ബില്‍ഡെസ്‌ക് ഇനി പേയുവിന് സ്വന്തം: എന്തൊക്കെ നേട്ടങ്ങള്‍...

ബില്‍ഡെസ്‌കിനെ ഏറ്റെടുത്തത്തിലൂടെ, ഡിജിറ്റല്‍ പേമെന്റ് മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ നടത്തിയ പേ യുവിനെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങള്‍. ലോകത്തിന്റെ 20 ലേറെ വിപണികളില്‍ സാന്നിധ്യമുള്ള പേ യുവിനെ ആഗോളതലത്തില്‍ തന്നെ ടോട്ടല്‍ പേമെന്റ് വോള്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പേമെന്റ് പ്രൊവൈഡറായി മാറ്റുമെന്നതാണ് അതില്‍ മുഖ്യം. പ്രതിവര്‍ഷം 400 കോടി ഇടപാടുകള്‍ നടത്താന്‍ ഇനി ഈ കൂട്ടായ്മയ്ക്ക് കഴിയും.

4.7 ശതകോടി ഡോളറിനാണ് ബില്‍ഡെസ്‌കിനെ പേ യൂ വിന്റെ മാതൃകമ്പനിയായ പ്രോസസ് (Prosus) എറ്റെടുത്തത്. മൊബീല്‍ റീചാര്‍ജ്, ഡിസ്‌കൗണ്ട് കൂപ്പണ്‍സ് സേവനങ്ങള്‍ നല്‍കുന്ന ഫ്രീചാര്‍ജ് ഡോട്ട് ഇന്‍ എന്ന കമ്പനിയെ സ്‌നാപ്ഡീല്‍ 400 ദശലക്ഷം ഡോളറിന് ഏറ്റെടുത്തതായിരുന്നു ഇതു വരെയുള്ള ഏറ്റവും വലിയ ഏറ്റെടുക്കല്‍.
ബില്‍ഡെസ്‌കിന്റെ വലിയ നെറ്റ് വര്‍ക്ക് സ്വന്തമാകുമെന്നതാണ് പേ യുവിനെ സംബന്ധിച്ച മറ്റൊരു നേട്ടം. രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ബില്‍ഡെസ്‌കിന് രാജ്യത്തെ ഏതാണ്ടെല്ലാ ബാങ്കുകളുമായും മറ്റു സ്ഥാപനങ്ങളുമായും ഇടപാടുകളുണ്ട്. യുട്ടിലിറ്റി ബില്‍ പേമെന്റ്‌സ്, ഗ്യാസ് ബില്‍സ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഡിടിഎച്ച് സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയ മേഖലകളിലായി 20,000 ത്തിലേറെ സേവദനദാതാക്കള്‍ ബില്‍ഡെസ്‌ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്. ഈ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നതിലൂടെ വളരെ വേഗം ഇന്ത്യന്‍ വിപണിയില്‍ വളരാന്‍ പേയുവിന് സാധിക്കും.
ഓണ്‍ലൈനായി പേമെന്റ്‌സ് സ്വീകരിക്കുന്നതിന് ബില്‍ഡെസ്‌കിനെയാണ് വ്യാപാര മേഖല കാര്യമായി ആശ്രയിക്കുന്നത്. 170 ലേറെ പേമെന്റ് രീതികള്‍ ബില്‍ഡെസ്‌ക് അവതരിപ്പിച്ചിട്ടുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ, നെറ്റ് ബാങ്കിംഗ് തുടങ്ങി നിരവധി പേമെന്റ് രീതികള്‍ ബില്‍ഡെസ്‌ക് അനുവദിക്കുന്നു. ഓണ്‍ലൈന്‍ ഇടപാട് വര്‍ധിച്ച കോവിഡ് വ്യാപന കാലയളവില്‍ ബില്‍ഡെസ്‌ക് 100 ശതകോടി ഡോളറിന്റെ ഇടപാടിനുള്ള ശേഷി കൈവരിച്ചുവെന്നാണ് കമ്പനിയുടെ അവകാശ വാദം. ഡിജിറ്റല്‍ ഇടപാടുകള്‍ രാജ്യത്ത് കൂടി വരുന്ന സാഹചര്യത്തില്‍ ഇത് കമ്പനിക്ക് ഗുണമാകും.
അടുത്തിടെ റിസര്‍വ് ബാങ്ക് ഓട്ടോ ഡെബിറ്റ് സംവിധാനത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു. മുമ്പ് 5000 രൂപ വരെയുള്ള തുക എസ്എംഎസ് അല്ലെങ്കില്‍ ഇ മെയ്ല്‍ വഴി സ്ഥിരീകരിക്കാതെ തന്നെ ഓട്ടോ ഡെബിറ്റ് ചെയ്യാനാകുമെങ്കില്‍ ഇപ്പോഴതിന് സാധിക്കില്ല. മാത്രമല്ല, തേര്‍ഡ് പാര്‍ട്ടി പേമെന്റ് സേവനദാതാക്കള്‍ക്ക് രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ നിബന്ധന പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികളാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ചു വരുന്നത്. അതേസമയം ഇത്തരത്തിലുള്ള നിബന്ധനകള്‍ പാലിച്ച് പേമെന്റ് നടത്തുന്നതിന് സഹായിക്കുന്ന എസ് ഐ ഹബ് സൊലൂഷന്‍ എന്ന നൂതന വിദ്യ ബില്‍ഡെസ്‌ക് അവതരിപ്പിച്ച് വിജയകരമായി നടത്തി വരുന്നുണ്ട്.
ഇതും മറ്റു പേമെന്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി ബില്‍ഡെസ്‌കിന്റെ മുന്നേറ്റത്തിന് കാരണമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it