ഓണ്‍ലൈന്‍ വഴിയുള്ള റിക്രൂട്ട്‌മെന്റ് കുറഞ്ഞു
രാജ്യത്ത് തൊഴില്‍ രഹിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നതായുള്ള കണക്കുകള്‍ പുറത്തുവരുന്നതിനിടെ, ഓണ്‍ലൈന്‍ വഴിയുള്ള ജോലി നിയമനങ്ങളിലും ഇടിവു രേഖപ്പെടുത്തുന്നതായി പ്രമുഖ ഓണ്‍ലൈന്‍ റിക്രൂട്ടിംഗ് ഏജന്‍സിയായ മോണ്‍സ്റ്റര്‍ ഡോട് കോം. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ തൊട്ടു മുമ്പുള്ള ആറ് മാസത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവുണ്ടായി.
സാമ്പത്തിക മേഖലയിലെ വിപരീത സാഹചര്യങ്ങളാണ് ഇടിവിനു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മോട്ടോര്‍ വാഹന നിര്‍മ്മാണം, അനുബന്ധ മേഖലകള്‍, ടയര്‍ വിപണന രംഗം എന്നിവയില്‍ പത്ത് ശതമാനത്തോളം ഇടിവുണ്ടായി. കാര്‍ഷിക വ്യവസായ രംഗത്ത് 51 ശതമാനവും കുറഞ്ഞു. ഡല്‍ഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം റിക്രൂട്ട്‌മെന്റ് നിരക്ക് താഴ്ന്നു.
എന്നാല്‍ 2018 ലെ ആദ്യ ആറ് മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ ആറ് മാസം 16 ശതമാനം വളര്‍ച്ചയുണ്ടായതായും മോണ്‍സ്റ്റര്‍ ഡോട് കോം പറയുന്നു. ചില്ലറ വില്‍പ്പന, ടെലികോം, പ്രൊഫഷണല്‍ രംഗം എന്നിവയിലാണ് വര്‍ദ്ധനവ് ഉണ്ടായത്. ടയര്‍ 2 നഗരങ്ങളിലും റീട്ടെയില്‍, ടെലികോം മേഖലകളും ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ഫിനാന്‍സ്, അക്കൗണ്ടിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ രംഗങ്ങളുമാണ് ഡിമാന്‍ഡ് പിടിച്ചുനിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം റിക്രൂട്ട്‌മെന്റില്‍ ഏറ്റവും കൂടുതല്‍ ഇടിവുണ്ടായ ടെലികോം രംഗം ഇപ്പോള്‍ ഭേദപ്പെട്ടുകൊണ്ടിരിക്കുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് 23 ശതമാനം റിക്രൂട്ട്‌മെന്റില്‍ വളര്‍ച്ച രേഖപ്പെടുത്തിയ കാര്‍ഷിക വ്യവസായ രംഗം ഇപ്പോള്‍ താഴേക്ക് പോയത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 51 ശതമാനമാണ് ഇടിവ്. ഇപ്പോഴത്തെ പൊതുവായ അവസ്ഥ മാറണമെങ്കില്‍ കാര്‍ഷിക രംഗത്ത് ഉണര്‍വുണ്ടാകേണ്ടതുണ്ടെന്ന് മോണ്‍സ്റ്റര്‍.കോം മേഖലാ സിഇഒ ക്രിഷ് ശേഷാദ്രി പറഞ്ഞു. അടിസ്ഥാന വ്യവസായങ്ങള്‍, വാഹന വ്യവസായം, കണ്‍സ്യൂമര്‍ ഗുഡ്‌സ്, എഫ്എംസിജി എന്നിവയിലും പുനരുജ്ജീവനം യാഥാര്‍ത്ഥ്യമായാലേ പുരോഗതി സാധ്യമാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെലികോം മേഖലയില്‍ 2018 ലെ ആദ്യ ആറ് മാസക്കാലത്ത് ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതുമൂലം രണ്ടാം അര്‍ദ്ധ വര്‍ഷത്തില്‍ ജോലിക്കാരുടെ എണ്ണം 13 ശതമാനം കുറഞ്ഞു. അതേസമയം, 2019 ലെ ആദ്യ ആറ് മാസക്കാലത്ത് ഈ മേഖല 22 ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍, ഓട്ടോമൊബൈല്‍ അനുബന്ധ വ്യവസായം 2018 ലെ രണ്ടാം അര്‍ദ്ധ വര്‍ഷം 3 ശതമാനവും 2019 ലെ ആദ്യ ആറ് മാസക്കാലത്ത് 10 ശതമാനവും പിന്നോക്കം പോയി. 2018 ലെ രണ്ടാം അര്‍ദ്ധ വര്‍ഷം സോഷ്യല്‍ സര്‍വീസ് രംഗത്ത് 25 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നെങ്കിലും 2019 ലെ രണ്ടാം അര്‍ദ്ധ വര്‍ഷം ഇത് 2 ശതമാനമായി കുറഞ്ഞു.