റിയല്‍ എസ്റ്റേറ്റ് മേഖലയെ കര കയറ്റും: ധനമന്ത്രി

റിയല്‍ എസ്റ്റേറ്റ് മേഖലയെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യത്തിനു പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിനുവേണ്ടി റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആവശ്യമായി വന്നാല്‍ നിയമങ്ങളില്‍ ഇളവ് നല്‍കിയും റിയല്‍ എസ്റ്റേറ്റ് മേഖലയെ താങ്ങി നിര്‍ത്തുമെന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കവേ അവര്‍ അറിയിച്ചു.

ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് നടപ്പാക്കാനുദ്ദേശിച്ച പരിഷ്‌കാരങ്ങള്‍ വിജയിക്കാതെ പോയത് രാജ്യസഭയില്‍ വേണ്ടത്ര അംഗബലം ഇല്ലാത്തതിനാലായിരുന്നു. തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടത് സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്. കഴിഞ്ഞ തവണ നടപ്പാക്കാന്‍ കഴിയാതെ പോയ പല പരിഷ്‌കാരങ്ങളും ഇത്തവണ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അടുത്ത ഘട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉടനെ ഉണ്ടാകുമെന്നും ഇത്തവണ ലക്ഷ്യം കൈവിട്ടു പോകില്ലെന്നും മറ്റൊരു ചര്‍ച്ചാ പരിപാടിയില്‍ ധനമന്ത്രി വിശദീകരിച്ചു. ബി.ജെ.പി.ക്ക് ലഭിച്ച വന്‍ ജനസമ്മതി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് സഹായകരമാണെന്ന്, ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ചിലത് വിജയം കാണാതെപോയതിനെ പരോക്ഷമായി പരാമര്‍ശിച്ച് അവര്‍ പറഞ്ഞു.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ചത്ര ബി.ജെ.പി.ക്ക് ശോഭിക്കാന്‍ കഴിയാതെപോയ പശ്ചാത്തലത്തില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് നിരീക്ഷകര്‍ കരുതുന്നു.കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്.

2016 നവംബറില്‍ വന്ന നോട്ട് നിരോധനത്തോടെ തളര്‍ച്ചയിലായ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് തൊട്ടടുത്ത ജൂലൈയില്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതി രണ്ടാമത്തെ ആഘാതമാണേല്‍പ്പിച്ചത്. 1.8 ട്രില്യണ്‍ ഡോളര്‍ മതിക്കുന്ന റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ ഇന്ത്യയിലുടനീളം സ്തംഭിച്ചിരിക്കുകയാണെന്ന് അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് പറയുന്നു. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കിലാണിപ്പോള്‍ ഈ വ്യവസായം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it