ജിയോ എക്‌സ്‌ക്ലൂസീവ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്താനൊരുങ്ങുന്നു; നിരവധി ഓഫറുകളും

ഏറെ കാത്തിരുന്ന റിലയന്‍സ് ജിയോ 4 ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോര്‍ട്ട്. 'ജിയോ എക്‌സ്‌ക്ലൂസീവ്' എന്ന പേരില്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോയുമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവരുള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള 2 ജി ടെലികോം യൂസേഴ്‌സിനെ ലക്ഷ്യമിട്ടാണ് ജിയോയുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരണം.

സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണത്തിനായുള്ള പാര്‍ട്ണര്‍ഷിപ്പ് വിവോയുമായി ജിയോ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ട്. ഡിസ്‌കൗണ്ടുകള്‍, ഓടിടി സബ്‌സ്‌ക്രിപ്ഷന്‍ ആനുകൂല്യങ്ങള്‍, വണ്‍ടൈം സ്‌ക്രീന്‍ റീപ്രേസ്‌മെന്റ് വാറന്റി എന്നിവയാകും 'ജിയോ എക്‌സ്‌ക്ലൂസീവ്' നല്‍കുക. എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ജിയോ സിം കണക്ഷന്‍ കൂടെ വേണമെന്നാണ് കമ്പനി നിര്‍ദേശം.

ലാവ, കാര്‍ബണ്‍ എന്നീ ചൈനീസ് ലോക്കല്‍ ബ്രാന്‍ഡുകളുമായിട്ടും ഫോണ്‍ നിര്‍മാണത്തിനായി ജിയോ ചര്‍ച്ചകളിലാണെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 8000 രൂപയും അതിനു താഴേക്കും നിരക്കുള്ള സ്മാര്‍ട്ട് ഫോണുകളാണ് ജിയോ എക്‌സ്‌ക്ലൂസീവ് വിപണിയിലിറക്കുക എന്നാണ് ഏറ്റവും പുതിയ വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഗൂഗിളുമായി ചേര്‍ന്ന് സ്മാര്‍ട്ട്‌ഫോണിറക്കാന്‍ ജിയോയ്ക്ക് പദ്ധതിയുണ്ടെങ്കിലും സമയം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ മൊത്ത ഉപഭോക്തൃ നിരക്കില്‍ വര്‍ധനവുണ്ടാക്കുന്ന നീക്കങ്ങളാണ് ജിയോ ഇപ്പോള്‍ നടത്തുന്നതെന്നാണ് വിപണിയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്തെ 350 ദശലക്ഷം വരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കാളെയാണ് ജിയോ ലക്ഷ്യമിടുന്നതും. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ജിയോയുടെ ഉപഭോക്തൃ കണക്കുകള്‍ എയര്‍ടെല്ലിനേക്കാള്‍ ഇടിഞ്ഞിരുന്നു.

ലാവ, കാര്‍ബണ്‍ തുടങ്ങിയ ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് ഫോണ്‍ പുറത്തിറക്കാന്‍ എയര്‍ടെല്ലിനും പ്ലാനുകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതായാലും പുതിയ നീക്കങ്ങള്‍ കമ്പനിക്ക് നേരിട്ട ക്ഷീണമില്ലാതാക്കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

Related Articles
Next Story
Videos
Share it