'സിംഗിള്‍സ് ഡേ' മാമാങ്കം: ആലിബാബ ആദ്യ മിനിറ്റില്‍ ബില്യണ്‍ ഡോളര്‍ കൊയ്തു

'സിംഗിള്‍സ് ഡേ' ആഘോഷദിനത്തില്‍ ആലിബാബ ഒരുക്കിയ ഷോപ്പിംഗ് മാമാങ്കം വന്‍ വിജയത്തിലേക്ക്. വില്‍പന ആരംഭിച്ച് 1 മിനിറ്റ് 8 സെക്കന്‍ഡിനുള്ളില്‍ ബിസിനസ് ഒരു ബില്യണ്‍ ഡോളര്‍ മറികടന്നതായാണ് ചൈനീസ് ഇ-കൊമേഴ്സ് ഭീമന്‍ അവകാശപ്പെട്ടത്. 30 മിനിറ്റിനുള്ളില്‍ വിറ്റുവരവ് 10 ബില്യണ്‍ ഡോളര്‍ പിന്നിട്ടെന്നും 90 മിനിറ്റിനുള്ളില്‍ 16.3 ബില്യണ്‍ ഡോളര്‍ ആയെന്നും ആണ് കണക്ക്.

കഴിഞ്ഞ വര്‍ഷത്തെ ഷോപ്പിങ് റെക്കോഡുകള്‍ തകര്‍ത്താണ് ഇത്തവണത്തെ മുന്നേറ്റം. ലോകപ്രശസ്ത ഗായിക ടെയ്ലര്‍ സ്വിഫ്റ്റായിരുന്നു ഉദ്ഘാടന ചടങ്ങിലെ താരം. വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ ആഘോഷദിനമാണ് ചൈനയില്‍ നവംബര്‍ 11. വാലന്റൈന്‍സ് ദിനത്തിന് പകരമായി ഈ ദിവസം ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവലുകളിലൊന്നാക്കി മാറ്റുകയെന്നതാണ് ആലിബാബയുടെ ലക്ഷ്യം. മെഗാ ഷോപ്പിംഗ് ദിനത്തില്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ മുതല്‍ കാറുകള്‍ക്ക് വരെ വന്‍പിച്ച ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചത്.

ചൈനയില്‍ 60 ശതമാനത്തിലധികം ഉപഭോക്താക്കളും ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണ് വാങ്ങാറുള്ളതെന്ന് അടുത്തിടെ കണ്‍സള്‍ട്ടിംഗ് മാനേജ്‌മെന്റ് സ്ഥാപനമായ ഒലിവര്‍ വിമന്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. ഷോപ്പിംഗ് മാമാങ്കത്തില്‍ പങ്കെടുക്കുന്ന രണ്ട് ലക്ഷം ബ്രാന്‍ഡുകളില്‍ 22,000 ഉല്‍പ്പന്നങ്ങളും 78 വിദേശ വിപണികളില്‍ നിന്നുള്ളവയാണെന്ന് ആലിബാബ അറിയിച്ചു. ഡിസംബര്‍ പാദം ആലിബാബയെ സംബന്ധിച്ചിടത്തോളം സിംഗിള്‍സ് ഡേയിലൂടെ വന്‍തോതിലുള്ള വരുമാനം നേടാനുള്ള അവസരം കൂടിയാണെന്നും വിപണി ഗവേഷകര്‍ വിലയിരുത്തുന്നു.

ഇത്തവണ സിംഗിള്‍സ് ഡേ ആഘോഷത്തില്‍ പത്തു ലക്ഷം പുതിയ ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്ക്ക് എത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിഭാഗങ്ങളില്‍ ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ചിരുന്നു. ആലിബാബയുടെ ട്രാവല്‍ കമ്പനി ടോക്കിയോയില്‍ അടുത്ത വര്‍ഷം നടക്കുന്ന ഒളിംപിക്സിലേക്ക് പാക്കേജ് ടൂര്‍ ഓഫര്‍ ചെയ്യുമ്പോള്‍ ഡിസ്നി അവരുടെ ഷാംഗ്ഹായിലുള്ള തീം പാര്‍ക്കിലെത്തുന്നവര്‍ക്കായി ടിക്കറ്റില്‍ ഇളവുകള്‍ നല്‍കി. ഓണ്‍ലൈന്‍ ഷോപ്പിംഗിനൊപ്പം ആകര്‍ഷകമായ പരിപാടികളും അര്‍ദ്ധരാത്രി വരെ അവതരിപ്പിക്കപ്പെടുന്നു. ഓണ്‍ലൈന്‍ ചാനലിലൂടെ നടക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ഷോയ്ക്കിടയില്‍ ഡിസ്‌കൗണ്ട് ഓഫറുകളുള്ള ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നു.

സിംഗിള്‍സ് ഡേ ഷോപ്പിംഗിന് മുന്നോടിയായുള്ള പ്രീ-സെയില്‍സില്‍ 17,000 ല്‍ പരം ബ്രാന്‍ഡുകളാണ് ലൈവ് സ്ട്രീമിംഗ് ആരംഭിച്ചത്. ചൈനയിലെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ ലൈവ്സ്ട്രീമിംഗ് ആദ്യ പത്ത് മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം ഓണ്‍ലൈന്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ചെറു വീഡിയോകളും പ്ലാറ്റ്ഫോമുകളില്‍ പ്രശസ്തമാണെങ്കിലും ലൈവ് സ്ട്രീമിംഗാണ് നിലവിലെ ട്രെന്‍ഡ്. ചിലപ്പോള്‍ കാഴ്ചക്കാര്‍ക്ക് എക്സ്‌ക്ലുസീവ് ഓഫറുകളും ഇതുവഴി ലഭ്യമാകും.

ചൈനീസ് ഇ-കൊമേഴ്സ് സൈറ്റുകളില്‍ ഷോപ്പിംഗിലെ പ്രധാന ഘടകമാണ് ലൈവ് സ്ട്രീമിംഗ്. ഇതില്‍ പ്രശസ്ത വ്യക്തികളും താരങ്ങളും മറ്റും ഓണ്‍ലൈനായി അവരുടെ ഫോളോവേഴ്സിനെ കുറിച്ചും അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രാന്‍ഡുകളെ കുറിച്ചും സംസാരിക്കുന്നു. ലൈവ് സ്ട്രീമിംഗിനിടയിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം നല്‍കുന്നുണ്ട്.

2009 മുതലാണ് സിംഗിള്‍സ് ഡേയില്‍ ആലിബാബ ആദ്യമായി ഷോപ്പിംഗ് പരിപാടി അവതരിപ്പിച്ചത്. ഓരോ വര്‍ഷവും മുന്നേറിയ പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം 30 ബില്യണ്‍ ഡോളറിലധികം തുകയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിഞ്ഞു. ചൈനീസ് ടെക് ഭീമന്റെ വില്‍പ്പനയിലെ റെക്കോര്‍ഡും ഇതു തന്നെ. ചൈനയിലെ മാന്ദ്യവും നിലവിലെ യുഎസ്-ചൈന വ്യാപാര യുദ്ധവും വിപണിയിലെ കിടമല്‍സരവും മറ്റും വിലങ്ങുതടി ആകാതിരിക്കാന്‍ ആലിബാബ കൂടുതല്‍ ഉല്‍പ്പന്ന വിഭാഗങ്ങളിലേക്ക് ഡിസ്‌കൗണ്ട് ഓഫറുകള്‍ വ്യാപിപ്പിച്ചിരുന്നു. ഇതിനിടെ, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഓരോ ഉത്സവങ്ങള്‍ നടത്തി യുവതലമുറയെ ചൂഷണം ചെയ്യുകയാണെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ രൂക്ഷമാകുന്നുമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it