അംബാനിയുടെ അടുത്ത വലിയ ഡിസ്‌റപ്ഷൻ; ഒരുക്കങ്ങൾ തുടങ്ങി
രാജ്യത്തെ രണ്ട് വലിയ കേബിൾ ടിവി, ബ്രോഡ്ബാൻഡ് സേവന ദാതാക്കളുടെ ഓഹരി വാങ്ങാനുള്ള ചർച്ചയിലാണ് റിലയൻസ്
രാജ്യത്തെ ഏറ്റവും വലിയ കേബിൾ ടിവി, ബ്രോഡ്ബാൻഡ് ശൃംഖലകളുള്ള രണ്ട് കമ്പനികളിലെ ഓഹരി വാങ്ങാനുള്ള ഒരുക്കത്തിലാണ് മുകേഷ് അംബാനിയുടെ റിലയൻസ്.
ഹാത്ത് വേ കേബിൾ ആൻഡ് ഡേറ്റകോം ലിമിറ്റഡ്, ഡെൻ നെറ്റ് വർക്‌സ് എന്നീ രണ്ട് കമ്പനികളുമായാണ് ഏറ്റെടുക്കൽ ചർച്ച നടക്കുന്നത്. രണ്ട് കമ്പനികളിലും 25 ശതമാനത്തിലധികം ഓഹരികൾ വാങ്ങാനാണ് റിലയൻസ് പദ്ധതിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മുകേഷ് അംബാനിയുടെ അതിവേഗ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ശൃംഖലയെന്ന (ജിയോ ജിഗാ ഫൈബര്‍) സ്വപ്ന പദ്ധതി സക്ഷാത്കരിക്കാനാണ് ഈ ഏറ്റെടുക്കൽ.
രണ്ട് കമ്പനികളും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ വിവരമനുസരിച്ച് ഒക്ടോബർ 17ന് ഇത് സംബന്ധിച്ച ചർച്ച നടത്താൻ ബോർഡ് മീറ്റിംഗുകൾ വിളിച്ചിട്ടുണ്ട്.
രഹേജ ഗ്രൂപ്പിന്റേതാണ് ഹാത്ത് വേ കേബിൾ. സമീർ മൻചന്ദയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഡെൻ നെറ്റ് വർക്സ്.
എന്താണ് ജിയോ ജിഗാ ഫൈബര്‍?
- ഒരു ഫൈബര്‍-ടു-ഹോം വയേര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവനമാണ് ജിയോ ജിഗാ-ഫൈബര്‍. വീടുകള്‍, വ്യാപരികള്‍, എസ്എംഇകള്‍, വലിയ കോര്‍പറേറ്റുകള്‍ എന്നിവര്‍ക്ക് ഫൈബര്‍ മുഖേനയുള്ള അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്കാന്‍ പോന്നതാണ് ജിയോ ജിഗാ-ഫൈബര്‍.
- ജിയോ ഫൈബര്‍ കണക്റ്റിവിറ്റി ഉണ്ടെങ്കില്‍ വലിയ സ്‌ക്രീനുള്ള ടീവികളില്‍ ദൃശ്യങ്ങള്‍ അള്‍ട്രാ-എച്ച്ഡിയില്‍ കാണാം. രണ്ടിലധികള്‍ പേരുമായി വീഡിയോ കോണ്‍ഫെറെന്‍സിങ്, വോയിസ് അസിറ്റന്റ് സേവനങ്ങള്‍, വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിംഗ്, ഡിജിറ്റല്‍ ഷോപ്പിംഗ് എന്നിവ ഏറ്റവും വേഗത്തില്‍ വ്യക്തതയോടും കൂടി വീട്ടിലിരുന്നു തന്നെ ലഭ്യമാകും.
- വലിയ കോര്‍പറേറ്റുകളുമായി മത്സരിക്കാന്‍ ചെറുകിട ബിസിനസുകാര്‍ക്ക് (എസ്എംഇ) ഈ സേവനം ഉപകാരപ്പെടും. വന്‍ കമ്പനികള്‍ക്കാകട്ടെ ഇത് ലോകോത്തര ബിസിനസുകളോട് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ സഹായിക്കും.
- ജിയോ ജിഗാ-ഫൈബര്‍ വരുന്നതോടെ പുതിയ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും തടസ്സങ്ങളില്ലാതെ കൈകാര്യം ചെയ്യാനാകും എന്നതുകൊണ്ടാണിത്.
- എംബിപിഎസിന്റെ കാലം കഴിഞ്ഞു ഇനി ജിബിപിഎസിന്റെ കാലമാണെന്നാണ് ജിയോ ഫൈബര്‍ അവതരിപ്പിച്ചു കൊണ്ട് ഇഷ അംബാനി പറഞ്ഞത്. ഐഒടി പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാകുമെന്നാണ് ആകാശ് അംബാനി അഭിപ്രായപ്പെട്ടത്.