അഡ്‌നോക്കുമായുള്ള പുതിയ കരാറില്‍ റിലയന്‍സിന്റെ നേട്ടമെന്ത് ?

അബുദാബി നാഷണല്‍ ഓയ്ല്‍ കമ്പനിയുമായി (ADNOC) ചേര്‍ന്ന് പുതിയ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് കരാറില്‍ റിലയന്‍സ് ഇന്റസ്ട്രീസ് ഒപ്പുവെച്ചതായി ഇക്കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്.കരാര്‍ പ്രകാരം, അബുദാബിയിലെ റുവൈസിലുള്ള കോംപ്ലക്‌സില്‍ 940000 ടണ്‍ ക്ലോര്‍-ആല്‍കലി, 1.1 ദശലക്ഷം ടണ്‍ എഥലൈന്‍ ഡൈക്ലോറൈഡ്, 3.6 ലക്ഷം ടണ്‍ പിവിസിയും ഉല്‍പ്പാദിപ്പിക്കും. ടാസിസ് വ്യാവസായിക കെമിക്കല്‍ സോണിലാണ് പ്രൊജക്ട് സ്ഥാപിക്കുന്നത്.

റിലയന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് കരാറെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രതികരിച്ചു. റിലയന്‍സിന്റെ 44ാം ജനറല്‍ ബോഡി യോഗത്തില്‍ അംബാനി സൂചിപ്പിച്ച അന്താരാഷ്ട്ര മുന്നേറ്റത്തിന്റെ ആദ്യപടിയായി കൂടിയാണ് ഇതിനെ നോക്കിക്കാണുന്നത്.

അതേ സമയം ഊര്‍ജ മേഖലയിലെ ആഗോള മുന്നേറ്റമാണ് ലക്ഷ്യമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. റിലയന്‍സ് അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ ആഗോള ഊര്‍ജ വ്യവസായത്തിലെ മുന്‍നിരക്കാരാകുന്നതിനുള്ള അടിത്തറ പാകലാണ് ഇക്കഴിഞ്ഞ ചില ഇടപാടുകളിലൂടെ വ്യക്തമാകുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

സംഗതി എന്തായാലും അബുദാബി ഓയില്‍ റിഫൈനറുമായുള്ള കരാറില്‍ ഒപ്പുവച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏകദേശം 1% നേട്ടമുണ്ടാക്കി. ബുധനാഴ്ച രാവിലെ 10: 30 ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ബിഎസ്ഇയില്‍ 0.8 ശതമാനമാണ് ഉയര്‍ന്നത്.

Related Articles
Next Story
Videos
Share it