ആമസോണ്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ ഫാര്‍മസി; മരുന്നും വീട്ടിലെത്തും

മരുന്നുകളും വീട്ടിലെത്തിക്കുന്ന ഓണ്‍ലൈന്‍ ഫാര്‍മസി സേവന വിഭാഗത്തിന് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യ തുടക്കമിട്ടു.
ബെംഗളൂരുവില്‍ സേവനം ആരംഭിച്ചതിനു പിന്നാലെ മറ്റ് നഗരങ്ങളിലേക്കു വ്യാപിപ്പിക്കുന്നതു സംബന്ധിച്ച പൈലറ്റ് സര്‍വീസ് പ്രോഗ്രാമുകള്‍ കമ്പനി നടപ്പാക്കി വരുകയാണ്.
'ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ കടമയുടെ ഭാഗമായി, ബെംഗളൂരുവില്‍ ഞങ്ങള്‍ ആമസോണ്‍ ഫാര്‍മസി ആരംഭിക്കുന്നു. ഓവര്‍-ദി-കൗണ്ടര്‍ മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, സര്‍ട്ടിഫൈഡ് വില്‍പ്പനക്കാരില്‍ നിന്നുള്ള ആയുര്‍വേദ മരുന്നുകള്‍ എന്നിവയ്ക്ക് പുറമേ കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഇന്നത്തെ കാലത്ത് ഇത് പ്രത്യേകിച്ചും പ്രസക്തമാണ്, വീട്ടില്‍ സുരക്ഷിതമായി തുടരുമ്പോള്‍ ഉപഭോക്താക്കളെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ സേവനം സഹായിക്കും, '- ആമസോണ്‍ വക്താവ് പറഞ്ഞു.
കോവിഡ് ലോക്ക്ഡൗണ്‍ സമയത്തും അണ്‍ലോക്ക് പ്രഖ്യാപനത്തിന് ശേഷവും വിവിധ മേഖലകളില്‍ ബിസിനസ് പ്രതീക്ഷ വളര്‍ത്തുന്ന മുന്നേറ്റങ്ങള്‍ ഉണ്ടായെന്ന വിലയിരുത്തലോടെയാണ് ഫാര്‍മസി രംഗത്തേക്കുള്ള ആമസോണ്‍ ഇന്ത്യയുടെ കടന്നുവരവ്.
ലോക്ക്ഡൗണും സാമൂഹിക അകലവും ഉപഭോക്താക്കളെ കണ്‍സള്‍ട്ടേഷന്‍, ചികിത്സ, മെഡിക്കല്‍ പരിശോധനകള്‍, മരുന്ന് വിതരണം എന്നിവയ്ക്കായി ഓണ്‍ലൈന്‍ മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിച്ചു. ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പുകളായ പ്രാക്ടോ, നെറ്റ്‌മെഡ്‌സ്, 1 എം ജി, ഫാം ഈസി, മെഡ് ലൈഫ് എന്നിവ ഡിമാന്‍ഡില്‍ വന്‍ കുതിച്ചുചാട്ടം നേടി. എഡ്‌ടെക് പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായ മുന്നേറ്റമാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്കുണ്ടായത്.
ഇന്ത്യയിലെ ഇ- ഫാര്‍മ വിപണിയില്‍ വരുന്ന വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഇ വൈ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 2023ഓടെ 2.7 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഇ- ഫാര്‍മ വിപണി എത്തുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 360 മില്യണ്‍ ഡോളറിന്റെ വലുപ്പമാണ് ഉള്ളതെന്നും ' ഇ- ഫാര്‍മ: ആരോഗ്യകരമായ ഫലങ്ങള്‍' എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നത്, സ്മാര്‍ട്ട് ഫോണ്‍ വ്യാപനം, ദീര്‍ഘകാല അസുഖങ്ങളുടെ വര്‍ധന, പ്രതിശീര്‍ഷ വരുമാനം ഉയരുന്നതിലൂടെ ചികിത്സയ്ക്കായി ചെലവഴിക്കാവുന്ന തുകയില്‍ ഉണ്ടാകുന്ന വളര്‍ച്ച എന്നിവയെല്ലാമാണ് ഈ മേഖലയിലെ വളര്‍ച്ചാ പ്രതീക്ഷകളെ മുന്നോട്ടു നയിക്കുന്നത്.
ആഗോള തലത്തില്‍ നിലവില്‍ 9.3 ബില്യണ്‍ ഡോളറിന്റെ വലുപ്പമാണ് നിലവില്‍ ഇ-ഫാര്‍മ വ്യവസായത്തിനുള്ളത്. 2023 ഓടെ 18.1 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയോടെ 18.1 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ദീര്‍ഘ കാല രോഗങ്ങള്‍ക്കായുള്ള മരുന്നുകളുടെ വിപണിയില്‍ 85 ശതമാനം വരെ പങ്കാളിത്തം സ്വന്തമാക്കാന്‍ ഇ-ഫാര്‍മസി മേഖലയ്ക്ക് സാധിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. രൂക്ഷതയുള്ള രോഗങ്ങള്‍ക്കായുള്ള മരുന്നുകളുടെ വിപണിയില്‍ 40 ശതമാനത്തോളം നാലുവര്‍ഷത്തിനുള്ളില്‍ ഇ- ഫാര്‍മസി സ്വന്തമാക്കുമെന്നാണ് നിരീക്ഷണം.
ഇന്ത്യയില്‍ ഇന്ന് ഇ-കൊമേഴ്സിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് പ്രകടമാകുന്നത്. ഈ സാഹചര്യം തിരിച്ചറിഞ്ഞ് ഓണ്‍ലൈന്‍ ഫാര്‍മസികളും വര്‍ധിച്ചു. ഡിജിറ്റല്‍ പേമെന്റുകള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ന്നതോടെ അടുത്ത നാലു വര്‍ഷത്തേക്ക് മികച്ച വളര്‍ച്ചാ സാധ്യതയാണ് ഇ- ഫാര്‍മസി മേഖലയ്ക്ക്. ഉപഭോക്താക്കള്‍ക്കുള്ള വില്‍പ്പന മാത്രമല്ല, ബി ടു ബി ഇടപാടുകളും ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്ത് വര്‍ധിക്കും' ഇവൈ ഇന്ത്യ പാര്‍ട്ണറും ഇ-കൊമേഴ്സ്, കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് മേഖലകളിലെ വിദഗ്ധനുമായ അന്‍കുര്‍ പഹ്വ നിരീക്ഷിക്കുന്നു.
ഇ-കൊമേഴ്സ്, കണ്‍സ്യൂമര്‍ ടെക്, ഫിന്‍ടെക് എന്നിവയിലെ വന്‍ കമ്പനികളുടെയും നിക്ഷേപകരുടെയും ശ്രദ്ധ കൂടുതലായി ഇ- ഫാര്‍മസി മേഖലകളിലേക്ക് തിരിയും. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച ഫണ്ട് സമാഹരണം സാധ്യമാക്കിയിട്ടുണ്ട്. ആരോഗ്യത്തിനായുള്ള പ്രതിശീര്‍ഷ ചെലവിടല്‍ വേഗത്തില്‍ വര്‍ധിക്കുന്ന രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ വിപുലമായ ശൃംഖലകളുള്ള സംരംഭങ്ങള്‍ക്ക് ഇ-ഫാര്‍മസി മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് അന്‍കുര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline