പുതിയകാല ബിസിനസിനായി പുതിയ തന്ത്രം മെനഞ്ഞ് രാകേഷ് ജുന്‍ജുന്‍വാല

'മില്ലേനിയല്‍' അഥവാ പുതു യുഗ ബിസിനസുകള്‍ക്കിടയില്‍ പുതിയ തന്ത്രം മെനഞ്ഞ് ഇന്ത്യയുടെ സ്വന്തം വാരന്‍ ബഫറ്റ് രാകേഷ് ജുന്‍ജുന്‍വാല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 'ഡിജിറ്റല്‍ തീം' ദലാല്‍ സ്ട്രീറ്റിലെ കേന്ദ്രബിന്ദുവായിക്കൊണ്ടിരിക്കുമ്പോള്‍, രാകേഷ് ജുന്‍ജുന്‍വാല പുതുയുഗ ബിസിനസുകള്‍ക്കായുള്ള ഒരു പുതിയ തന്ത്രം കണ്ടെത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ക്യാഷ്ഫ്‌ളോ തീരെ കുറഞ്ഞ പുതുയുഗ ഇന്റര്‍നെറ്റ് ബാക്ക്ഡ് കമ്പനികളോട് നേരത്തെ തന്നെ വിമുഖത പ്രകടമാക്കുന്ന ജുന്‍ജുന്‍വാല എന്നാലിപ്പോള്‍ വലിയ വിപണികളിലെ അവരുടെ സാന്നിധ്യവും മൂല്യനിര്‍ണയവുമാണ് പരിഗണിക്കുന്നത്.
ഊബറിലും മറ്റും പണമിറക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് ഫെബ്രുവരിയില്‍ മാധ്യമങ്ങളോട് പറഞ്ഞ ജുന്‍ജുന്‍വാല മൊബൈല്‍ ഗെയ്മിംഗ് പ്ലാറ്റ്‌ഫോമായ നസറയുമായി ഐപിഓയ്ക്ക് ഇറങ്ങുമ്പോള്‍ വിപണിയും ആശയക്കുഴപ്പത്തിലായി. എന്താകും ഈ ബിഗ് ബുള്ളിനെ ഈ പുത്തന്‍ കാല കമ്പനിയിലേക്ക് നയിച്ചത് എന്ന്.
ഗെയിമിംഗ് വ്യവസായത്തോടുള്ള ജുന്‍ജുന്‍വാലയുടെ താല്‍പ്പര്യം പുതിയ കാര്യമല്ല. രാജ്യത്തെ ഏക ലിസ്റ്റുചെയ്ത കാസിനോ ഗെയിമിംഗ് കമ്പനിയായ ഡെല്‍റ്റ കോര്‍പ്പിലെ പ്രധാന പങ്കാളിയാണ് അദ്ദേഹം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ജുന്‍ജുന്‍വാല ഇന്ത്യയിലെ അതിവേഗം വളരുന്ന മ്യൂച്വല്‍ ഫണ്ട് ബിസിനസ്സിലേക്ക് പ്രവേശിക്കാനുള്ള ശ്രമവും നടത്തി. രാകേഷ് ജുന്‍ജുന്‍വാല സഹസ്ഥാപകനായ ആല്‍ക്കെമി ക്യാപിറ്റല്‍ മാനേജ്മെന്റ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ നിന്ന് മ്യൂച്വല്‍ ഫണ്ട് ലൈസന്‍സിനായി അപേക്ഷിച്ചു.
ദലാല്‍ സ്ട്രീറ്റില്‍ റീറ്റെയ്ല്‍ നിക്ഷേപക ഉണര്‍വും പുതിയ ഇക്വിറ്റി നിക്ഷേപകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുമുള്ള സമയത്താണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടായത്. വിപണിയിലെ മുന്‍നിരക്കാരായ അഫ്ള ഇന്ത്യ, ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്, റൂട്ട് മൊബൈല്‍ എന്നിവയും 'ഡിജിറ്റല്‍ തീമിന്' കൂടുതല്‍ പ്രാധാന്യം നല്‍കുന്നവയാണ്. ഇക്വിറ്റി സംസ്‌കാരം അതിവേഗം വ്യാപിക്കുന്നത് മുന്നില്‍ കണ്ടുള്ള ഒരു നീക്കമായിട്ടാണ് പലരും അതിനെ വീക്ഷിച്ചത്.
കര്‍ശനമായ സ്‌ക്രീനിംഗ് മാനദണ്ഡങ്ങള്‍ക്കു ശേഷം മാത്രം അങ്കത്തട്ടിലേക്കിറങ്ങുന്ന ജുന്‍ജുന്‍വാല ഏറെ കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഈ ഡിജിറ്റല്‍ കമ്പനിയുമായി രംഗത്തേക്കിറങ്ങിയിട്ടുള്ളതും. നസറ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ നിതീഷ് മിത്തര്‍സെയ്ന്‍ പറയുന്നത്, തന്റെ ടീമിന്റെ കഴിവ്, തുടര്‍ച്ചയിലുള്ള വിശ്വാസം, ആശയത്തോടുള്ള ദീര്‍ഘകാല പ്രതിബദ്ധത, ഒരു സാങ്കേതിക സ്ഥാപനമായിരുന്നിട്ടും പണമൊഴുക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ തുടങ്ങിയവയാണ് നിക്ഷേപകരെ ആകര്‍ഷിച്ചതെന്നാണ്. ഇതു തന്നെയാകും ജുന്‍ജുന്‍വാലയുടെയും ഈ പുതിയ നീക്കത്തിനു പിന്നില്‍. എന്നാല്‍ വ്യക്തിഗത നിക്ഷേപകര്‍ അന്ധമായി ജുന്‍ജുന്‍വാലയുടെ ഈ നീക്കത്തെ പിന്തുടരുതെന്നും വിപണി വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.


Related Articles
Next Story
Videos
Share it