'നബാര്‍ഡിന്റെ ലക്ഷ്യം ടെക്‌നോളജി ഉള്‍ച്ചേര്‍ത്ത് ഗ്രാമീണ ഇന്ത്യയുടെ വികസനം'

കാലം മാറുകയാണ്. പരമ്പരാഗത കൃഷി രീതികളും കാഴ്ചപ്പാടുകളും തുടര്‍ന്നു പുലര്‍ത്തിയാല്‍ ഇന്ത്യന്‍ ഗ്രാമീണന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാകും. ഈ ഘട്ടത്തില്‍ അത്യാധുനിക ടെക്‌നോളജികളെ സാധാരണക്കാരനിലേക്ക് എത്തിച്ച് അവന്റെ വരുമാനവും ജീവിതവും മെച്ചപ്പെടുത്താനുള്ള തിവ്ര പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് നബാര്‍ഡ്.

നബാര്‍ഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ പദവിയില്‍ ഒരു മലയാളിയുണ്ട്, ഷാജി കെ വി. ഇന്ത്യയിലെ ഏറ്റവും വലിയ റീജീയണല്‍ റൂറല്‍ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന ഷാജി, കാനറാ ബാങ്കില്‍ കാല്‍ നൂറ്റാണ്ടിലേറെക്കാലം നിരവധി റോളുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കനറാ ബാങ്ക് - സിന്‍ഡിക്കേറ്റ് ബാങ്ക് ലയനത്തില്‍ നിര്‍ണായ പങ്ക് വഹിച്ചിട്ടുള്ള ഈ ബാങ്കിംഗ് പ്രൊഫഷണല്‍ ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നബാര്‍ഡ് ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതികളും അത് തുറന്നിടുന്ന ബിസിനസ് അവസരങ്ങളും വിശദീകരിക്കുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

1. ഗ്രാമീണ ഭാരതത്തിന്റെ വികസനമാണല്ലോ നബാര്‍ഡിന്റെ മുഖ്യ ലക്ഷ്യം. കോവിഡും അതിനെ തുടര്‍ന്നുള്ള പ്രതിസന്ധികളും അടിമുടി ഉലച്ചിരിക്കുന്ന ഗ്രാമീണ സമൂഹത്തെ സഹായിക്കാന്‍ നബാര്‍ഡ് അവതരിപ്പിച്ചിരിക്കുന്ന പദ്ധതികളെന്തൊക്കെയാണ്?

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാവാന്‍ വേണ്ടി നബാര്‍ഡ് നിരവധി പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. റീഫിനാന്‍സ്, ഗ്രാമീണ പശ്ചാത്തല സൗകര്യ വികസനം, മൈക്രോ ഫിനാന്‍സ് ആന്‍ഡ് ഇ- ശക്തി, നൈപുണ്യ വികസനം എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കായി സമഗ്രമായ പദ്ധതികളാണ് നബാര്‍ഡ് നടപ്പാക്കിയത്.

ഇവയൊന്ന് ചുരുക്കി പറയാം. ആദ്യമായി റീഫിനാന്‍സ് രംഗത്തെ ഇടപെടല്‍ വിശദീകരിക്കാം.
$ സ്‌പെഷല്‍ ലിക്വിഡിറ്റി ഫസിലിറ്റി: സഹകരണ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കാന്‍ പണം ലഭ്യമാക്കുന്നതിനായി 25000 കോടി രൂപയാണ് സ്‌പെഷല്‍ ലിക്വിഡിറ്റി അസിസ്റ്റന്‍സായി വിതരണം ചെയ്തത്. ഇതില്‍ 16,300 കോടി രൂപ സഹകരണ ബാങ്കുകള്‍ക്കും 2000 കോടി രൂപ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും 6700 കോടി രൂപ ആര്‍ആര്‍ബികള്‍ക്കുമായാണ് വകയിരുത്തിയത്. ഇതിനു പുറമേ 500 കോടി വരെ ആസ്തിയുള്ള എന്‍ബിഎഫ്‌സികള്‍ക്കും എന്‍ബിഎഫ്‌സി - എംഎഫ്‌ഐകള്‍ക്കും അഡീഷണല്‍ സ്‌പെഷല്‍ ലിക്വിഡിറ്റി ഫെസിലിറ്റിയായി 5000 കോടി രൂപ റിസര്‍വ് ബാങ്ക് വകയിരുത്തുകയും ചെയ്തു.

ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് വായ്പ ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് കോവിഡ് കാലത്തെ പ്രത്യേക പദ്ധതികള്‍ക്ക് നബാര്‍ഡ് രൂപം നല്‍കിയത്.

$സ്‌പെഷല്‍ എല്‍ടി റീഫിനാന്‍സ് സ്‌കീംസ്: രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഗ്രാമീണ മേഖലയിലേക്ക് തൊഴിലാളികളുടെ തിരിച്ചൊഴുക്കുണ്ടായിരുന്നു. ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ഒപ്പം കാര്‍ഷിക, ഗ്രാമീണ മേഖലയെ ശ്ക്തിപ്പെടുത്താനും വേണ്ടി നാല് സ്‌പെഷല്‍ റീ ഫിനാന്‍സ് സ്‌കീമുകള്‍ അവതരിപ്പിച്ചു.

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളില്‍ മള്‍ട്ടി സര്‍വീസ് സൊസൈറ്റികളായി മാറാന്‍ കെല്‍പ്പുള്ളവയെ മൂന്നുവര്‍ഷം കൊണ്ട് ആ തലത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ടി മികവുറ്റ പശ്ചാത്തല സൗകര്യവും സംഘങ്ങളിലെ അംഗങ്ങള്‍ക്കുവേണ്ടി കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുമായി സ്‌പെഷല്‍ ലോംഗ് ടേം റീഫിനാന്‍സ് സ്‌കീമാണ് ഒന്ന്. മൂന്നുവര്‍ഷം കൊണ്ട് 35,000 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ മാറ്റിയെടുക്കയാണ് നബാര്‍ഡിന്റെ ലക്ഷ്യം.

നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്താനും ഗ്രാമങ്ങളുടെ സുസ്ഥിര വികസനം ഉറപ്പാക്കാനുമുള്ള വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് പ്രോത്സാഹനം നല്‍കാനായുള്ള സ്‌പെഷല്‍ ലോംഗ് ടേം റീഫിനാന്‍സ് സ്‌കീം ഫോര്‍ ബെനഫിഷറീസ് ഓഫ് ദി വാട്ടര്‍ഷെഡ് ആന്‍ഡ് വാഡി പ്രോജക്റ്റ് ഏരിയ ആണ് രണ്ടാമത്തെ പദ്ധതി.

സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കുന്നതിനായും വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍ (WASH) പദ്ധതിക്കായുമാണ് മറ്റ് സ്‌പെഷല്‍ സ്‌കീമുകള്‍.

ഗ്രാമീണ പശ്ചാത്തല സൗകര്യ വികസന രംഗത്ത് നടപ്പാക്കുന്ന പദ്ധതികളുടെ അനുമതികള്‍ ലഭിക്കാനുള്ള അന്തിമസമയപരിധി ഒരു മാസം മുതല്‍ മൂന്നുമാസം വരെ നീട്ടി നല്‍കുകയുണ്ടായി. അതുപോലെ തന്നെ പദ്ധതി നടപ്പാക്കാനുള്ള സമയപരിധിയും ദീര്‍ഘിപ്പിച്ച് കൊടുത്തിട്ടുണ്ട്.

സ്വാശ്രയ സഹകരണ സംഘം അംഗങ്ങള്‍ക്ക് 40 ലക്ഷം ആരോഗ്യപരിരക്ഷാ സംബന്ധമായ എസ് എം എസുകള്‍ അയക്കാന്‍ ഇ ശക്തി പോര്‍ട്ടല്‍ ഉപയോഗിച്ചു. മാത്രമല്ല, ഇ ശക്തി പോര്‍ട്ടലിന് കീഴിലുള്ള എസ് എച്ച് ജികള്‍ ഫേസ് മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍, പിപിഇ കിറ്റ് എന്നിവയുടെ നിര്‍മാണത്തിലും അവശ്യവസ്തുക്കളടങ്ങിയ കിറ്റുകളുടെ വിതരണത്തിലും പങ്കാളികളായി അധിക വരുമാനം നേടുകയും ചെയ്തു.

കോവിഡ് കാലത്ത് ബാങ്കിംഗ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായി 148 മൊബീല്‍ വാനുകള്‍ ഫലപ്രദമായി വിന്യസിച്ചു.

നഗരങ്ങളിലെ തൊഴില്‍ നഷ്ടപ്പെട്ട് ഗ്രാമങ്ങളിലേക്ക് തിരിച്ചൊഴുകിയവര്‍ക്ക് ഉപജീവനമാര്‍ഗത്തിനായി ഹ്രസ്വകാല നൈപുണ്യ വികസന പദ്ധതികള്‍ക്ക് പിന്തുണ നല്‍കാനുള്ള സംവിധാനവും നബാര്‍ഡ് ആവിഷ്‌കരിച്ചു. ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗ്രാമങ്ങളില്‍ തിരികെയെത്തിവരെ റീ സ്‌കില്‍ ചെയ്യുന്നതിനും അതിവേഗം തൊഴില്‍ ലഭ്യമാക്കുന്നതിനും വേണ്ടി മെഗാ പദ്ധതികളും അവതരിപ്പിച്ചു. ഗ്രാമീണ മേഖലയിലെ യുവാക്കള്‍ക്ക് മെക്കട്രോണിക്‌സ്, വെല്‍ഡിംഗ്, റെഫ്രിജറേഷന്‍ തുടങ്ങിയ പുതുതലമുറ നൈപുണ്യവികസനത്തിനായി എന്‍ എസ് ഡി സിയുമായി നബാര്‍ഡ് പങ്കാളിത്തത്തിലായി.

ഗ്രാമീണ മേഖലയിലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭിക്കാനും കേടായി പോകാതിരിക്കാനുള്ള കോള്‍ഡ് സ്‌റ്റോറേജ് സൗകര്യം ഒരുക്കാനുമൊക്കെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നബാര്‍ഡ് ഇടപെടലുകള്‍ നടത്തി. എസ് എച്ച് ജികളും ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകളും വഴിയുള്ള റൂറല്‍ മാര്‍ട്ടുകളിലൂടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചു.

കേരളത്തില്‍, ആലപ്പുഴയുള്ള തീര്‍ത്ഥം എസ് എച്ച് ജി, പാലക്കാട്ടെ കടമ്പഴിപ്പുറത്തെ എസ്ഒഎഫ്പിസി ലിമിറ്റഡ് എന്നിവയെല്ലാം ഇതില്‍ പങ്കാളികളായി.

2.രാജ്യമെമ്പാടും സര്‍ക്കാര്‍ ആവിഷ്‌കൃത ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നടത്തിപ്പ് രംഗത്തെ പ്രധാനികളാണ് നബാര്‍ഡ്. ഫുഡ് പാര്‍ക്കുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, വെയര്‍ ഹൗസുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍ എന്നിവയുടെ രംഗത്തെ നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?

കാര്‍ഷികോല്‍പ്പാദനം കൂട്ടാനും കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് നല്ല വില ലഭിക്കുക എന്ന ലക്ഷ്യത്തോടെ അഗ്രി വാല്യു ചെയ്ന്‍ സൃഷ്ടിക്കാനും നബാര്‍ഡ് സവിശേഷ പ്രാധാന്യം നല്‍കുന്നുണ്ട്. വെയര്‍ ഹൗസിംഗ് ഇന്‍ഫ്രസ്ട്രക്ചര്‍, ഫുഡ് പ്രോസസിംഗ് എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഭാരത സര്‍ക്കാര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഊന്നല്‍ നല്‍കുന്ന മേഖലകള്‍ കൂടിയാണിത്.

ഈ രംഗത്ത് നബാര്‍ഡ് ചെയ്യുന്ന കാര്യങ്ങളുടെ രത്‌നചുരുക്കം പറയാം. വെയര്‍ഹൗസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്, ഫുഡ് പ്രോസസിംഗ് ഫണ്ട് എന്നിങ്ങനെ രണ്ട് പദ്ധതികളുണ്ട്.

വെയര്‍ഹൗസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ കീഴിലായി, നബാര്‍ഡ് പൊതു, സ്വകാര്യ മേഖലകള്‍ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ചുവെയ്ക്കാനുള്ള വെയര്‍ഹൗസുകള്‍, ഗോഡൗണുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള സാമ്പത്തിക പിന്തുണ നല്‍കും. മാത്രമല്ല, കാര്‍ഷികോല്‍പ്പന്ന വിപണന സമിതികള്‍ക്ക് (എപിഎംസി)കള്‍ക്ക് മാര്‍ക്കറ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനുള്ള പിന്തുണയും ലഭ്യമാക്കും. 2013-14 മുതല്‍ നടപ്പാക്കപ്പെടുന്ന പദ്ധതിയാണിത്. 2020 നവംബര്‍ 30 വരെ, ഈ പദ്ധതിപ്രകാരം, 7,592 പ്രോജക്റ്റുകള്‍ക്ക് നബാര്‍ഡ് ധനസഹായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 9737 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. അതില്‍ 7048 കോടി രൂപ വിതരണം ചെയ്തിട്ടുമുണ്ട്. പദ്ധതികളില്‍ 5,102 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. അതോടെ 5.66 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കാനുള്ള സംവിധാനമാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

മാത്രമല്ല, രാജ്യത്തെ എല്ലാ വെയര്‍ഹൗസുകളുടെയും ജിയോ ടാഗിങും നബാര്‍ഡ് നടത്തുകയാണ്.

ചില സീസണുകളില്‍ ചില കാര്‍ഷികോല്‍പ്പന്നങ്ങളുടെ അധികരിച്ച സപ്ലെയും പാഴായി പോകലും നിത്യ സംഭവമാകാറുണ്ട്. അതേസമയം സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്റും കൂടുകയാണ്. ഫുഡ് പ്രോസസിംഗ് രംഗത്തിന് ഊന്നല്‍ നല്‍കിയാല്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായി പോകാതെ നോക്കാം. മാത്രമല്ല, കുറേയേറെ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും. ഇതിന്റെ ഭാഗമായാണ് ഭാരത സര്‍ക്കാര്‍ 2014-15ല്‍ ഫുഡ് പ്രോസസിംഗ് ഫണ്ട് രൂപീകരിച്ചത്.

2014-15 മുതല്‍ 2020 നവംബര്‍ 30 വരെ നബാര്‍ഡ് 12 മെഗാ ഫുഡ് പാര്‍ക്കുകള്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ 10 ആഗ്രോ പ്രോസസിംഗ് ക്ലസ്റ്റര്‍, എട്ട് ഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ എന്നിവയ്ക്കും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. 2014 - 15 മുതല്‍ ഇതിനായി 679 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതില്‍ ഇതുവരെ 371 കോടി രൂപ വിതരണം ചെയ്തിട്ടുമുണ്ട്.

3.താങ്കളുടെ നിരീക്ഷണത്തില്‍, ഗ്രാമീണ മേഖലയില്‍ ഉയര്‍ന്നുവരുന്ന ബിസിനസ് അവസരങ്ങളെന്തൊക്കെയാണ്?

നബാര്‍ഡ് നടപ്പാക്കി വരുന്ന പദ്ധതികളെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍, ഒട്ടനവധി രംഗങ്ങളില്‍ ഇപ്പോള്‍ സംരംഭകര്‍ക്ക് സര്‍ക്കാര്‍ പിന്തുണയോടെ സംരംഭം കെട്ടിപ്പടുക്കാനുള്ള സാഹചര്യമുണ്ട്. അവയില്‍ ചിലത്,

$ഒരു ലക്ഷം കോടിയുടെ അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുണ്ട്. വിളവെടുപ്പിന് ശേഷമുള്ള കാര്യങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കമ്യൂണിറ്റി ഫാമിംഗ് ആസ്തി വികസനത്തിനും പലിശ ഇളവോടെ ഇതിന് കീഴില്‍ ധനസഹായം ലഭിക്കും.

$ അനിമല്‍ ഹസ്ബന്‍ഡറി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടുമുണ്ട്. ഡയറി പ്രോസസിംഗ്, മീറ്റ് പ്രോസസിംഗ്, അനിമല്‍ ഫീഡ് പ്ലാന്റ് സ്ഥാപിക്കാന്‍ യോഗ്യരായ നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ ഇതിന്റെ കീഴില്‍ ധനസഹായം ലഭ്യമാക്കും.

്$ മത്സ്യബന്ധന മേഖലയില്‍ 55 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഭാരതസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ കീഴിലും സംരംഭങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാവുന്നതാണ്.

$ ഓപ്പറേഷന്‍ ഗ്രീന്‍സ് പദ്ധതി എല്ലാ പഴം, പച്ചക്കറികളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പഴം, പച്ചക്കറികള്‍ ആവശ്യത്തിലധികമുള്ള വിപണിയില്‍ നിന്ന് അതിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്ന വിപണിയിലേക്ക് കൊണ്ടുപോകാനുള്ള ചരക്ക് നീക്കത്തിന് 50 ശതമാനം സബ്‌സിഡി ലഭിക്കും. കോള്‍ഡ് സ്‌റ്റോറേ്ജ് ഉള്‍പ്പടെയുള്ള സ്റ്റോറേജിന് 50 ശതമാനം സബ്‌സിഡി ലഭ്യമാണ്.

$ തേനീച്ച കര്‍ഷകരെ ലക്ഷ്യമിട്ട് വാല്യു ചെയ്ന്‍ വികസനത്തിനും 500 കോടിയുടെ ബജറ്റ് വിഹിതമുണ്ട്. രണ്ടുലക്ഷം തേനീച്ച കര്‍ഷകര്‍ക്ക് വരുമാന വര്‍ധന ഉറപ്പാക്കാനും ഉപഭോക്താക്കള്‍ക്ക് നല്ല തേന്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.

$ ഔഷധ സസ്യകൃഷിക്കും സഹായം ലഭ്യമാണ്. 2.25 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഔഷധ സസ്യകൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ 4000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ഞാന്‍ ഈ പദ്ധതികളും മേഖലകളും ചൂണ്ടിക്കാട്ടിയത്, ഈ രംഗങ്ങളില്‍ അവസരമുണ്ടെന്ന് സംരംഭകര്‍ക്ക് മനസിലാക്കാന്‍ വേണ്ടിയാണ്.

4.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും കാര്‍ഷിക രംഗത്തും ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനം വര്‍ധിച്ചുവരുന്ന ഘട്ടത്തില്‍ നബാര്‍ഡ്, തങ്ങളുടെ മുന്‍ഗണനാക്രമങ്ങള്‍ മാറ്റിയിട്ടുണ്ടോ?

ആഗോളവല്‍ക്കരണം ഇന്ത്യയില്‍ ഒരുപാട് വെല്ലുവിളികള്‍ക്കൊപ്പം അവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് രാജ്യാന്തര വിപണിയിലേക്കുള്ള വാതില്‍ ഏറെ തുറന്നുകിട്ടിയതും ഇതിലൂടെയാണ്. ഇന്ത്യന്‍ കാര്‍ഷിക കയറ്റുമതി വര്‍ധിക്കുന്നുമുണ്ട്. എന്നാല്‍ സംസ്‌കരിച്ച ഭക്ഷ്യോല്‍്പ്പന്നങ്ങളുടെ കയറ്റുമതി തുലോം തുച്ഛമാണ്. അതുകൊണ്ട് ഈ രംഗത്ത് മൂല്യവര്‍ധനയ്ക്കുള്ള അവസരം ഏറെയുണ്ട്. വികസിത, എമര്‍ജിംഗ് മാര്‍ക്കറ്റുകളിലേക്ക് സംസ്‌കരിച്ച മാംസവും മറ്റുല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ വലിയ അവസരമുണ്ട്.

കോവിഡ് 19 കാലത്ത് വളര്‍ച്ച നേടിയ രംഗം കാര്‍ഷികമേഖലയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പറ്റുന്ന മാര്‍ഗം കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഭാരത സര്‍ക്കാര്‍ അഗ്രികള്‍ച്ചര്‍ എക്‌സ്‌പോര്‍ട്ട് പോളിസിക്ക് 2018-19ല്‍ രൂപം നല്‍കിയിരിക്കുന്നത്. നബാര്‍ഡ് തന്നെ സമീപകാലത്ത് ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ പല പുതിയ പദ്ധതികളും കൊണ്ടുവന്നിട്ടുണ്ട്.

5.റൂറല്‍ ബാങ്കിംഗ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായാണ് താങ്കള്‍ നബാര്‍ഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലേക്ക് എത്തിയിരിക്കുന്നത്. ഗ്രാമീണ ഭാരതത്തില്‍ പ്രകടമായ വ്യത്യാസം വരുത്താനും താങ്കളും താങ്കളുടെ ടീമും വിഭാവനം ചെയ്തിരിക്കുന്ന പുതിയ പദ്ധതികളെന്തൊക്കെയാണ്?

തീരെ കുറവ് ഭൂമി കൈവശമുള്ളവരാണ് ഇന്ത്യന്‍ കര്‍ഷകര്‍. ശരാശരി 1.08 ഹെക്ടര്‍ ഭൂമിയാണ് ഇന്ത്യന്‍ കര്‍ഷകരുടെ കൈവശമുള്ളത്. അതാണെങ്കില്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും കുറഞ്ഞും വരികയാണ്. കൃഷി ആദായകരമാകാന്‍ ഇന്നൊവേഷന്‍ അനിവാര്യമാണ്. ഇക്കാര്യത്തില്‍ ഐറ്റിക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ട്.

ഇപ്പോള്‍ തന്നെ സുസജ്ജമായ ഐസിടി ചട്ടക്കൂട് ഉള്‍ച്ചേര്‍ത്തിട്ടുള്ള ഫാം ടെക്‌നോളജികള്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്ലൗഡ്, ബിഗ് ഡാറ്റ എന്നിങ്ങനെയുള്ള പുതിയ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ത്തുള്ള ടെക്‌നോളജിക്കല്‍ ഇന്നൊവേഷന്‍ ഈ രംഗത്തുണ്ട്.

ടെക്‌നോളജി അധിഷ്ഠിത യൂണിഫൈഡ് നാഷണല്‍ ലെവല്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമായ ഇ -നാം അതിലൊന്നാണ്. വിള നിര്‍ണയം, കാര്‍ഷിക വിള ഉല്‍പ്പാദനം സംബന്ധിച്ച അനുമാനം, കാര്‍ഷിക വിളകള്‍ എത്ര ഏക്കറില്‍ എവിടെ ഒക്കെ, വിളനാശം, മണ്ണിന്റെ ആരോഗ്യം, ജലവിഭവ മാപ്പിംഗ്, കാലാവസ്ഥാ വ്യതിയാന നിരീക്ഷണം തുടങ്ങി നിരവധി രംഗങ്ങളില്‍ ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗിക്കുന്നുണ്ട്.

ഫാം എക്വിപ്‌മെന്റ് രംഗത്ത് പുതിയ ആശയം കൊണ്ടുവരാന്‍ ഫാം മെഷിനറി ഹയറിംഗിന് മൊബീല്‍ ആപ്പുണ്ട്. മാത്രമല്ല, വിളകളുടെ വിപണിയും കാലാവസ്ഥ പ്രവചനവും മണ്ണിനെ സംബന്ധിച്ച വിവരങ്ങളും എല്ലാം അറിഞ്ഞ് കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുന്ന വിധത്തിലുള്ള മൊബീല്‍ അധിഷ്ഠിത ആപ്ലിക്കേഷനുകളുമുണ്ട്.

നബാര്‍ഡ് ടീം കൂടുതല്‍ ടെക്‌നോളജി അധിഷ്ഠിത ഇടപെടലുകള്‍ നടത്തി കാര്‍ഷികോല്‍പ്പാദന രംഗത്തെ പലവിധ റിസ്‌കുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കാലാവസ്ഥ, ഭൂഗര്‍ഭ ജലം, വിത്തിനം, മണ്ണ് പരിപാലനം, കാലാവസ്ഥ മുന്നറിയിപ്പ്, വിപണി സാധ്യത എന്നിവയെ കുറിച്ചെല്ലാം വിവരങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ടെക്‌നോളജികളുണ്ട്. ഇവ കര്‍ഷകരിലേക്ക് കൂടുതല്‍ എത്തിച്ച്, അവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ പിന്തുണ നല്‍കുക എന്നതാണ് ലക്ഷ്യം.

6.താങ്കള്‍ക്ക് ഏറ്റവും സംതൃപ്തി നല്‍കിയ ഒരു പദ്ധതി നിര്‍വഹണത്തെ കുറിച്ച് പറയാമോ?

സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ച് അവയെ ബാങ്ക് ക്രെഡിറ്റുമായി ബന്ധിപ്പിച്ചതാണ് ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ ഒന്ന്. പരമ്പരാഗതമായി ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സ്വന്തമായി ആസ്തിയില്ലാത്തവരാണ്. അവര്‍ക്ക് ബാങ്ക് വായ്പ ലഭിക്കാന്‍ അതുകൊണ്ട് തന്നെ ഈടായി നല്‍കാന്‍ ഒന്നുമുണ്ടാവില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് വായ്പ നല്‍കിയാല്‍ തിരിച്ചടവ് പ്രശ്‌നമാകുമെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1992ല്‍ നബാര്‍ഡ് സ്വാശ്രയ സംഘങ്ങളുടെ രൂപീകരണത്തിന് മുന്‍കൈയെടുക്കുകയും അവയെ ബാങ്കുകളുമായി ബന്ധിപ്പിക്കുകയും ചെയ്തു. പ്രാഥമിക ഘട്ടത്തില്‍ ഉപഭോഗം അനുസരിച്ചുള്ള വായ്പകളായിരുന്നു ബാങ്കുകള്‍ നല്‍കിയത്. പിന്നീട് ബാങ്കുകള്‍ക്ക് അവയില്‍ വിശ്വാസം വരികയും സ്വാശ്രയ സംഘങ്ങളുടെ, ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കൂടി വായ്പ ലഭ്യമാക്കുകയും ചെയ്തു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഫിനാന്‍സ് പദ്ധതിയായ സെല്‍ഫ് ഹെല്‍പ് ഗ്രൂ്പ്പ് - ബാങ്ക് ലിങ്കേജ് പ്രോഗ്രോം (എസ് എച്ച് ജി - ബി എല്‍ പി) സൃഷ്ടിക്കപ്പെട്ടത് അങ്ങനെയാണ്. ഇന്ന് ഇന്ത്യയില്‍ നമുക്ക് ഒരു കോടിയിലേറെ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകളുണ്ട്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയിലേറെ വായ്പയായി ഇവയില്‍ വിതരണം ചെയ്തിരിക്കുന്നു.

2020 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം

$ 102.43 ലക്ഷം എസ് എച്ച് ജികള്‍, 12.4 കോടി ദരിദ്ര കുടുംബങ്ങള്‍ ഉള്ളവ, ബാങ്ക് എ്ക്കൗണ്ടുമായി ബന്ധിക്കപ്പെട്ടിട്ടുണ്ട്.

$ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത് 2.29 ലക്ഷം എച്ച് എച്ച് ജികള്‍

$ഇവയുടെ കിട്ടാക്കട തോത് 2019 മാര്‍ച്ച് 31ന് 4.92 ശതമാനമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it