തകരുന്ന തോട്ടം മേഖലയെ എങ്ങനെ രക്ഷിക്കാം?

''ഇന്ത്യയുടെ മൊത്തം തോട്ടവിളകളുടെ 46 ശതമാനം സംഭാവന ചെയ്യുന്ന കേരളം അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ പ്ലാന്റേഷന്‍ സംസ്ഥാനമാണ്.'' രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ കാര്‍ഷിക ശാസ്ത്രജ്ഞരില്‍ ഒരാളായ എം. എസ് സ്വാമിനാഥന്റേതാണ് ഈ വാക്കുകള്‍.

തോട്ടം മേഖല കേരളത്തിനും അതുപോലെ രാജ്യത്തിനും എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കുന്നതാണിത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തെ തോട്ടം മേഖലയുടെ സ്ഥിതി ഒന്നു നോക്കൂ. കഴിഞ്ഞ സെപ്തംബറില്‍ അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരളയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ തോമസ് ജേക്കബ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി തോട്ടം മേഖല സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉല്‍പ്പന്നവിലയുടെ അടിസ്ഥാനത്തില്‍ 2011-12ല്‍ തോട്ടം മേഖലയുടെ സംഭാവന 21,000 കോടി രൂപയായിരുന്നുവെങ്കില്‍ 2015-16ല്‍ ഇത് 7,500 കോടി രൂപയായി കുത്തനെ ഇടിഞ്ഞിരിക്കുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു മേഖലയാണ് ഈ വിധം അതിഭീകരമായ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്. പക്ഷേ അതിന്റെ ഗൗരവം വേണ്ട വിധത്തില്‍ പൊതുസമൂഹമോ ഭരണകര്‍ത്താക്കളോ അധികാരിവൃന്ദങ്ങളോ രാഷ്ട്രീയക്കാരോ മനസിലാക്കുന്നില്ലെന്നതാണ് ദുഃഖകരം.

സംസ്ഥാനത്തിന്റെ മൊത്തം കൃഷിയിടത്തിന്റെ 27.5 ശതമാനം പ്രദേശം, അതായത് ഏകദേശം 7.11 ലക്ഷം ഹെക്ടര്‍ ഭൂമി പ്ലാന്റേഷന്‍ മേഖലയാണ്.

കേരളത്തിലെ കാര്‍ഷിക വിളകളുടെ മൊത്തസംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GSDP) 35 ശതമാനവും തോട്ടവിളകളില്‍ നിന്നാണ്.

പൊതുവേ കേരള സമൂഹത്തില്‍ പ്ലാന്റേഷന്‍ മേഖല എന്നു കേള്‍ക്കുമ്പോള്‍ അത് സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുടെ കാര്യമായി എടുക്കുന്നവരും ഏറെ. തോട്ടം മേഖലയെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളില്‍ പൊതു സമൂഹം പലപ്പോഴും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാറുമില്ല. എന്നാല്‍ ഈ രംഗത്തെ ഏത് പ്രതിസന്ധിയും സംസ്ഥാനത്തെ താഴെ തട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

കാരണം 7.11 ലക്ഷം ഹെക്ടര്‍ തോട്ടം മേഖലയില്‍ പ്രതിവര്‍ഷം 3.3 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷം ശരാശരി 5300 കോടി രൂപ വേതനമായും വിതരണം ചെയ്യുന്നു.

ഇത്രയും തുക തികച്ചും സാധാരണക്കാരായ ജനങ്ങളുടെ കൈകളിലേക്കാണ് എത്തുന്നത്. പ്രത്യക്ഷമായി 3,60,000 പേര്‍ക്കാണ് വര്‍ഷം മുഴുവന്‍ തോട്ടം മേഖല തൊഴില്‍ നല്‍കുന്നത്. പരോക്ഷമായി 17 ലക്ഷത്തോളം പേര്‍

തൊഴിലിനായി തോട്ടം മേഖലയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. കേരളത്തിന്റെ 20 ശതമാനത്തോളം പേരാണ് തോട്ടം മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നത്.

ഇത്രമാത്രം തൊഴില്‍ സൃഷ്ടിക്കുന്ന മറ്റേതൊരു മേഖലയുണ്ട് കേരളത്തില്‍? കേരളത്തിനകത്തും പുറത്തും തൊഴിലവസരങ്ങള്‍ ചുരുങ്ങുകയും ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മലയാളികള്‍ തിരികെ നാട്ടിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ തോട്ടം മേഖല മുരടിക്കുന്നത് സംസ്ഥാനത്തെ അതിരൂക്ഷമായി ബാധിക്കും.

സംസ്ഥാന ഖജനാവിനും കനത്ത സംഭാവന

ഇന്ത്യയില്‍ തന്നെ തോട്ടം മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അതുകൂടാതെ സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള നികുതികളും ഈ മേഖല നല്‍കുന്നുണ്ട്. ചരക്ക് സേവന നികുതി (ജിഎസ്ടി), തോട്ടം നികുതി, കാര്‍ഷികാദായ നികുതി, ഭൂനികുതി, പ്രൊഫഷണല്‍ ടാക്‌സ്, ആദായ നികുതി എന്നിങ്ങനെയായി വന്‍തുക ഖജനാവിന് ഈ മേഖല നല്‍കുന്നുണ്ട്.

വിലമതിക്കാനാകില്ല ഈ സംഭാവന

എന്നാല്‍ സംസ്ഥാനത്തിന് തോട്ടം മേഖല നല്‍കുന്ന മറ്റൊരു സംഭാവന വിലമതിക്കാനാകാത്തതാണ്. അത് പരിസ്ഥിതിയ്ക്കുള്ളതാണ്. സംസ്ഥാനത്തെ ഹരിതാഭമാക്കി നിര്‍ത്തുന്നതില്‍ തോട്ടം മേഖല വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്.

ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2015 പ്രകാരം കേരളത്തില്‍ വന വിസ്തൃതി 1317 ചതുരശ്ര കിലോമീറ്റര്‍ വര്‍ധിച്ചിട്ടുണ്ട്. കേരളത്തിന്റെ തോട്ടം മേഖലയെയാണ് ഈ നേട്ടത്തിന് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് അങ്ങേയറ്റം സാന്ദ്രമായ വൃക്ഷജാലം സമ്മാനിക്കുന്നത് തോട്ടം മേഖലയാണ്. മാത്രമല്ല അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജന്‍ പുറന്തള്ളുകയും ഹരിതഗൃഹവാതകങ്ങളുടെ പ്രഭാവം കുറയ്ക്കുകയും ചെയ്യുന്നതില്‍ തോട്ടം മേഖല നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

ഒരു ഹെക്ടര്‍ റബര്‍ ഒരു വര്‍ഷം 48 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ നിന്ന് സ്വാംശീകരിക്കുകയും 35 ലക്ഷം ടണ്‍ ഓക്‌സിജന്‍ അന്തരീക്ഷത്തിലേക്ക് പുറത്ത് വിടുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.

അങ്ങേയറ്റം ഗ്രീന്‍ ഇന്‍ഡസ്ട്രിയാണ് തോട്ടം മേഖല. അതുപോലെ തന്നെ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയ്ക്കും നിര്‍ണായ സംഭാവനകളും നല്‍കുന്നു.

പക്ഷേ ഈ രംഗമാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി കുത്തനെ താഴേക്ക് ഇടിയുന്നത്.

ഈ മേഖലയിലാണ് സത്വര ശ്രദ്ധ പതിപ്പിക്കാതെ ഭരണകൂടവും രാഷ്ട്രീയക്കാരും പൊതു സമൂഹവും നിസംഗമായി ഇരിക്കുന്നതും.

രക്ഷാനിര്‍ദേശങ്ങള്‍ നിരവധി, രക്ഷ മാത്രമില്ല

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇതുവരെ ഏഴോളം കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. ഇവയെല്ലാം നിര്‍ദേശങ്ങളും സമര്‍പ്പിച്ചുവെങ്കിലും അവയിലൊന്നുപോലും നടപ്പാക്കപ്പെട്ടില്ലെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 2016ല്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് എം കൃഷ്ണന്‍ നായര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് തോട്ടം മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്ന ഒരു കാര്യം.

കേരളത്തിലെ തോട്ടം മേഖല കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ഇരയാണ്. കാര്‍ഷികോല്‍പ്പാദനത്തില്‍ സംഭവിക്കുന്ന ഇടിവ്, ഏറിവരുന്ന കീട ബാധയും രോഗങ്ങളും, വ്യാപകമാകുന്ന വരള്‍ച്ച, പകല്‍ സമയത്തെ ഉയര്‍ന്ന ചൂട്, മേല്‍മണ്ണിന്റെ ശോഷണം എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകര മുഖമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതിന്റെയെല്ലാം അന്തിമ ഫലമോ; ഉയര്‍ന്ന ഉല്‍പ്പാദന ചെലവും.

ഈ സ്ഥിതിവിശേഷത്തിന് പരിഹാരം കണ്ട് കാര്യങ്ങള്‍ നേര്‍ദിശയിലാക്കിയില്ലെങ്കില്‍ സംസ്ഥാനത്തെ തോട്ടം മേഖല ദീര്‍ഘനാള്‍ നിലനില്‍ക്കില്ലെന്ന് പ്ലാന്റേഷന്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഹരിതാഭമായ പശ്ചിമഘട്ടം സഹാറ മരുഭൂമി പോലെ പാഴ്‌നിലമായി മാറാതിരിക്കാന്‍, സംസ്ഥാനം അതിരൂക്ഷമായ തൊഴിലില്ലായ്മയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍, സാമൂഹ്യ അസ്വാസ്ഥ്യങ്ങള്‍ തലപൊക്കാതിരിക്കാന്‍, കര്‍ഷക ആത്മഹത്യകളും പാരിസ്ഥിതികമായ ദുരന്തങ്ങളും ഒഴിവാക്കാന്‍ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട അവസരമാണിതെന്ന് തോമസ് ജേക്കബ് അഭിപ്രായപ്പെടുന്നു.

''എല്ലാവരും, അതായത് കര്‍ഷകര്‍, തൊഴിലാളികള്‍, തൊഴിലാളി യൂണിയനുകള്‍, സര്‍ക്കാര്‍ എന്നിങ്ങനെ എല്ലാ തട്ടിലുമുള്ളവര്‍ ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു,'' തോമസ് ജേക്കബ് അഭിപ്രായപ്പെടുന്നു.

അതുപോലെ തന്നെ പശ്ചിമഘട്ട സംരക്ഷത്തിന് തോട്ടം മേഖലയെ സര്‍ക്കാര്‍ പങ്കാളിയെന്ന നിലയ്ക്ക് പരിഗണിക്കേണ്ടിയിരിക്കുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.

പ്രതിസന്ധിക്ക് കാരണം?

പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഒന്ന് ഉയര്‍ന്ന ഉല്‍പ്പാദന ചെലവ്. രണ്ടാമത്തേത് ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍. താരതമ്യേന കുറഞ്ഞ വില.

ഉയര്‍ന്ന ഉല്‍പ്പാദന ചെലവ്

ഉയര്‍ന്ന ഉല്‍പ്പാദന ചെലവ് വരാന്‍ കാരണങ്ങള്‍ പലതാണ്.

  • ഭൂമിയില്‍ നിന്നുള്ള കുറഞ്ഞ ഉല്‍പ്പാദന ക്ഷമതയാണ് ഒന്ന്. അതുപോലെ തന്നെ തൊഴിലാളികള്‍, മൂലധനം എന്നിവയില്‍ നിന്നുള്ള ഉല്‍പ്പാദനക്ഷമതയും ഏറെ കുറവാണ്.
  • അന്തരീക്ഷ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളാണ് മറ്റൊന്ന്
  • ഉയര്‍ന്ന നികുതി നിരക്കുകള്‍
  • ഉയര്‍ന്ന ഇന്‍പുട്ട് കോസ്റ്റ്
  • ഉയര്‍ന്ന വേതന നിരക്കുകള്‍

ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍

ഭൂമിയുടെ രേഖകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളും പാട്ടഭൂമി സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുമാണ് മറ്റൊരു പ്രധാന വസ്തുത. ഇതുമൂലം സംസ്ഥാനത്തെ തോട്ടം മേഖല നിര്‍ജീവമായി മരണാസന്നമായിരിക്കുകയാണെന്ന് പ്ലാന്റേഷന്‍ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ റെവന്യു വകുപ്പ് ചുമത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മൂലം ബാങ്കുകള്‍ പ്രവര്‍ത്തന മൂലധനം പോലും തോട്ടം മേഖലയ്ക്ക് നല്‍കുന്നില്ല. ഇത് ഈ രംഗത്തെ നിക്ഷേപം കുറച്ചു. സംരംഭകരുടെ താല്‍പ്പര്യവും നഷ്ടപ്പെടുത്തി. ഭൂമി സംബന്ധമായ വിവാദങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും പിന്നാലെ നടക്കുകയാണ് തോട്ടം മേഖലയിലുള്ളവര്‍.

കുറഞ്ഞ വില

തോട്ടവിള ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണമില്ലാത്ത ഇറക്കുമതിയാണ് ഈ മേഖലയെ ബാധിക്കുന്ന മറ്റൊരു കാര്യം. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിലുള്ള നമ്മുടെ പരാധീനത മൂലം ഏറ്റവും മൂല്യം കുറഞ്ഞ തോട്ടവിള ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍ എന്ന നിലയില്‍ നമ്മെ ഒതുക്കി നിര്‍ത്തുന്നു. അതുകൊണ്ടു തന്നെ വിളകള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയേ നമുക്ക് നേടിയെടുക്കാന്‍ സാധിക്കുന്നുള്ളൂ.

എങ്ങനെ കരകയറാം

ഭൂമിയുടെയും അതിന്റെ ഉടമസ്ഥാവകാശവും സംബന്ധിച്ച കാര്യങ്ങള്‍ കോടതികളുടെ പരിഗണനയിലാണ്. അതുകൊണ്ട് അക്കാര്യം കോടതികള്‍ തന്നെ തീരുമാനിക്കണം. ''പക്ഷേ ചെയ്യാവുന്ന ചിലതുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്പര്‍ശിക്കുന്ന മേഖലയാണ് തോട്ടം മേഖല. പക്ഷേ നമുക്ക് തോട്ടം മേഖലയുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു വകുപ്പോ ആ മേഖല സംബന്ധിച്ച തോട്ടം നയമോ ഇല്ല. ഇക്കാര്യത്തില്‍ അധികാരികളുടെ സത്വര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു,'' തോമസ് ജേക്കബ് അഭിപ്രായപ്പെടുന്നു.

നികുതി ഏകീകരണം

ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി തോട്ടം മേഖലയില്‍ ചുമത്തപ്പെടുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ ഇതര സംസ്ഥാനങ്ങളുമായി മത്സരിക്കാന്‍ നമുക്ക് സാധിക്കാതെ വരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ നികുതികള്‍ക്ക് അനുസൃതമായി നികുതി നിരക്കുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടിയിരിക്കുന്നു.

ഇടവിള പ്രോത്സാഹിപ്പിക്കണം

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ മറികടക്കാനും തോട്ടം മേഖലയ്ക്ക് പിന്തുണ നല്‍കണം. മണ്ണ് സംരക്ഷണം, ജല സംരക്ഷണം, വനവല്‍ക്കരണ പദ്ധതികള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പിന്തുണ വേണമെന്ന ആവശ്യമാണ് തോട്ടം മേഖലയിലുള്ളവര്‍ മുന്നോട്ടുവെക്കുന്നത്.

തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഈ രംഗത്തുള്ളവര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന മറ്റൊരു സുപ്രധാന കാര്യം ഇടവിള സമ്പ്രദായം പ്രോത്സാഹിപ്പിക്കണം എന്നതാണ്. ഒപ്പം തോട്ടം മേഖലയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഊന്നലും പ്രോത്സാഹനവും ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ദീര്‍ഘകാല പരിഹാരമുണ്ട്

ഏതൊരു പ്രശ്‌നത്തിനും പരിഹാരമുണ്ട്. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ക്കും. പ്രധാനമായും നാല് കാര്യങ്ങളെ മുന്‍ നിര്‍ത്തിയുള്ള പ്രശ്‌ന പരിഹാര മാര്‍ഗമാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിനായി തോട്ടങ്ങളില്‍ ഇടവിള കൃഷി അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

ഇതുമൂലമുണ്ടാകുന്ന മെച്ചങ്ങളും ഈ രംഗത്തുള്ളവര്‍ കൃത്യമായി പറയുന്നുണ്ട്.

സംസ്ഥാനത്തിലെ ഗ്രാമീണ മേഖലയിലെ എല്ലാ തലത്തിലുമുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഇതുമൂലം സാധിക്കുന്നു.

  • സംസ്ഥാനത്തിന് വിവിധ തലത്തിലുള്ള പ്രത്യക്ഷ, പരോക്ഷ നികുതികളിലൂടെ വരുമാനം കൂടുതല്‍ ലഭിക്കുന്നു.
  • കര്‍ഷകര്‍ക്ക് വരുമാന സാധ്യത വര്‍ധിക്കുന്നു.
  • ഏറ്റവും പ്രധാനം പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നു. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ പ്രഭാവം കുറയ്ക്കുന്നു.

ഇത്രയും മെച്ചങ്ങള്‍ ഉറപ്പാക്കുന്ന ദീര്‍ഘകാല പരിഹാരത്തിന് നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കുകയോ സര്‍ക്കാരില്‍ നിന്ന് പ്ലാന്‍ ഫണ്ട് വകയിരുത്തുകയോ വേണ്ട. പകരം തോട്ടം മേഖല ആവശ്യപ്പെടുന്നത് നയപരമായ പിന്തുണയാണ്.

തോട്ടം മേഖലയുടെ മുഖ്യ ദൗത്യം തോട്ടവിളകളുടെ ഉല്‍പ്പാദനമാണ്. നിയമത്തിന്റെയോ മറ്റെന്തെങ്കിലും ഘടകങ്ങളുടേയോ സ്വാധീനം മൂലം അതിന്റെ ഉല്‍പ്പാദനം തടസ്സപ്പെടാതിരിക്കാനുള്ള സാഹചര്യം സര്‍ക്കാരും ബന്ധപ്പെട്ടവരും സ്വീകരിക്കണമെന്ന് തോട്ടം മേഖലയിലുള്ളവര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it