കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തവര്‍ക്ക് നാലിരട്ടി പിഴ; മാതൃകാ വാടക നിയമത്തിലെ 10 കാര്യങ്ങള്‍
വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ പുതിയ മാതൃകാ വാടക നിയമം കൊണ്ടു വരുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
നിലവിലെ വാടകനിയമം കാലഹരണപ്പെട്ടതാണ്. ഉടമയും വാടകക്കാരും തമ്മിലുള്ള ഇടപാടുകള്‍ കൃത്യമായി നിര്‍വചിക്കാന്‍ ഇപ്പോഴത്തെ വാടക നിയമത്തിനാകുന്നില്ല. അതിനാല്‍ പുതിയ വാടക നിയമം നിര്‍മിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്.
ഇതനുസരിച്ച് മാതൃകാ വാടക നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതില്‍ പറയുന്ന കാര്യങ്ങള്‍ കാലഹരണപ്പെട്ട വാടക നിയമവുമായി ഏറെ വ്യത്യാസമുള്ളതാണ്. പുതിയ വാടക നിയമത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ അറിയാം.
1. കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തവര്‍ക്ക് തുടക്കത്തില്‍ രണ്ടിരട്ടിയും പിന്നീടു നാലിരട്ടിയും പിഴ നല്‍കേണ്ടി വരും.
2. വാടകക്കാരന്‍ തുടക്കത്തില്‍ നിക്ഷേപമായി നല്‍കേണ്ടത് പരമാവധി രണ്ട് മാസത്തെ തുകയാണ്.
3. വാടകത്തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള അധികാരം കളക്ടര്‍ക്കായിരിക്കും.
4. കരാറില്‍ സമ്മതിച്ചിട്ടുള്ള അറ്റകുറ്റപ്പണികള്‍ ഉടമസ്ഥന്‍ ചെയ്തില്ലെങ്കില്‍ ആ തുക വാടകയില്‍ നിന്ന് വ്യവസ്ഥാപിത രേഖകള്‍ ഉണ്ടെങ്കില്‍ ഈടാക്കാം.
5. വാടകക്കാരന്‍ പ്രോപ്പര്‍ട്ടിക്ക് കേടുപാടുകള്‍ വരുത്തിയാല്‍ അത് നിക്ഷേപത്തുകയില്‍ നിന്നും തീര്‍പ്പാക്കാം.
6. 24 മണിക്കൂര്‍ മുമ്പ് അറിയിച്ചിട്ടു മാത്രമേ ഉടമസ്ഥന്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്താന്‍ പാടുള്ളു.
7. വ്യാജ പരാതികള്‍ നല്‍കിയാല്‍ ഉടമയ്‌ക്കോ വാടകക്കാരനോ പിഴ ചുമത്താനുള്ള അധികാരം അതോറിറ്റിക്കുണ്ട്.
8. തര്‍ക്കം വന്നാല്‍ ഉടമ വൈദ്യുതി, വെള്ളം എന്നിവ മുടക്കാന്‍ പാടില്ല.
9. വാടക വര്‍ധിപ്പിക്കാനുള്ള അറിയിപ്പ് 3 മാസം മുമ്പ് രേഖാമൂലം വാടകക്കാരനെ അറിയിക്കണം.
10. ഈ നിയമങ്ങള്‍ സ്വീകരിക്കാനും മാറ്റം വരുത്താനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും വാടക കോടതികളും ട്രൈബ്യൂണലുകളും നിര്‍ബന്ധമാണ്.