സെസ്റ്റ്മണിയെ ഏറ്റെടുക്കാനൊരുങ്ങി ഫോണ്‍പേ
ബൈ-നൗ പേ-ലേറ്റര്‍ സ്റ്റാര്‍ട്ടപ്പായ സെസ്റ്റ്മണിയെ (zest) ഫോണ്‍പേ (Phonepe) എറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 200-300 കോടി രൂപയുടേതാവും ഇടപാട്. കഴിഞ്ഞ സെപ്റ്റംബറില്‍ സീരീസ് സി ഫണ്ടിംഗ് ലഭിച്ച സ്റ്റാര്‍ട്ടപ്പിന്റെ വിപണി മൂല്യം 470 മില്യണ്‍ ഡോളറാണ്. 2-3 ആഴ്ചകള്‍ക്കുള്ളില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായേക്കും.
നിലവിലെ വിപണി സാഹചര്യങ്ങള്‍ ആണ് ഡീല്‍ 300 കോടി രൂപയിലേക്ക് താഴാന്‍ കാരണം. ഫണ്ടിംഗ് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി കമ്പനി വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സെസ്റ്റ്മണി. നേരത്തെ ഇതു സംബന്ധിച്ച് ഭാരത്‌പേ, പൈന്‍ ലാബ്‌സ് എന്നിവരുമായി കമ്പനി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേ രംഗത്തെത്തിയത്. എന്‍ബിഎഫ്‌സി ലൈസന്‍സുള്ള സെസ്റ്റ്മണിയെ ഏറ്റെടുക്കുന്നത് ഡിജിറ്റല്‍ വായ്പ മേഖലയില്‍ ശക്തമായ മത്സരം കാഴ്ചവെയക്കാന്‍ ഫോണ്‍പേയെ സഹായിക്കും.
നിലവില്‍ ഗൂഗിള്‍പേ, പേടിഎം, ആമസോണ്‍ പേ അടക്കമുള്ളവര്‍ ഡിജിറ്റല്‍ വായ്പ രംഗത്തുണ്ട്. ഐപിഒ ലക്ഷ്യമിടുന്ന വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫോണ്‍പേയ്ക്ക് മൂല്യവും ഇടപാടിലൂടെ ഉയരും. ടോഫ്‌ലളിന്റെ (Tofler) റിപ്പോര്‍ട്ട് അനുസരിച്ച് 2021-22 സാമ്പത്തിക വര്‍ഷം 216 ശതമാനം ഉയര്‍ന്ന് 398 കോടി രൂപയായിരുന്നു സെസ്റ്റ്മണിയുടെ നഷ്ടം. വരുമാനം 62 ശതമാനം ഉയര്‍ന്ന് 145 കോടിയിലെത്തി. ഒരുമാസം 400 കോടി രൂപവരെയാണ് സെസ്റ്റ് മണി വായ്പയായി നല്‍കുന്നത്. അതേ സമയം ഏറ്റെടുക്കലിന് ശേഷവും നിലവിലെ രീതിയില്‍ സെസ്റ്റ്മണിയുടെ പ്രവര്‍ത്തനം തുടരും. കമ്പനിയിലെ 400ഓളം ജീവനക്കാരെയും ഫോണ്‍പേയുടെ ഭാഗമാവും.