ഒപെക്: വീട്ടുചെലവ് ഉയര്‍ത്തുന്ന ഭീമന്മാര്‍
വിപണിയില്‍ ക്രൂഡ് ഓയ്‌ലിന്റെ ലഭ്യത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യ പ്രതിദിന എണ്ണ ഉത്പാദനത്തില്‍ 10 ലക്ഷം ബാരല്‍ കുറവു വരുത്തുന്നതായി ഞായറാഴ്ച പ്രഖ്യാപിച്ചു. തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയ്ല്‍ വില 2.5 ശതമാനം ഉയര്‍ന്നു. എണ്ണ ഉത്പാദക രാജ്യങ്ങളെ സംബന്ധിച്ച് ഇത് നല്ല കാര്യമാണ്. കാരണം മികച്ച വിലയില്‍ എണ്ണ വില്‍ക്കാന്‍ സാധിക്കും. എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പത്തില്‍പെട്ടുഴലുന്ന സാധാരണ ജനങ്ങളെ ഇത് വീണ്ടും ബുദ്ധിമുട്ടിലാക്കുകയാണ്.
ഓരോ തവണ ക്രൂഡ് ഓയ്ല്‍ വില ഇടിയാന്‍ തുടങ്ങുമ്പോഴും എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഒരുമിക്കുകയും ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്യും. ഇതുവഴി അവരുടെ ഉത്പന്നത്തിന് നല്ല വില ലഭിക്കും. ലോകത്തെല്ലായിടത്തും മധ്യവര്‍ഗത്തില്‍പെട്ടവര്‍ ഉയര്‍ന്ന ഗാര്‍ഹിക ചെലവുകള്‍ മൂലം ദുരിതത്തിലാകുന്നതില്‍ എണ്ണ വിലയ്ക്ക് മുഖ്യ പങ്കുണ്ട്. എണ്ണവില ഉയരുന്നത് ഇന്ധന വില കൂടാനിടയാക്കുമെന്നു മാത്രമല്ല വിവിധ മേഖലകളില്‍ ഇതിന്റെ അലയൊലികള്‍ ഉണ്ടാകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
സര്‍വതിലും വിലകയറ്റം
സര്‍വ സാധനങ്ങളുടേയും വില ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എണ്ണവിലയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഉദാഹരണത്തിന് പച്ചക്കറിയുടെ വിലയെടുക്കാം. ഇന്ധന വില കൂടുമ്പോള്‍ വിതരണക്കാരുടെ ഗതാഗത ചെലവുകള്‍ ഉയരും ഇതുവഴി പച്ചക്കറിയുടെ വിലയും ഉയരും.
അന്താരാഷ്ട എണ്ണവിലയില്‍ കുറവ് വന്നിരുന്നെങ്കില്‍ ഇന്ത്യയില്‍ ആഭ്യന്തര എണ്ണവില കുറയുകയും വലിയ ആശ്വാസമാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109.62 രൂപയാണ് വില. ഇതിന്റെ ഒരു പ്രധാന കാരണം ഒപെക് കൂട്ടായ്മയാണ്.
എന്താണ് ഒപെക്, ഒപെക് പ്ലസ് ?
എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയാണ് ഒപെക് (Organization of the Petroleum Exporting Countries /OPEC). ലോകത്തെ 13 പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങള്‍ ചേര്‍ന്ന് 1960ലാണ് ഒപെക്ക് സ്ഥാപിച്ചത്. ലാകത്തിലെ ക്രൂഡ് ഓയ്ല്‍ ശേഖരത്തിന്റെ 80 ശതമാനവും ഈ രാജ്യങ്ങളിലാണ്. സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, കുവൈത്ത്, ഇറാന്‍, നൈജീരിയ, ലിബിയ, അംഗോള, അള്‍ജീരിയ, വെനെസ്വല, റിപ്പബ്ലിക് ഓഫ് ദി കോംഗോ, ഗാബന്‍, ഇക്വിറ്റോറിയല്‍ ഗ്യിനിയ എന്നിവയാണ് ഒപെകില്‍ ഉള്‍പ്പെടുന്നത്. ആഗോള എണ്ണ വിതരണവും വില നിയന്ത്രണവുമാണ് സംഘടനയുടെ ലക്ഷ്യം.
ഒപെക്കിലെ തന്നെ മറ്റു 10 രാജ്യങ്ങള്‍ ചേര്‍ന്ന് കൊണ്ട് 2016-ലാണ് ഒപെക്ക് പ്ലസ് സ്ഥാപിച്ചത്. ഇതില്‍ അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബ്രൂണൈ, കസാക്കിസ്ഥാന്‍, മലേഷ്യ, മെക്സിക്കോ, ഒമാന്‍, റഷ്യ, ദക്ഷിണ സുഡാന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടും. പിന്നീട് ഒപെക്കും ഒപെക്ക് പ്ലസും ഒരുമിച്ച് ചേര്‍ന്ന് കൊണ്ട് 23 രാജ്യങ്ങളുടെ സംഘടനായി.
നിയമവിരുദ്ധം
പരസ്പരം മത്സരിക്കാതെ ഒരുമിച്ച് നിന്ന് വില നിയന്ത്രിക്കുന്നതന്ത്രമാണ് ഒപെക് മുന്നോട്ടു വയ്ക്കുന്നത്. ഒപെകിന്റെ ഈ ചട്ടക്കൂടാണ് പ്രശ്‌നമാകുന്നത്. ഇത്തരം ഒരു കൂട്ടായ്മ അല്ലെങ്കില്‍ സംഘടന വഴി വില നിശ്ചയിക്കുന്നത് ഇന്ത്യയിലും അമേരിക്ക പോലുള്ള രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ ഇത്തരമൊരു സംവിധാനത്തെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നു. ഒരു കൂട്ടായ്മ വഴി ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിക്കുകയും അതു വഴി വില ഉയര്‍ത്തുകയും ചെയ്യുന്നത് ലോകത്തെമ്പാടും പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നതാണ് വസ്തുത. അടുത്ത വര്‍ഷം പ്രതിദിന എണ്ണ ഉത്പാദനത്തില്‍ 10.5 ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് ഒപെകിന്റെ തീരുമാനം. എണ്ണ അവശ്യവസ്തുവാണ്. രാജ്യത്തെ എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും പുറത്തു നിന്നാണ് വാങ്ങുന്നത്.