എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററിന്റെ അനുമതി

വായ്പാ രംഗത്തെ ഭീമനായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെയും (HDFC Ltd) എച്ച്ഡിഎഫ്സി ബാങ്കിന്റെയും (ഒDFC Bank) ലയനത്തിന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്റര്‍ പിഎഫ്ആര്‍ഡിഎയുടെ അനുമതി ലഭിച്ചതായി എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി അനുമതി നല്‍കിയുള്ള ജൂലൈ 7-ലെ കത്ത് ലഭിച്ചതായി എച്ച്ഡിഎഫ്‌സി ബാങ്ക് ഫയലിംഗില്‍ അറിയിച്ചു.

നേരത്തെ, ഏപ്രില്‍ ആദ്യത്തിലാണ് എച്ച്ഡിഎഫ്സിയുടെ പൂര്‍ണ ഉടമസ്ഥയിലുള്ള ഉപകമ്പനികളായ എച്ച്ഡിഎഫ്സി ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്നിവ എച്ച്ഡിഎഫ്സി ബാങ്കില്‍ ലയിക്കുന്നതിന് ബോര്‍ഡ് അനുമതി നല്‍കിയത്.

കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് 100 ശതമാനവും പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും, എച്ച്ഡിഎഫ്‌സിയുടെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയും സ്വന്തമാകും. എച്ച്ഡിഎഫ്‌സി ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഓരോ 25 ഓഹരികള്‍ക്കും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും.

2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ ലയനം പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഭവന വായ്പാ രംഗത്തെ വമ്പനായ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്കില്‍ ലയിക്കുമ്പോള്‍ എച്ച്ഡിഎഫ്സി ബാങ്കില്‍ ഭവന വായ്പാ പോര്‍ട്ട്‌ഫോളിയോ വലുപ്പം വന്‍തോതില്‍ കൂടും. മാത്രമല്ല കസ്റ്റമേഴ്‌സിന്റെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടാകും.

ലയനത്തിനുശേഷം, 2021 ഡിസംബറിലെ ബാലന്‍സ് ഷീറ്റ് പ്രകാരം സംയോജിത ബാലന്‍സ് ഷീറ്റ് 17.87 ലക്ഷം കോടി രൂപയും മൊത്തം ആസ്തി 3.3 ലക്ഷം കോടി രൂപയും ആയിരിക്കും. 2022 ഏപ്രില്‍ 1 വരെ, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂലധനം 8.36 ലക്ഷം കോടി രൂപയും (110 ബില്യണ്‍ യുഎസ് ഡോളര്‍) എച്ച്ഡിഎഫ്‌സിയുടേത് 4.46 ലക്ഷം കോടി രൂപയുമാണ് (യുഎസ് 59 ബില്യണ്‍).

കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ), നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി), മറ്റ് അധികാരികള്‍, കമ്പനികളുടെ ബന്ധപ്പെട്ട ഓഹരി ഉടമകള്‍, കടക്കാര്‍ എന്നിവരില്‍ നിന്നുള്ള വിവിധ നിയമപരവും നിയന്ത്രണപരവുമായ അംഗീകാരങ്ങള്‍ക്ക് വിധേയമായാണ് ലയനം നടക്കുക. നേരത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ അനുമതി എച്ച്ഡിഎഫ്‌സി നേടിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it