വരുമാനം ഉയരുന്നു, പക്ഷെ പേടിഎമ്മിന്റെ നഷ്ടം 571.5 കോടി
യുപിഐ ഉള്‍പ്പടെയുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന പേടിഎം (One 97 Communications) നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ 571.5 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഒന്നാം പാദത്തെ അപേക്ഷിച്ച് 73.9 കോടിയുടെ നേരിയ കുറവ് നഷ്ടത്തില്‍ ഉണ്ടായിട്ടുണ്ട്. അതേ സമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം 98 കോടിയോളം ഉയരുകയാണ് ചെയ്തത്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ ഏകീകൃത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 76.2 ശതമാനം ഉയര്‍ന്ന് 1,914 കോടി രൂപയിലെത്തി. മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 14 ശതമാനം വര്‍ധനവുണ്ടായി. ആപ്പുവഴിയുള്ള വായ്പ വിതരണം, ബില്‍ ഇടപാടുകള്‍, മെര്‍ച്ചന്റ് സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം എന്നിവ ഉയര്‍ന്നതാണ് വരുമാനത്തില്‍ പ്രതിഫലിച്ചത്.
രണ്ടാം പാദത്തില്‍ 7,313 കോടി രൂപയുടെ വായ്പകളാണ് പേടിഎം നല്‍കിയത്. ഇന്നലെ 0.25 ശതമാനം ഉയര്‍ന്ന് 652 രൂപയിലാണ് പേയ്ടിഎം ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അതേ സമയം 2022 തുടങ്ങിയ ശേഷം പേടിഎം ഓഹരികള്‍ക്ക് ഉണ്ടായത് 51.34 ശതമാനം ഇടിവാണ്.