വരുന്നൂ ക്യു.ആര്‍ കോഡോടു കൂടിയ പുതിയ പാന്‍, ₹1,435 കോടിയുടെ പുതിയ പദ്ധതി ഇങ്ങനെ

നികുതിദായകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആദായ നികുതി വകുപ്പ് ആരംഭിക്കുന്ന പാന്‍ 2.0 പദ്ധതിക്ക് ഇന്നലെ കേന്ദ്ര സര്‍ക്കാർ അംഗീകാരം നൽകി. പാന്‍ കാര്‍ഡിനെ പൊതു തിരിച്ചറിയല്‍ രേഖയാക്കി മാറ്റുന്ന പദ്ധതിക്ക് 1,435 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉടനീളം ഒരു ഏകീകൃത പാന്‍ അധിഷ്ഠിത സംവിധാനം സ്ഥാപിക്കുന്നതാണ് പാന്‍ 2.0 പദ്ധതി.
നിലവിലെ പാന്‍കാര്‍ഡ് ഉടമകള്‍ക്ക് ക്യുആര്‍ കോഡ് അധിഷ്ഠിതമായ പാന്‍ കാര്‍ഡിലേക്ക് സൗജന്യമായി മാറാനാകുമെന്ന്
വാര്‍ത്താവിതരണ-പ്രക്ഷേപണ വകുപ്പു
മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തി.
പാന്‍ 2.0യ്ക്കായി ഒരു ഏകീകൃത പോര്‍ട്ടല്‍ ഉണ്ടാകും. പരാതികള്‍ പരിഹരിക്കുന്നതിനായിരിക്കും ഇതില്‍ മുന്‍ഗണനയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണമായും കടലാസ്‌രഹിത സംവിധാനമായാണ് ഇത് പ്രവര്‍ത്തിക്കുക.

എന്താണ് പാന്‍ 2.0?

നികുതിദായകരുടെ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ മാറ്റത്തിലേക്ക് നയിക്കുന്നതാണ് പദ്ധതി. എല്ലാ ഗവണ്‍മെന്റ് ഏജന്‍സികളുടേയും ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കായുള്ള ഒരു പൊതു തിരിച്ചറിയല്‍ രേഖയാണ് പാന്‍ 2.0.
നിലവിലെ പാന്‍/ടാന്‍ 1.0 എന്നിവയുടെ തുടര്‍ച്ചയായിരിക്കുമിത്. വിവരങ്ങളുടെ സ്ഥിര ഉറപ്പാക്കല്‍, ചെലവ് ചുരുക്കല്‍, കൂടുതല്‍ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പുതിയ പാന്‍ കാര്‍ഡിനായി നിലവിലെ പാന്‍ നമ്പര്‍ മാറ്റേണ്ടി വരില്ല. ക്യു.ആര്‍ കോഡ് ഫീച്ചറോടുകൂടിയ പുതിയ പാന്‍ കാര്‍ഡ് ആണ് ലഭിക്കുക. ക്യു.ആര്‍ കോഡ് കൂടാതെ മറ്റ് ചില സുപ്രധാന മാറ്റങ്ങളും പാന്‍കോഡിലുണ്ടാകും.
നിലവില്‍ 78 കോടി പാന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 98 ശതമാനവും വ്യക്തികള്‍ക്കാണ്.
Related Articles
Next Story
Videos
Share it