റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44 ാമത് ആന്വല്‍ മീറ്റ് ജൂണ്‍ 24 ന് നടക്കാനിരിക്കെ പുതിയ പ്രഖ്യാപനങ്ങളെന്തൊക്കെയായിരിക്കുമെന്ന ചര്‍ച്ചയാണ് ഇന്ത്യന്‍ ടെലികോം രംഗത്ത്. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ഏവരെയും ഞെട്ടിപ്പിക്കുന്നതും ആകര്‍ഷിപ്പിക്കുന്നതുമായ പ്രഖ്യാപനങ്ങള്‍ ഇത്തവണയുമുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. ഏവര്‍ക്കും താങ്ങാവുന്ന സവിശേഷതകളോടുകൂടിയ ജിയോബുക്ക് ഈ വര്‍ഷം റിലയന്‍സ് പുറത്തിറക്കുമെന്നാണ് സൂചന. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ ലാപ്‌ടോപ്പിന് സമാനമായി ജിയോബുക്ക് പുറത്തിറക്കിയാല്‍ വലിയ വിപ്ലവമായിരിക്കും ഇന്ത്യന്‍ ഡിജിറ്റല്‍ രംഗത്തുണ്ടാവുക. പ്രത്യേകിച്ച് കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഈ രംഗത്തും വലിയ വിപ്ലവം റിലയന്‍സിന്റെ പ്രഖ്യാപനങ്ങള്‍ സൃഷ്ടിച്ചേക്കും.
ജിയോബുക്കിന് പുറമെ ഗൂഗ്‌ളിന്റെ പിന്തുണയോടെ ജിയോ 5 ജി ഫോണിന്റെ പ്രഖ്യാപനവും എജിഎമ്മില്‍ നടത്തിയേക്കും. നിലവില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ജിയോയും എയര്‍ടെല്ലും ഒപ്പത്തിനൊപ്പമാണുള്ളത്. ജിയോ 5 ജി ഫോണ്‍ പ്രഖ്യാപനം നടത്തുകയാണെങ്കില്‍ ഉപഭോക്താക്കളുടെ എണ്ണവും കുത്തനെ വര്‍ധിക്കും. ഡിസംബറോടെ 5 ജി ഫോണ്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോ 5 ജി ഫോണിന്റെ സവിശേഷതകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മിക്കവാറും ആന്‍ഡ്രോയിഡ് അനുഭവമുള്ള എന്‍ട്രി ലെവല്‍ ഹാര്‍ഡ്വെയറായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞ ജുലൈയില്‍ റിലയന്‍സ് 33,737 കോടി രൂപ ഗൂഗ്‌ളില്‍ നിക്ഷേപിച്ച് 7.7 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഭാവിയില്‍ 4ജി, 5 ജി ഫോണുകള്‍ക്കായി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മിക്കാനുള്ള പദ്ധതിയും ഈ ഇടപാടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിയോ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ JioOS എന്ന് വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോബുക്ക് JioOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അധിഷ്ഠിതമായായിരിക്കും ഉല്‍പ്പാദിപ്പിക്കുകയെന്നാണ് സൂചന. എല്‍ടിഇ കണക്റ്റിവിറ്റിയായിരിക്കും ജിയോബുക്കില്‍ ലഭിക്കുക.