'കൗണ്ട് ഡൗണ്‍' ഭീതിയില്‍ മരട്

തീരദേശ നിയമം ലംഘിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിലം പൊത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നിയന്ത്രിത സ്ഫോടനത്തിനു മുന്നോടിയായി പൊലീസും അഗ്‌നിശമനസേനയും പങ്കെടുത്ത മോക് ഡ്രില്‍ ഇന്നു നടന്നു. 'എല്ലാം സജ്ജമാണെ'ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയശേഷം ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.

മോക്ക് ഡ്രില്ലിനിടെ ആളുകളെ ഒഴിപ്പിച്ചില്ല. നാളെ രാവിലെ ഒമ്പത് മണിക്കു മുമ്പ് ഒഴിഞ്ഞാല്‍ മതിയെന്നാണ് പരിസരവാസികള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. സ്‌ഫോടനത്തിന് മുമ്പ് 200 മീറ്റര്‍ ചുറ്റളവില്‍ നിന്നും എല്ലാവരും ഒഴിഞ്ഞെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തും.സുരക്ഷയ്ക്കായി 2000 പൊലീസുകാരുണ്ടാകും.സ്‌ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും.സമീപവാസികള്‍ കടുത്ത ആശങ്കയിലാണ്.

നാളെ രാവിലെ 11ന് എച്ച്ടുഒ ഹോളിഫെയ്ത്തിലാണ് ആദ്യ സ്ഫോടനം. 11.30 ന് ആല്‍ഫ സെറീനും ഒരു മിനിറ്റിനു ശേഷം വെഞ്ച്വറും നിലം പതിയ്ക്കും. 11 സെക്കന്റുകളില്‍ സ്‌ഫോടനം പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍. കെട്ടിടങ്ങളുടെ അകത്ത് സ്ഫോടവസ്തുക്കള്‍ നിറച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സ്ഫോടന വിദഗ്ദന്‍ സര്‍വാതെയുടെ നേതൃത്വത്തില്‍ വിദേശത്ത് നിന്നെത്തിയ സംഘമാണ് പ്രക്രിയ നിര്‍വഹിക്കുന്നത്. 12 ന് രാവിലെയാണ് മറ്റു രണ്ടു സ്‌ഫോടനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11ന് ജയിന്‍ കോറല്‍കോവും ഉച്ചയ്ക്കു ശേഷം രണ്ടിന് ഗോള്‍ഡന്‍ കായലോരവും തരിപ്പണമാകും.

കെട്ടിടത്തിന്റെ എല്ലായിടത്തും ഒരുമിച്ച് സ്‌ഫോടനം നടക്കും. നൂറുകണക്കിന് ചെറിയ സ്ഫോടനങ്ങളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറില്‍ തുടങ്ങുന്ന പൊട്ടിത്തെറികള്‍ മുകള്‍നിലകളിലേക്ക് സെക്കന്റുകള്‍ കൊണ്ട് പടര്‍ന്നുകയറും. താഴത്തെ നിലകള്‍ തകരുന്ന മുറയ്ക്ക് മുകള്‍നിലകളും താഴോട്ട് പതിയ്ക്കും. ഫ്ളാറ്റുകള്‍ വീഴുന്നതിനുള്ള ആങ്കിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ഫ്‌ളാറ്റുകളും 45 ഡിഗ്രി ചരിഞ്ഞാണ് നിലംപതിക്കുക.നാല് മണിക്കൂര്‍ കൊണ്ട് ആദ്യദിനമുള്ള ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും - പൊളിക്കലിന്റെ ചുമതലക്കാരായ എഡിഫൈസിലെ വിദഗ്ധര്‍ പറഞ്ഞു.ടണ്‍ കണക്കിന് അവശിഷ്ടം കായലിലേക്കു പതിക്കും. ഇത് മൂലം കടുത്ത പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഫ്‌ളാറ്റുകളില്‍ നിന്ന് നൂറ് മീറ്റര്‍ മാറിയാണ് ബ്ലാസ്റ്റിംഗ് ഷെഡ് സ്ഥാപിച്ചിട്ടുള്ളത്. പൊളിക്കല്‍ ചുമതലയുള്ള വിദഗ്ധര്‍ മാത്രമേ ഷെഡ്ഡിലുണ്ടാകൂ.
ഷെഡില്‍ സ്ഥാപിച്ച ബ്ലാസ്റ്റിംഗ് എക്‌സ്‌പ്ലോഡര്‍ സ്വിച്ച് ഓണ്‍ ചെയ്യുമ്പോഴാണ് ഡിറ്റനേറ്ററിലൂടെ വൈദ്യുതി പ്രവഹിക്കുന്നതും സ്‌ഫോടനം തുടങ്ങുന്നതും. ബ്ലാസ്റ്റിംഗ് ഷെഡിനെ മരട് നഗരസഭ ഓഫീസിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ ഈ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകും.

ആല്‍ഫ, ഹോളി ഫെയ്ത് ഫ്‌ളാറ്റുകളുടെ സമീപത്തു നിന്ന് 133 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റ് എന്നിവിടങ്ങളില്‍ നിന്ന് 157 കുടുംബങ്ങളെയും ഒഴിപ്പിക്കും. ഒഴിഞ്ഞ് പോകുന്നതിനു മുമ്പ് കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും അടയ്ക്കണം.മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയും വേണം.വളര്‍ത്ത് മൃഗങ്ങളെ കെട്ടിടങ്ങള്‍ക്കുള്ളിലാക്കുകയോ കൂടുകള്‍ പൊതിഞ്ഞ് സൂക്ഷിക്കുകയോ വേണം. കിടപ്പുരോഗികളെയും വയോജനങ്ങളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. തേവര എസ് എച്ച് കോളേജ്, പനങ്ങാട് ഫഷറീസ് കോളേജ് എന്നിവിടങ്ങളില്‍ താല്‍ക്കാലിക സുരക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സ്‌ഫോടന സമയത്ത് മാത്രം ഗതാഗത നിയന്ത്രണവും വൈദ്യുതി നിയന്ത്രണവും ഉണ്ടാകും. അര മണിക്കൂര്‍ മുമ്പ് ഫ്‌ളാറ്റുകളിലേക്കുള്ള ഇടറോഡുകളിലെ ഗതാഗതം തടയും. സ്‌ഫോടന ശേഷം ഏറ്റവും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന വിധത്തില്‍ ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളുമുണ്ടാകും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് പൊളിക്കുന്നതു കാണാന്‍ ജില്ലയ്ക്കു പുറത്തു നിന്നു പോലും ആളുകള്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.ഫ്‌ളാറ്റിന്റെ 200 മീറ്റര്‍ ചുറ്റളവിനു പുറത്തു സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് ഇവര്‍ക്കു സ്‌ഫോടനം കാണാമെന്നു കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു. സ്‌ഫോടനം കാണാന്‍ എത്തുന്നവര്‍ക്കായി പ്രത്യേക സൗകര്യങ്ങളൊന്നുമുണ്ടാകില്ല.

ദേശീയ പാതയും, കുണ്ടന്നൂര്‍ തേവര റോഡും ഗതാഗത നിയന്ത്രണമുള്ള മേഖലകളാണ്. സ്‌ഫോടന സമയത്ത് ഇവിടേക്ക് ആളുകളെ പ്രവേശിപ്പിക്കില്ല. ദേശീയ പാതയിലെ കുണ്ടന്നൂര്‍ പാലത്തില്‍ നിന്നു സ്‌ഫോടനം കാണാനും ആളുകളെ അനുവദിക്കില്ല. ഓരോ ഫ്‌ളാറ്റ് പരിസരത്തും സുരക്ഷയ്ക്കായി 500 പൊലീസുകാരെയാണു വിന്യസിക്കുന്നത്. 200 മീറ്റര്‍ പരിധിക്കു പുറത്തുള്ള വലിയ കെട്ടിടങ്ങളിലെല്ലാം സ്‌ഫോടനം കാണാനായി ആളുകള്‍ കയാറാനുള്ള സാധ്യതയുണ്ട്. നിര്‍മാണം നടക്കുന്നതും, നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയതുമായ ഒട്ടേറെ കെട്ടിടങ്ങള്‍ ഈ മേഖലയിലുണ്ട്. ആളുകള്‍ കൂട്ടത്തോടെ കയറാന്‍ സാധ്യതയുള്ള ഇത്തരം കെട്ടിടങ്ങളെല്ലാം നിരീക്ഷണത്തിലാണ്.

എച്ച്ടുഒ ഫ്‌ളാറ്റില്‍നിന്നു 1520 മീറ്റര്‍ മാത്രം അകലെയാണു കുണ്ടന്നൂര്‍-തേവര പാലം. 1.7 കിലോമീറ്ററാണു പാലത്തിന്റെ ദൈര്‍ഘ്യം. രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിനു സ്‌ഫോടനവും കെട്ടിടം വീഴുന്നതിന്റെ ആഘാതവും മൂലം കേടുപാടുകളോ ബലക്ഷയമോ ഉണ്ടായേക്കാമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നുള്ള പിഡബ്ല്യുഡിയുടെ നോട്ടിസ് ലഭിച്ചതായും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഫ്‌ളാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിനെ വിവരം ധരിപ്പിച്ചിട്ടുള്ളതായും നഗരസഭാ അധികൃതര്‍ പറഞ്ഞു.

കേരളത്തില്‍ ആദ്യമായാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ തകര്‍ക്കുന്നത്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് വലിയ ആശയക്കുഴപ്പത്തിലാണ്. 200 മീറ്ററില്‍ പൊടിപടലങ്ങള്‍ വ്യാപിക്കുമെന്നാണ് കണക്കെങ്കിലും നിശ്ചിത പരിധിക്കപ്പുറത്തേക്ക് പൊടി വ്യാപിച്ച് അന്തരീക്ഷ മലിനീകരണ പ്രശ്‌നങ്ങള്‍ക്കപ്പുറമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it