മൊബൈല്‍ കയറ്റുമതി പുതിയ ഉയരങ്ങളിലേക്ക്, കാരണം ഇന്ത്യയുടെ ഈ നീക്കം

ഇന്ത്യയില്‍നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി പുതിയ ഉയരങ്ങളിലേക്ക്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 3.16 ബില്യണ്‍ ഡോളറില്‍ നിന്ന് 75 ശതമാനം വര്‍ധിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 5.5 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഏപ്രില്‍ ഒന്നിന് ആരംഭിച്ച സ്മാര്‍ട്ട്ഫോണ്‍ പിഎല്‍ഐ സ്‌കീമാണ് ഈ മികച്ച പ്രകടനത്തിന് സഹായകമായത്.

'സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയിലെ അഭൂതപൂര്‍വമായ വര്‍ധന സര്‍ക്കാര്‍-വ്യവസായ പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ്. മൊബൈല്‍ വ്യവസായത്തില്‍ സര്‍ക്കാര്‍ അതിന്റെ കാഴ്ചപ്പാടും വിശ്വാസവും പുലര്‍ത്തി. ഞങ്ങള്‍ ആരംഭിച്ചതേയുള്ളൂ,' ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രൂ പ്രസ്താവനയില്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലെ വര്‍ധനവ് രാജ്യത്തെ മൊത്തം കയറ്റുമതി നേട്ടത്തിനും സഹായകമായിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന പ്രാഥമിക ചരക്കുകളുടെ കയറ്റുമതിയില്‍ മാത്രമാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതെങ്കില്‍ നിലവില്‍ സാങ്കേതിക രംഗത്തെ മൂല്യവര്‍ധിത, ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും രാജ്യം മുന്നിട്ടുനില്‍ക്കുകയാണ്.
സാംസങ്, ഫോക്സ്‌കോണ്‍ ഹോണ്‍ ഹായ്, റൈസിംഗ് സ്റ്റാര്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ അഞ്ച് ആഗോള കമ്പനികളും ലാവ, ഭഗവതി (മൈക്രോമാക്സ്), പാഡ്ജെറ്റ് ഇലക്ട്രോണിക്സ്, യുടിഎല്‍ നിയോലിങ്ക്സ്, ഒപ്റ്റിമസ് ഇലക്ട്രോണിക്സ് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളുമാണ് സ്മാര്‍ട്ട്ഫോണ്‍ പിഎല്‍ഐയില്‍ പങ്കാളികളായിട്ടുള്ളത്. 5 വര്‍ഷത്തെ കാലയളവില്‍, പിഎല്‍ഐ സ്‌കീമിന് കീഴിലുള്ള അംഗീകൃത കമ്പനികള്‍ മൊത്തം 10.5 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 60 ശതമാനവും കയറ്റുമതി ചെയ്യുന്നതിലൂടെ 6.5 ലക്ഷം കോടി രൂപ രാജ്യത്തേക്ക് എത്തും. ഈ കാലയളവില്‍ രാജ്യത്ത് ഏകദേശം 8 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ (2 ലക്ഷം നേരിട്ടും 6 ലക്ഷം പരോക്ഷമായും) സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it