്കുകയാണ് ത്രാസിയോ മോഡല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യുന്നത്. ബ്രാന്‍ഡുകളുടെ ഓഹരികള്‍ സ്വന്തമാക്കിയോ ഏറ്റെടുക്കലുകള്‍ നടത്തിക്കൊണ്ടോ ഇവര്‍ ബിസിനസില്‍ പങ്കാളികളാകും.
അപ്പാരല്‍സ്, ഹോം അപ്ലൈന്‍സസ്, പേഴ്‌സണല്‍ ബ്യൂട്ടി കെയര്‍, ഗാര്‍ഡനിംഗ്, ഫൂഡ് ബ്രാന്‍ഡുകളുമായാണ് മെന്‍സ ബ്രാന്‍ഡ്‌സ് സഹകരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 10 കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളിലെ ഭൂരിപക്ഷ ഓഹരികള്‍ മെന്‍സ സ്വന്തമാക്കിയിരുന്നു.
സഹകരിക്കുന്ന സ്ഥാപനങ്ങളുടെ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, വിതരണം, ടെക്‌നോളജി, വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ സാന്നിധ്യം തുടങ്ങിയ മേഖലകളിലാണ് മെന്‍സ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രവര്‍ത്തന മൂലധനം, ഇന്‍വെന്ററി മാനേജ്‌മെന്റ് മേഖലകളിലും മെന്‍സ ഇവരെ സഹായിക്കും. ബ്രാന്‍ഡുകളുടെ വിപണി വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയാണ് മെന്‍സ ചെയ്യുന്നത്.
പുതുതായി ലഭിച്ച ഫണ്ട് സഹകരിക്കുന്ന ബ്രാന്‍ഡുകളുടെ എണ്ണം ഉയര്‍ത്താനും കമ്പനിയുടെ ടെക്ക് പ്ലാറ്റ്‌ഫോമും സേവനങ്ങളും വിപുലപ്പെടുത്താനും ഉപയോഗിക്കുമെന്ന് മെന്‍സ ബ്രാന്‍ഡ്‌സ് അറിയിച്ചു.
2018ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി തുടങ്ങിയ ത്രാസിയോ ഹോള്‍ഡിംഗ്‌സില്‍ നിന്നാണ് ത്രാസിയോ ബിസിനസ് മോഡല്‍ എന്ന പ്രയോഗത്തിൻ്റെ ഉത്ഭവം. ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തുന്ന വിവിധ ബ്രാന്‍ഡുകളുമായി സഹകരിച്ചായിരുന്നു ത്രാസിയോയുടെ തുടക്കം.



Related Articles
Next Story
Videos
Share it