കോവിഡിനെ ചെറുക്കാന്‍ ടാബ്‌ലറ്റ് സോപ്പുമായി മലയാളി സംരംഭകന്‍

കോവിഡിനെ ചെറുക്കാന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതാണ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ സുരക്ഷിതം എന്ന വസ്തുത പരക്കെ അറിവുള്ളതാണ്. എന്നാല്‍ സോപ്പു കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടാണ് ആളുകളെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. ഇതിനുള്ള പ്രതിവിധിയുമായി ഇതാ ഒരു മലയാളി സംരംഭകന്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോപ്പു നിര്‍മാതാവും കയറ്റുമതി സ്ഥാപനവുമായ ഓറിയല്‍ ഇമാറയുടെ പ്രൊമോട്ടര്‍ ജാബിര്‍ കെ സിയാണ് ഇലാരിയ എന്നു പേരിട്ട ഈ നാനോ സോപ്പ് രൂപകല്‍പ്പന ചെയ്‌തെടുത്തത്. ഒരു പ്രാവശ്യം കൈ കഴുകുന്നതിനാവശ്യമായ ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞുസോപ്പുകട്ടകളാണ് ഗുളികകള്‍പോലെതന്നെ അടര്‍ത്തിയെടുക്കാവുന്ന ബ്ലിസ്റ്റര്‍ പാക്കില്‍ എത്തിയിരിക്കുന്നത്. യാത്രകളിലും റെസ്‌റ്റോറന്റുകള്‍ പോലുള്ള പൊതുഇടങ്ങളിലെ സോപ്പ് ഡിസ്‌പെന്‍സറുകള്‍ തൊടാന്‍ മടിയുള്ളവര്‍ക്കും ഇലാരിയ നാനോ സോപ്പ് ഏറെ ഉപകാരപ്രദമാണെന്ന് ജാബിര്‍ ചൂണ്ടിക്കാണിച്ചു. ഗ്രേഡ് 1 സോപ്പ് വിഭാഗത്തില്‍പ്പെടുന്ന 76 - 80% എന്ന ഉയര്‍ന്ന ടോട്ടല്‍ ഫാറ്റി മാറ്ററാണ് (ടിഎഫ്എം) ഇലാരിയയുടേത് എന്ന സവിശേഷതയുമുണ്ട്. 20 ടാബ് ലറ്റ് സോപ്പുകളുള്‍പ്പെടുന്ന രണ്ട് സ്ട്രിപ്പുകളുടെ പാക്കറ്റിന് 30 രൂപയാണ് ചില്ലറ വില്‍പ്പനവില. കേരളത്തിലേയും കര്‍ണാടകത്തിലേയും പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഉല്‍പ്പന്നം ലഭ്യമായിക്കഴിഞ്ഞു. ഖത്തറിലേയ്ക്ക് കയറ്റുമതിയും ആരംഭിച്ചു കഴിഞ്ഞു.

ഗ്രേഡ് 1 സോപ്പുകള്‍ മാത്രം നിര്‍മിക്കുന്ന ഓറിയല്‍ ഇമാറ 2017 മുതല്‍ സോപ്പു നിര്‍മാണകയറ്റുമതി രംഗത്തുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഗവേഷണവികസന (ആര്‍&ഡി) വിഭാഗം വികസിപ്പിച്ചെടുക്കുന്ന സോപ്പുല്‍പ്പന്നങ്ങള്‍ മുംബൈയിലും ഹിമാചല്‍ പ്രദേശിലെ സോളാനിലുമുള്ള യൂണിറ്റുകളിലാണ് നിര്‍മിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it