പുതിയ നീക്കവുമായി മൈലാബ്, സ്വന്തമാക്കിയത് ഈ ഹെല്‍ത്ത് ടെക്കിന്റെ ഭൂരിഭാഗം ഓഹരികള്‍

രാജ്യത്തെ പ്രമുഖ ബയോടെക്ക് കമ്പനിയായ മൈലാബ്, ഹെല്‍ത്ത് ടെക്ക് കമ്പനിയായ സാന്‍സ്‌ക്രിടെക്കിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. എന്നാല്‍ എത്ര തുകയ്ക്കാണ് ഓഹരികള്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എടിഎം കിയോസ്‌കിന്റെ വലുപ്പത്തില്‍ 'സ്വയം' എന്നപേരില്‍ ചെറിയ ലാബുകള്‍ ഒരുക്കി പോര്‍ട്ടബിള്‍ ഡയഗ്‌നോസ്റ്റിക് ആന്‍ഡ് ടെലി മെഡിസിന്‍ പോയിന്റ് ഓഫ് കെയര്‍ (പിഒസി) സംവിധാനത്തിന് പുതിയ മാതൃകകള്‍ സൃഷ്ടിച്ച ഹെല്‍ത്ത് ടെക്ക് കമ്പനിയാണ് സാന്‍സ്‌ക്രിടെക്ക്.

''കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. വികേന്ദ്രീകൃത പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മനസിലായി. പോര്‍ട്ടബിള്‍ ഡയഗ്‌നോസ്റ്റിക് ആന്‍ഡ് ടെലി മെഡിസിന്‍ പോയിന്റ് ഓഫ് കെയര്‍ ഈ രംഗത്ത് ഒരു ഗെയിം-ചേഞ്ചര്‍ ആയിരിക്കും,'' മൈലാബ് മാനേജിംഗ് ഡയറക്ടര്‍ ഹസ്മുഖ് റാവല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മോണിക്യുലാര്‍, സെറോളജിക്കല്‍, ഇമ്മ്യൂണോളജി ടെസ്റ്റിംഗ് സൊല്യൂഷന്‍സ്, ഡയഗ്‌നോസ്റ്റിക്‌സ് ഉപകരണങ്ങള്‍, മയക്കുമരുന്ന് കണ്ടെത്തല്‍, ബയോമെഡിക്കല്‍ ഗവേഷണം എന്നിവയിലാണ് മൈലാബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ഓഹരി കൈമാറ്റത്തോടെ, സാന്‍സ്‌ക്രിടെക്കിന്റെ എല്ലാ പണമിടപാടുകളും പ്രവര്‍ത്തനങ്ങളും മൈലാബിന്റെ നേതൃത്വത്തിലായിരിക്കും. മൈലാബിന്റെ കീഴില്‍ ഒരു പ്രത്യേക സ്ഥാപനമായായിരിക്കും സാന്‍സ്‌ക്രിടെക്ക് തുടരുക. ഇതിന് കീഴില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 1,000 ലധികം പിഒസി സംവിധാനങ്ങള്‍ സ്ഥാപിക്കാനും 2021 നവംബര്‍ മുതല്‍ ലാബ് പങ്കാളികളുമായി ഈ സംവിധാനങ്ങള്‍ വിന്യസിക്കാനും മൈലാബ് പദ്ധതിയിടുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it