സെബിയുടെ 25 കോടി പിഴയ്‌ക്കെതിരെ മുകേഷ് അംബാനി അപ്പീലിന്; വിശദാംശങ്ങളറിയാം

രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഓഹരി ഇടപാടില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ചുമത്തിയ പിഴയ്ക്കെതിരെ മുകേഷ് അംബാനി അപ്പീല്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.

1999-2000 മാര്‍ച്ചിലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബി നടപടിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നായിരുന്നു നോട്ടീസ്. ഇതിനെതിരെയാണ് കമ്പനിയുടെ അപ്പീല്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) 1994 ല്‍ കണ്‍വേര്‍ട്ടിബിള്‍ വാറന്റുകളുമായി ഡിബഞ്ചറുകള്‍ പുറപ്പെടുവിക്കുകയും 2000 ല്‍ വാറന്റിനെതിരെ ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. ധിരുഭായ് അംബാനി അവിഭക്ത കമ്പനിയുടെ തലവനായിരിക്കുമ്പോഴായിരുന്നു ഇത്.

ഇതില്‍ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് സെബി 2011 ഫെബ്രുവരിയില്‍ (ഓഹരികള്‍ ഏറ്റെടുത്ത് 11 വര്‍ഷത്തിലേറെയായപ്പോള്‍) അന്നത്തെ പ്രൊമോട്ടര്‍, പ്രൊമോട്ടര്‍ ഗ്രൂപ്പിന് (2000 ലെ) ഒരു ഷോ കോസ് (കാരണം കാണിക്കല്‍) നോട്ടീസ് നല്‍കിയിരുന്നതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഫയലിംഗില്‍ വ്യാഴാഴ്ച പറഞ്ഞു.

ആ കാരണം കാണിക്കല്‍ നോട്ടീസ് 21 വര്‍ഷത്തിനുശേഷം പിഴ ഈടാക്കുന്ന കുറ്റത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പിതാവിന്റെ മരണശേഷം 2002 ല്‍ കമ്പനി മുകേഷ് അംബാനിയും അനില്‍ അംബാനിയും വിഭജിച്ചിരുന്നു. എന്നാല്‍ അന്നത്തെ പ്രൊമോട്ടര്‍മാര്‍ക്കും പ്രൊമോട്ടര്‍ ഗ്രൂപ്പിനുമാണ് ഇപ്പോള്‍ പിഴ ചുമത്തിയിട്ടുള്ളത്.

അതേസമയം ഏറ്റെടുക്കലില്‍ സെബി ടേക്ക്ഓവര്‍ റെഗുലേഷന്‍ 11 (1) ലംഘിച്ചിട്ടില്ലെന്നും അവ ബാധകമായ നിയമങ്ങള്‍ പാലിച്ചാണ് നടത്തിയതെന്നും പ്രൊമോട്ടറും പ്രൊമോട്ടര്‍ ഗ്രൂപ്പും ആര്‍ഐഎലിനെ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിന് ഒരു അപ്പീല്‍ നല്‍കാനാണ് കമ്പനി ഒരുങ്ങുന്നത് എന്നും ഫയലിംഗില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് നിലനില്‍ക്കുന്ന ഏറ്റെടുക്കല്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാര്‍ പരാജയപ്പെടുന്നവെന്നാണ് സെബിയുടെ കണ്ടെത്തല്‍. സെബിയുടെ അറിയിപ്പ് ലഭിച്ച് 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബിയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it