സ്വര്‍ണപ്പണയ വായ്പകള്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക്ഐ.ഐ.എഫ്.എല്ലിനെ വിലക്കിയതിനു പിന്നാലെ പ്രതിസന്ധിയിലായി രാജ്യത്തെ പ്രമുഖ എന്‍.ബി.എഫ്.സികള്‍. നിശ്ചിത പരിധിക്കു മുകളിലുള്ള വായ്പകള്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രം നല്‍കാനാണ് എന്‍.ബി.എഫ്.സികളുടെ നീക്കം.
ഇതിന്റെ തുടക്കമായി ബജാജ് ഫിനാന്‍സ് 20,000 രൂപയ്ക്ക് മുകളിലുള്ള
സ്വര്‍ണപ്പണയ വായ്പകള്‍ പണമായി നല്‍കുന്നത്
നിറുത്തിവച്ചു. മാര്‍ച്ച് ആറിന് ഇതു സംബന്ധിച്ച് ശാഖകള്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ട്. 20,000 രൂപവരെയുള്ള വായ്പകള്‍ മാത്രം പണമായി നല്‍കിയാല്‍ മതിയെന്നും അതില്‍ കൂടുതല്‍ തുക ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനുമാണ് അറിയിച്ചിരിക്കുന്നതെന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വര്‍ണപ്പണയ വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള മറ്റ് എന്‍.ബി.എഫ്.സികളും ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ്. ഗോള്‍ഡ് വായ്പാ ബിസിനസ് മോഡലില്‍ തന്നെ വലിയ മാറ്റമുണ്ടാക്കിയേക്കാവുന്ന ഒരു നീക്കമാണിതെന്ന് എന്‍.ബി.എഫ്.സി ഇന്‍ഡസ്ട്രി ഭയക്കുന്നു. 15 മിനിറ്റില്‍ പണം ലഭ്യമാക്കുന്ന ക്വിക്ക് ലോണ്‍ വായ്പകളും മറ്റും ഇതിനനുസരിച്ച് പുനഃപരിശോധിക്കേണ്ടി വരും. ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍.ബി.എഫ്.സികള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിച്ചിരുന്നത് ഇത്തരം ക്വിക്ക് ലോണുകളിലൂടെയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കാണ് പലരും
സ്വര്‍ണപ്പണയ വായ്പകളെടുക്കുന്നതെന്നതിനാല്‍ അക്കൗണ്ട് വഴി ലഭിക്കുന്നതിനേക്കാള്‍ നേരിട്ട് പണമായി നേടാനാണ് ഉപയോക്താക്കള്‍ താത്പര്യപ്പെടാറുള്ളത്. 15 മിനിറ്റില്‍ വായ്പ ലഭിക്കുന്നത് അക്കൗണ്ട് വഴിയാകുമ്പോള്‍ ഒരു ദിവസത്തെ സമയം വേണ്ടി വന്നേക്കും. എന്നാല്‍ ബാങ്കുകള്‍ പൊതുവെ അക്കൗണ്ട് ഉടമകളായിട്ടുള്ളവര്‍ക്കാണ്
സ്വര്‍ണപ്പണയ വായ്പ നല്‍കുന്നത് എന്നതിനാല്‍ ആ പ്രശ്‌നം നേരിടുന്നില്ല.
കേരള എന്‍.ബി.എഫ്.സികള്‍ക്ക് പ്രശ്‌നമില്ല
സ്വര്‍ണപ്പണയത്തിന്റെ അടിസ്ഥാന ചട്ടങ്ങള്‍ പോലും പാലിക്കാതിരുന്നതാണ് ഐ.ഐ.എഫ്.എല്ലിനെ റിസര്‍വ് ബാങ്കിന്റെ വിലക്കിലേക്ക് നയിച്ചത്. ഈടായി വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധിയും തൂക്കവും പരിശോധിക്കുന്നതില്‍ വീഴ്ചയുണ്ടായി, വായ്പകളുടെ എല്‍.ടി.വി പാലിച്ചില്ല, സുതാര്യമല്ലാത്ത ലേല നടപടികള്‍, വായ്പാത്തുക 20,000 രൂപയെന്ന പരിധി ലംഘിച്ച് കറന്‍സിയായി (പണമായി) തന്നെ നല്‍കി, ഫീസുകള്‍ തോന്നുംപടി ഈടാക്കി തുടങ്ങിയ വീഴ്ചകളാണ് റിസര്‍വ് ബാങ്ക് കണ്ടെത്തിയത്. റിസര്‍വ് ബാങ്കിന്റെ ലോണ്‍ ടു വാല്യു (LTV) നിബന്ധനയനുസരിച്ച് സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ മാത്രമാണ് വായ്പയായി നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ എന്‍.ബി.എഫ്.സികള്‍ പലപ്പോഴും ഇതില്‍ വീഴ്ചവരുത്തിയതായി റിസര്‍വ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയിട്ടും തുടര്‍ച്ചയായി വായ്പാ നിബന്ധന ലംഘിച്ച പശ്ചാത്തലത്തിലാണ് ഐ.ഐ.എഫ്.എല്ലിന് വിലക്കേര്‍പ്പെടുത്തിയത്.
എന്നാല്‍ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവയടക്കമുള്ള കേരളത്തിലെ പ്രമുഖ സ്വര്‍ണവായ്പാ കമ്പനികള്‍ക്ക് ഇത് പ്രതിസന്ധിയാകില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കേരളത്തില്‍ എല്‍.ടി.വിക്ക് മുകളില്‍ വായ്പ നല്‍കാറില്ല. അതുകൊണ്ടു തന്നെ സ്വര്‍ണവില വളരെയധികം താഴേക്ക് പോയാലല്ലാതെ ലേലത്തിലേക്ക് നീങ്ങിയാലും കമ്പനിക്ക് നഷ്ടം വരാനുള്ള സാധ്യത
തീരെക്കുറവാണ്.
100 ശതമാനവും റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്കനുസരിച്ചാണ് കേരളത്തിലെ എന്‍.ബി.എഫ്.സികളുടെ പ്രവര്‍ത്തനം. സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് അതിന് ആനുപാതികമായാണ് വായ്പ തുക നിശ്ചയിക്കുക. അതിനാല്‍ വീഴ്ചകള്‍ക്ക് സാധ്യത തീരെയില്ലെന്ന് റിച്ച്മാക്‌സ് ഫിന്‍വെസ്റ്റിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോര്‍ജ് ജോണ്‍ വാലത്ത് പറഞ്ഞു.
ഇത് സംബന്ധിച്ച് മുത്തൂറ്റ് ഫിനാന്‍സുമായും മണപ്പുറം ഫിനാന്‍സുമായും ഇ-മെയില്‍ വഴി ബന്ധപ്പെടാന്‍ ധനം ഓണ്‍ലൈന്‍ ശ്രമിച്ചിരുന്നെങ്കിലും വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന സമയം വരെ പ്രതികരണം ലഭിച്ചിട്ടില്ല.
നികുതി ബാധ്യതയും
റിസര്‍വ് ബാങ്ക് 20,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെന്നതിലുപരി ഈ തുകയ്ക്ക് മുകളില്‍ പണമായി നല്‍കുന്നതും നിക്ഷേപിക്കുന്നതും ഇന്‍കം ടാക്‌സ് ബാധ്യതയ്ക്കിടയാക്കും. ഇന്‍കം ടാക്‌സ് സെഷന്‍ 269SS, 269T എന്നിവ പ്രകാരം 20,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകള്‍ പൂര്‍ണമായും നികുതി ബാധകമാണ്. എന്നാല്‍ ബാങ്കുകള്‍ക്ക് ഈ നിബന്ധന ബാധകമല്ല.