ഓയോ: 5 വർഷം കൊണ്ട്  5 ബില്യൺ ഡോളർ മൂല്യം നേടി യൂണികോൺ ക്ലബ്ബിലേക്ക്

അവിശ്വസനീയമായ വേഗത്തിലാണ് ഓയോ റൂംസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ വളർച്ച. വെറും അഞ്ച് വർഷമേ ആയിട്ടുള്ളൂ ഓയോ തുടങ്ങിയിട്ട്. അതിനിടെ ചൈന, യു.കെ എന്ന വിദേശ രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

കഴിഞ്ഞ ദിവസം ജാപ്പനീസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സോഫ്റ്റ്ബാങ്ക് ഉൾപ്പെടെയുള്ള കമ്പനിയുടെ നിക്ഷേപകർ തങ്ങളുടെ ഫണ്ടിംഗ് ഒരു ബില്യൺ ഡോളർ ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ കമ്പനിയുടെ മൂല്യം അഞ്ചിരട്ടി ഉയർന്ന് 5 ബില്യൺ ഡോളറായി.

അങ്ങനെ ഓയോ യൂണികോൺ കമ്പനികളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. ഒരു ബില്യൻ (100 കോടി) ഡോളറിന് മുകളിൽ മൂല്യമുള്ള സ്വകാര്യ കമ്പനികളെയാണ് യൂണികോണായി കണക്കാക്കുന്നത്.

ഒരു ഹോട്ടൽ മുറി പോലും സ്വന്തമായിട്ടില്ലാത്ത ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന ഈ ഹോട്ടൽ ചെയിനിനെ പറ്റി കൂടുതലറിയാം:

  • ഒഡീഷയിലെ ബിസാംകട്ടക്ക് ഗ്രാമത്തിൽ ജനിച്ച് വളർന്ന റിതേഷ് അഗർവാൾ എന്ന 24 കാരനാണ് ഓയോ റൂംസിന്റെ സ്ഥാപകൻ. ബജറ്റ് ഹോട്ടലുകളെ ഒരു കുടക്കീഴിലെത്തിച്ചാണ് ഓയോ റൂംസ് പ്രവർത്തനം തുടങ്ങിയത്.
  • ഇപ്പോൾ ഇന്ത്യയിൽ മൊത്തം 125,000 മുറികൾ ഉണ്ട്.
  • ചൈനയിൽ പ്രവർത്തനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ അവിടത്തെ 171 നഗരങ്ങളിൽ ഓയോ സ്ഥാനമുറപ്പിച്ചു. ചൈനയിൽ ഇപ്പോൾ 87,000 മുറികളുണ്ട്.
  • ഫണ്ട് റൈസിംഗ് പ്രഖ്യാപനത്തോടെ മുൻനിര ഹോട്ടലുകളായ താജ്, ഒബറോയ് എന്നിവയെക്കാളും വിപണിമൂല്യമുള്ള കമ്പനിയായി ഓയോ മാറി.
  • പേടിഎം കഴിഞ്ഞാൽ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള സ്റ്റാർട്ടപ്പ് ഓയോ ആണ്.
  • അഞ്ച് രാജ്യങ്ങളിലായി 350 നഗരങ്ങളിൽ ഓയോ പ്രവർത്തിക്കുന്നു.
  • തെക്ക്-കിഴക്കൻ ഏഷ്യ, പടിഞ്ഞാറൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു.
  • 'ടൗൺ ഹൗസ്' എന്ന ബ്രാൻഡ് അവതരിപ്പിച്ചത് കമ്പനിയുടെ വളർച്ചയിൽ ഒരു പ്രധാന വഴിത്തിരിവായി കണക്കാക്കുന്നു.

Related Articles
Next Story
Videos
Share it