Begin typing your search above and press return to search.
ഇ സ്‌കൂട്ടര്‍ നിര്‍മിക്കാന്‍ വന്‍ നിക്ഷേപവുമായി ഒല
ഇന്ത്യയില്‍ ഇ സ്‌കൂട്ടര്‍ നിര്‍മാണത്തിന് വന്‍ നിക്ഷേപവുമായി ഒല ഇലക്ട്രിക്. ഡച്ച് സ്റ്റാര്‍ട്ടപ്പായ ഇറ്റേര്‍ഗോയെ ഏറ്റെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ 2400 കോടി രൂപയുടെ (320 മില്യണ്‍ ഡോളര്‍) നിക്ഷേപമാണ് ഒല ഇലക്ട്രിക് നടത്താനൊരുങ്ങുന്നത്. തുടക്കത്തില്‍ പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റ് നിര്‍മാണത്തിനായുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്ന് ഒല ചെയര്‍മാനും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ഭവിഷ് അഗര്‍വാള്‍ വെളിപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ നൈപുണ്യവും പ്രതിഭയും ലോകത്തിനു മുന്നില്‍ തുറന്നിടുന്ന ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തിക്കുക എന്നതാണ് ഒലയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
ഏകദേശം പതിനായിരത്തിലേറെ പേര്‍ക്ക് ഈ ഫാക്ടറിയില്‍ തൊഴിലവസരം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
സോഫ്റ്റ് ബാങ്ക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒലയുടെ മൂല്യം കഴിഞ്ഞ 2019 മേയിലെ കണക്കു പ്രകാരം 6 ബില്യണ്‍ ഡോളറാണ്. ദശാബ്ദങ്ങളായി ഇരുചക്ര വാഹന വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ഹാറോ മോട്ടോ, ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ തുടങ്ങിയ പ്രമുഖ കമ്പനികളുമായാണ് ഒലയുടെ മത്സരം. മാത്രമല്ല, ഇ സ്‌കൂട്ടര്‍ രംഗത്തെ പ്രമുഖരായ ഏതര്‍ എനര്‍ജി, ഒകിനാവ സ്‌കൂട്ടേഴ്‌സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും മുന്നിലുണ്ട്.
ടാക്‌സി സേവനം നല്‍കുന്ന കമ്പനിയെന്ന നിലയില്‍ നിന്ന് വൈദ്യുത വാഹന നിര്‍മാതാക്കളെന്ന ലേബലിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് ഒല. 2017 ലാണ് ഗ്രൂപ്പിന് കീഴില്‍ ഒല ഇലക്ട്രിക് എന്ന സ്ഥാപനത്തിന് തുടക്കമാകുന്നത്. പെട്ടെന്നു തന്നെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളിലൊന്നായി വളര്‍ന്ന സ്ഥാപനത്തിന് ടൈഗര്‍ ഗ്ലോബല്‍, മാട്രിക്‌സ് പാര്‍ട്ടേഴ്‌സ്, സോഫ്റ്റ് ബാങ്ക് തുടങ്ങിയ ആഗോള നിക്ഷേപകരില്‍ നിന്ന് ഫണ്ട് നേടാനുമായി.
Next Story
Videos