വീണ്ടും നിക്ഷേപവുമായി കെ.കെ.ആര്‍; റിലയന്‍സ് റീറ്റെയ്‌ലിന്റെ വിപണി മൂല്യം ₹8.36 ലക്ഷം കോടി

ആഗോള നിക്ഷേപക സ്ഥാപനമായ കെ.കെ.ആര്‍ വീണ്ടും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീറ്റെയ്ല്‍ വിഭാഗമായ റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സില്‍ (Reliance Retail Ventures /RRVL) നിക്ഷേപമുയര്‍ത്തുന്നു. 2,069.5 കോടി രൂപയ്ക്ക് 0.25 ഓഹരികളാണ് കെ.കെ.ആര്‍ സ്വന്തമാക്കുക. ഇതോടെ റിലയന്‍സ് റീറ്റെയ്‌ലിലെ കെ.കെ.ആറിന്റെ മൊത്തം ഓഹരി വിഹിതം 1.42 ശതമാനമാകും.

മൂല്യം ഉയര്‍ന്നു
പുതിയ നിക്ഷേപത്തിന്റെ പിന്‍ബലത്തോടെ റിലയന്‍സ് റീറ്റെയ്‌ലിന്റെ മൂല്യം 8.28 ലക്ഷം കോടി രൂപയില്‍ നിന്ന് 8.36 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ മാസം ഖത്തര്‍ ഇന്‍വെസ്റ്റ് അതോറിറ്റി നിക്ഷേപം നടത്തിയതിനെ തുടര്‍ന്നാണ് റിലയന്‍സ് റീറ്റെയ്‌ലിന്റെ വിപണി മൂല്യം 8.28 ലക്ഷം കോടിയായത്.
വിപണി മൂല്യം ഉയര്‍ന്നത് ഓഹരി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള നാല് കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് റീറ്റെയ്‌ലിനെ എത്തിച്ചതായി കമ്പനി വ്യക്തമാക്കി. 2020ല്‍ 4.2 ലക്ഷം കോടിയായിരുന്നു റിലയന്‍സിന്റെ വിപണി മൂല്യം.
2020ലാണ് കെ.കെ.ആര്‍ റിലയന്‍സ് റീറ്റെയ്‌ലില്‍ 5,550 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ആ സമയത്ത് മറ്റ് വിവിധ നിക്ഷേപകരില്‍ നിന്നായി 47,265 കോടി രൂപയുടെ നിക്ഷേപവും റിലയന്‍സ് റീറ്റെയ്ല്‍ സമാഹരിച്ചിരുന്നു.
റിലയന്‍സ് റീറ്റെയ്ൽ

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് റിലയന്‍സ് റീറ്റെയ്‌ലിന് നേതൃത്വം നല്‍കുന്നത്. റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡില്‍ 88 ശതമാനം ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ്. 11 ശതമാനം ഓഹരികള്‍ ആഗോള ഫണ്ടുകള്‍ക്കും ഒരു ശതമാനം ചെറുകിട ഓഹരിയുടമകള്‍ക്കുമുണ്ട്.

രാജ്യത്തെമ്പാടുമായി റിലയന്‍സ് റീറ്റെയ്‌ലിന് 26.70 കോടി ഉപയോക്താക്കളാണുള്ളത്‌. 18,500 ലധികം സ്റ്റോറുകളും ഗ്രോസറി, കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ഫാഷന്‍, ലൈഫ് സ്റ്റൈല്‍, മെഡിസിന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളുമുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it