ഡിസ്‌നി-വയാകോം വമ്പന്‍ ലയനം: റിലയന്‍സ് 11,500 കോടി നിക്ഷേപിക്കും; നയിക്കാന്‍ നിത അംബാനി
രാജ്യത്തെ വിനോദ- മാധ്യമ രംഗത്തെ കുത്തകാവകാശവും ഇനി ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ കൈകളില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും വാള്‍ട്ട് ഡിസ്‌നി കമ്പനിയും ചേര്‍ന്നുള്ള പുതിയ സംരംഭത്തിന്റെ രൂപീകരണത്തോടെ രാജ്യത്തെ ഏറ്റവും വലിയ വിനോദ-മാധ്യമ സ്ഥാപനമാണ് പിറന്നിരിക്കുന്നത്. സംയുക്ത സംരംഭത്തില്‍ റിലയന്‍സ് 11,500 കോടി രൂപ നിക്ഷേപിക്കും. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയായിരിക്കും കമ്പനിയെ നയിക്കുക. ഉദയ് ശങ്കറാണ് വൈസ് വൈസ് ചെയര്‍മാന്‍.
റിലയന്‍സ്-വയകോം-ഡിസ്‌നി ഇടപാട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില 40 രൂപ വര്‍ധിപ്പിക്കാന്‍ പര്യാപ്തമാണെന്ന് അമേരിക്കന്‍ ബ്രോക്കിംഗ് സ്ഥാപനമായ ജെഫ്രീസ് വിലയിരുത്തി.
പുതിയ പങ്കാളിത്തത്തോടെ പരസ്യത്തില്‍ നിന്നുള്ള വരുമാനം ഉയര്‍ത്താനാകുന്നതു കൂടാതെ മത്സരം കുറയുന്നതിനാല്‍ കണ്ടന്റ് കോസ്റ്റ് കുറയ്ക്കാനുമാകുമെന്നും ജെഫ്രീസ് പറയുന്നു.
ഇന്ന് റിലയന്‍സ് ഓഹരികളില്‍ അതിശക്തമായ മുന്നേറ്റമുണ്ടായില്ല. ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 2,945 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ഇതു വരെ ഓഹരി 12 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. നിഫ്റ്റിയുടെ നേട്ടം ഇക്കാലയളവില്‍ ഒരു ശതമാനത്തിനടുത്ത് മാത്രമാണ്.