രൂപയിലെ ഇടിവ്: പ്രവാസികളുടെ പ്രോപ്പർട്ടി ഇടപാടുകൾ ഉയരുന്നു; കേരളത്തിലോ?

ഉർവശി ശാപം ഉപകാരമെന്നപോലെയാണ് പ്രവാസികളായ ഇന്ത്യക്കാർക്ക് രൂപയുടെ മൂല്യം ഇടിയുന്നത്. കറൻസി മൂല്യം തകരുന്നത് സർക്കാരും മറ്റും പരിഭ്രമത്തോടെ നോക്കിക്കാണുമ്പോൾ പ്രവാസികൾക്ക് ഇത് പുതു നിക്ഷേപാവസരങ്ങൾ തേടാനുള്ള സമയമാണ്.

മുൻപെങ്ങുമില്ലാത്ത വിധത്തിൽ രൂപയുടെ മൂല്യം താഴുമ്പോൾ എൻആർഐകളുടെ ശ്രദ്ധ ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

രൂപ 75 നോട് അടുക്കുമ്പോൾ എൻആർഐകളുടെ രാജ്യത്തെ പ്രോപ്പർട്ടി ഇടപാടുകളിൽ ശ്രദ്ധേയമായ വർധന ഉണ്ടാകുന്നുണ്ട്. പ്രവാസികളിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് അന്വേഷണങ്ങളിൽ 15-20 ശതമാനം വരെ വാർഷിക വളർച്ച ഉണ്ടാകുന്നുണ്ടെന്ന് അനറോക്ക് പ്രോപ്പർട്ടി കൺസൾട്ടൻറ്സ് പറയുന്നു.

രൂപയുടെ ഇടിവുമൂലം പ്രവാസികളുടെ കയ്യിലെ വിദേശ കറൻസി രൂപയിലേക്ക് മാറ്റുമ്പോൾ കൂടുതൽ പണം അവരുടെ കൈകളിലെത്തും. ഇത് റിയൽ എസ്റ്റേറ്റ് നിക്ഷേപം മുൻപത്തേതിനേക്കാൾ ലാഭകരമാകും. അതുകൊണ്ടു തന്നെ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുള്ള എൻ ആർ ഐ നിക്ഷേപം ഓരോ വർഷവും ഉയർന്നുകൊണ്ടിരിക്കുകയാണ്.

2018-19 സാമ്പത്തിക വർഷത്തിൽ പ്രവാസി ഇന്ത്യക്കാരുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം 10.2 ബില്യൺ ഡോളർ ആയിരുന്നു. കൺസൾട്ടന്റ് കമ്പനിയായ 360 റിയൽറ്റേഴ്‌സിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഇത് 8.9 ബില്യൺ ഡോളർ ആയിരുന്നു. 2013-14 ൽ 5.2 ബില്യൺ ഡോളർ ആയിരുന്നു നിക്ഷേപം.

കേരളത്തിലെ സ്ഥിതി അൽപം വ്യത്യസ്തം

രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല ഒരു തിരിച്ചുവരവിനൊരുങ്ങുമ്പോൾ ഏറ്റവും സമ്പന്നമായ പ്രവാസി സമൂഹമുള്ള കേരളത്തിൽ തണുത്ത പ്രതികരണമാണ് പ്രൊജക്ടുകൾക്ക് ലഭിക്കുന്നത്. മറ്റേതൊരു ബിസിനസ് മേഖലയുടെയും പോലെ തന്നെ, സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയം തന്നെയാണ് ഇവിടത്തെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂച്ചുവിലങ്ങാവുന്നത്.

"രൂപയുടെ മൂല്യമിടിയുമ്പോൾ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണം കൂടുന്നത് സ്വാഭാവികമാണ്. എന്നാൽ രൂപ ഇത്രയധികം താഴ്ന്ന സാഹചര്യത്തിൽ ഉണ്ടാകേണ്ടത്ര നേട്ടം കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഇത്തവണ ഉണ്ടായിട്ടില്ല. പ്രളയം തന്നെയാണ് കാരണം. എന്നാൽ റിയൽ എസ്റ്റേറ്റ് ഒരു മോശം കാലമാണെന്നൊന്നും പറയാൻ കഴിയില്ല. കാരണം സാധാരണ രീതിയിലുള്ള ഇടപാടുകൾ (എൻആർഐകളുടെയും സ്ഥിരതാമസക്കാരുടെയും) നടക്കുന്നുണ്ട്." കേരളത്തിലെ ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയുടെ വാക്കുകളാണ് ഇവ.

എൻആർഐകളുടെ റിയൽ എസ്റ്റേറ്റ് അന്വേഷണങ്ങൾ വർധിക്കുന്നുണ്ടെന്നും എന്നാൽ ഇടപാടുകളോ രജിസ്ട്രേഷനുകളോ അതിനനുസരിച്ച് ഉയർന്നിട്ടില്ലെന്നും പ്രോപ്പർട്ടി നേഷൻ മാനേജിങ് ഡയറക്ടറായ അബ്‌ജോ ജോയ് പറയുന്നു. ഡിസംബർ വരെ ഒരു 'വെയ്റ്റ് ആൻഡ് വാച്ച്' രീതിയിൽ തുടരാനാണ് മിക്കവരുടെയും തീരുമാനം.

കേരളത്തിൽ എൻആർഐകളുടെ ഏറ്റവും പ്രിയപ്പെട്ട ഇടം വാട്ടർ-ഫ്രണ്ട് പ്രോപ്പർട്ടികൾ ആയിരുന്നു. പ്രളയം വന്നതോടെ ഇത്തരം പ്രോപ്പർട്ടികൾക്ക് ഡിമാൻഡ് കുറഞ്ഞിട്ടുണ്ടെന്ന് ആലുവയിലെ പ്രോപ്പർട്ടി ഡീലറായ പി.ജെ നികേഷ് പറഞ്ഞു. എന്നാൽ ഈയൊരു അവസ്ഥ താൽക്കാലികമാണെന്നാണ് നികേഷ് ചൂണ്ടിക്കാട്ടുന്നത്. വൻ മെട്രോ നഗരങ്ങളിൽ നിക്ഷേപിക്കുന്നതിനേക്കാളും സ്വന്തം നാട്ടിൽ ഒരു വീട് എന്നതാണ് മിക്ക പ്രവാസികളുടെയും സ്വപ്നം. അതുകൊണ്ട് തന്നെ അടുത്ത മഴക്കാലം പ്രശ്നമില്ലാതെ കടന്നുപോയാൽ ഡിമാൻഡ് തിരിച്ചുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഗൾഫ് മേഖലയിലെ സ്വദേശീവൽക്കരണം വൻ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിൻവലിയാൻ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നുണ്ട്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയിൽ പൊതുവെ ഒരു ആശങ്കക്കിടയാക്കുന്നുമുണ്ട്. എന്നാൽ രാജ്യത്ത് വരുമാനം കൂടുന്നതും സംരംഭകരുടെ എണ്ണത്തിലുള്ള വർധനവും ദീർഘകാലത്തിൽ റിയൽ എസ്റ്റേറ്റ് മേഖലക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Sreerenjini
Sreerenjini  

Related Articles

Next Story

Videos

Share it