മെറ്റയില്‍ നിന്നും പടിയിറങ്ങിയ ഉടന്‍ സാംസംഗിനൊപ്പം ചേര്‍ന്ന് രാജീവ് അഗര്‍വാള്‍
മെറ്റയുടെ മുന്‍ പബ്ലിക് പോളിസി മേധാവി രാജീവ് അഗര്‍വാള്‍ സാംസംഗ് ഇലക്ട്രോണിക്സ് കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റില്‍ സമാനമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സാംസംഗിന്റെ ആഭ്യന്തര നയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയവും മറ്റും നടത്തുന്നത് ഇനി രാജീവ് അഗര്‍വാളാണ്. ഡിസംബറില്‍ അദ്ദേഹം ചുമതലയേല്‍ക്കും.
1993 ബാച്ചിലെ യുപി കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ ഊബര്‍ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പബ്ലിക് പോളിസി മേധാവിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് 2021 സെപ്തംബറില്‍ മെറ്റയില്‍ ചേര്‍ന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറകടക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് വാട്ട്സ്ആപ്പ് ഇന്ത്യാ മേധാവി സ്ഥാനത്തു നിന്നും അഭിജിത് ബോസ് രാജി വച്ചു. ഇതിന് പിന്നാലെ മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി സ്ഥാനത്തു നിന്നും രാജീവ് അഗര്‍വാളും രാജിവച്ചു. മറ്റു അവസരങ്ങള്‍ കണ്ടെത്താനായാണ് രാജീവ് അഗര്‍വാള്‍ കമ്പനി വിട്ടതെന്നും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുവെന്നും വാട്ട്സ്ആപ്പ് മേധാവി വില്‍ കാത്കാര്‍ട്ട് പറഞ്ഞിരുന്നു.
കമ്പനിയുടെ ഉപഭോക്തൃ-സുരക്ഷ, സ്വകാര്യത, രാജ്യത്ത് ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ പോലുള്ള കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്നതില്‍ രാജീവ് അഗര്‍വാള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇന്ത്യ മെറ്റാ പങ്കാളിത്ത ഡയറക്ടര്‍ മനീഷ് ചോപ്ര പറഞ്ഞിരുന്നു. അതേസമയം പുതിയ നേതൃമാറ്റവുമായി ബന്ധപ്പെട്ട് സാംസംഗും രാജീവ് അഗര്‍വാളും ഇതുവരെ പ്രതികരിച്ചിട്ടില്ല.