പാമോയില്‍ ഇനി വില കുറഞ്ഞ എണ്ണയല്ല, നേട്ടം സ്വന്തമാക്കാന്‍ പകരക്കാര്‍

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഭക്ഷ്യ എണ്ണ എന്ന സ്ഥാനം പാമോയിലിന് നഷ്ടമാകുന്നു. പാമോയിലിന്റെ ഉത്പാദനത്തില്‍ ഇടിവു വന്നതും പകരക്കാരായി എത്തിയ സോയ ഓയിലിന്റെ വിതരണം കൂടുതല്‍ കാര്യക്ഷമമായതുമാണ് പാമോയിലിന് തിരിച്ചടിയായത്.

2022 നവംബറില്‍ സോയെ അപേക്ഷിച്ച് ടണ്ണിന് 782 ഡോളര്‍ താഴ്ന്നിരുന്നു പാമോയില്‍ വില. നിലവില്‍ ചെറിയ വില വ്യത്യാസം മാത്രമാണുള്ളത്.
സോയ, സണ്‍ഫ്‌ളവര്‍ എന്നിവയെ അപേക്ഷിച്ച് വര്‍ഷം മുഴുവന്‍ വിളവെടുക്കാം എന്നതായിരുന്നു പാമോയിലിന്റെ വില കുറച്ചു നിറുത്തിയത്. മാത്രമല്ല വളരെ കുറച്ച് സ്ഥലത്ത് കൃഷി നടത്തി കൂടുതല്‍ വിളവു നേടാനുമാകുമായിരുന്നു.

എണ്ണപ്പന തോട്ടങ്ങളില്‍ പ്രതിസന്ധി

ഇന്‍ഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ എണ്ണപ്പനത്തോട്ടങ്ങള്‍ പ്രതിസന്ധി നേരിടുന്നതാണ് ഇപ്പോള്‍ ഉത്പാദനത്തില്‍ ഇടിവുണ്ടാക്കിയിരിക്കുന്നത്. ആഗോള വിതരണത്തിന്റെ 85 ശതമാനവും വഹിക്കുന്നത് ഈ രാജ്യങ്ങളാണ്. പുതിയ മരങ്ങള്‍ കായ്ക്കാന്‍ നാലോ അഞ്ചോ വര്‍ഷമെടുക്കുന്നതിനാല്‍ പ്രായമായ മരങ്ങള്‍ മുറിക്കാനും പുതിയവ നടാനും ചെറുിട കര്‍കര്‍ വിമുഖത കാണിക്കുന്നത് വിളവ് കുറയാനിടയാക്കുന്നു. അതേസമയം സോയ ആറു മാസം കൊണ്ട് വിളവെടുക്കാനാവും.
ഈ വര്‍ഷം പാമോയില്‍ വില 10 ശതമാനം ഉയര്‍ന്നപ്പോള്‍ യു.എസ് പോലുള്ള രാജ്യങ്ങളില്‍ വിളവെടുപ്പ് കൂടിയത് സോയ എണ്ണ വിലയില്‍ 9 ശതമനം കുറവുണ്ടാക്കി. എന്നാല്‍ ഇപ്പോഴും പാമോയിലിന്റെ സ്വീകാര്യത സോയ ഓയിലിന് ലഭിച്ചിട്ടില്ല. ഇതിന്റെ വ്യത്യസ്തമായ ചില ഗുണങ്ങളാണ് ആളുകളെ ഇതിലേക്ക് അടുപ്പിച്ചത്.

പീസ മുതല്‍ ലിപ്സ്റ്റിക് വരെ

ബിസികറ്റ് നിര്‍മാതാക്കള്‍, ഭക്ഷണശാലകള്‍ എന്നിവരാണ് പാമോയിലിന്റെ മുഖ്യ ഉപയോക്താക്കള്‍. പാമോയിലില്‍ നിന്ന് പെട്ടെന്നൊരു മാറ്റത്തിന് ഇവര്‍ തയാറായേക്കില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അതേസമയം, ഗാര്‍ഹിക ഉപയോക്താക്കള്‍ പാമോയിലിനെ വിട്ട് മറ്റ് എണ്ണകളിലേക്ക് മാറുന്നുണ്ട്.

പീസ, ഐസ്‌ക്രീം മുതല്‍ ഷാംപുവിലും ലിപ്സ്റ്റിക്കിലും വരെ പാമോയിലുകള്‍ ഉപയോഗിക്കുന്നുണ്ട്. അതേ പോലെ കന്നുകാലികള്‍ക്കുള്ള തീറ്റയിലും ഇതു ചേര്‍ക്കാറുണ്ട്. ചില രാജ്യങ്ങള്‍ ബയോ ഫ്യുവലിനായും ഇതു പയോഗിക്കുന്നു.

തീരുവ കൂടിയത് ഇറക്കുമതിയെ ബാധിച്ചു

പാമോയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അടുത്തിടെ പാമോയിലിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ ഒരു ലക്ഷം മെട്രിക് ടണ്‍ പാമോയില്‍ വാങ്ങാനുള്ള ഓര്‍ഡര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. മലേഷ്യ പാമോയില്‍ വില വര്‍ധിപ്പിച്ചതും ഇന്ത്യന്‍ ഇറക്കുമതിക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. ഓരോ മാസവും 7.5 ലക്ഷം ടണ്‍ പാമോയില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

തണുപ്പു കൂടിയ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പാമോയില്‍ വേഗം കട്ടപിടിക്കുന്നതിനാല്‍ ഉപയോഗം പൊതുവെ വളരെ കുറയാറുണ്ട്. കേരളത്തില്‍ കൂടുതലും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. വെളിച്ചെണ്ണവില കുതിച്ചു കയറുമ്പോള്‍ പാമോയിലാണ് അടുക്കളയിൽ പകരക്കാരനായെത്തുന്നത്.
Related Articles
Next Story
Videos
Share it