ഏത് വിപണിയിലും നിലയുറപ്പിയ്ക്കാൻ ആമസോണിനെ സഹായിക്കുന്നത് ഈ തന്ത്രങ്ങൾ 

കുറച്ചുകാലം മുൻപ് വരെ ഒരു ഉറക്കം തൂങ്ങി ഓൺലൈൻ ബുക്ക് സ്റ്റോർ ആയിരുന്നു ആമസോൺ. റിസർച്ച് കമ്പനിയായ സീബി ഇൻസൈസിന്റെ കണക്കുപ്രകാരം ഇന്ന് ലോകത്തെ ഇ-കോമേഴ്‌സ് വ്യാപാരത്തിന്റെ 44 ശതമാനവും ഈ കമ്പനിയുടെ കയ്യിലാണ്. 1997 ലെ ഐപിഒയ്ക്ക് ശേഷം, 8000 ശതമാനമാണ് ആമസോണിന്റെ ഓഹരി മൂല്യം ഉയർന്നത്.

വളർന്ന് പടർന്ന് പന്തലിച്ച് എല്ലാ വിപണിയിലും ആധിപത്യമുറപ്പിച്ചിരിക്കുകയാണ് ഇന്ന് ആമസോൺ. അതിന് കമ്പനിയെ സഹായിച്ച ചില സ്ട്രാറ്റജികൾ പരിചയപ്പെടാം.

നേടും തൂണായി ആമസോൺ പ്രൈം

ലോകം കണ്ടതിൽവെച്ചേറ്റവും വിജയകരമായ റോയൽറ്റി പ്രോഗ്രാം ആണ് ആമസോൺ പ്രൈം. ഇതിന് 100 മില്യണിലധികം വരിക്കാരുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആമസോണിലേക്ക് ആളുകളെ എത്തിക്കാനുള്ള ഒരു വാതിലാണ് പ്രൈം.

ചെറുകിട ബിസിനസുകൾക്ക് അവസരങ്ങൾ തുറന്നിട്ടു

ഒരു വൻകിട കമ്പനി മാർക്കറ്റിലേക്ക് പ്രവേശിക്കുമ്പോൾ അത് ഏറ്റവും പ്രതികൂലമായി ബാധിക്കുക ചെറുകിടക്കാരെയാണ്. എന്നാൽ ആമസോണിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ്. ചെറുകിട വിൽപനക്കാർക്ക് ആമസോൺ വഴി പുതിയ വിപണികളും ഉപഭോക്താക്കളും നേടാനുള്ള അവസരമാണ് കൈവന്നത്. സ്റ്റാർട്ട് അപ്പുകൾക്ക് മാത്രമായി ഒരിടം ആമസോൺ ഒരുക്കിയിട്ടുണ്ട്.

ഹോം ഡെലിവറിയും സപ്ലൈ ചെയിൻ ലോജിസ്റ്റിക്‌സും

ഡ്രോൺ വഴി ഉത്പന്നങ്ങൾ ഡെലിവർ ചെയ്യുന്ന സാങ്കേതിക വിദ്യയ്ക്ക് ആമസോൺ പേറ്റന്റ് നേടിയിട്ടുണ്ട്. മാത്രമല്ല, ചെന്നെത്തുന്നിടത്തെല്ലാം വിപുലമായ സപ്ലൈ ചെയിൻ ആണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. വാഹനമുള്ള ആർക്കും ഡെലിവറി സേവന പാർട്ണർ ആകാൻ ആമസോൺ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതിവേഗം പുതു സാങ്കേതിക വിദ്യകൾ കമ്പനിയുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന് ഒരുദാഹരണമാണ് ആമസോൺ ഗോ ഓട്ടോണോമസ് സ്റ്റോറുകൾ.

നിർമ്മിത ബുദ്ധി

ആമസോണിന്റെ പോലെ നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) റീറ്റെയ്ൽ ബിസിനസിൽ ഉപയോഗപ്പെടുത്തിയ കമ്പനി ഉണ്ടാകുമോ എന്ന് സംശയമാണ്. എതിരാളികളെ പിന്നിലാക്കി ആമസോൺ അലക്സ അത്രമാത്രം മുന്നോട്ട് പോയിരിക്കുന്നു. സീറോ ക്ലിക്ക് ആണ് ഇതിന്റെ പ്രത്യേകത. അതായത് മുഴുവനായും സംസാരത്തിലൂടെ അലക്സയെ നിയന്ത്രിക്കാനും നിർദേശങ്ങൾ നൽകാനും കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സ്റ്റാർട്ട് അപ്പുകൾക്ക് ഫണ്ടും ആമസോൺ നൽകുന്നുണ്ട്.

വ്യത്യസ്ത മേഖലകളിൽ നിക്ഷേപം

അടുത്തതായി ആരോഗ്യ രംഗത്തേക്ക് കടക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഫാർമസി മേഖലയിൽ രംഗപ്രവേശം ചെയ്യുന്നതോടെ ഒരു വലിയ 'ഡിസ്റ്പ്ഷൻ' ആണ് ആമസോൺ ഈ മേഖലയിൽ ലക്ഷ്യമിടുന്നത്.

ബിസിനസ് വ്യാപിപ്പിക്കുക

യൂറോപ്പ് ആണ് കമ്പനിയുടെ പ്രധാന വിപണിയെങ്കിലും ഏഷ്യ, ഗൾഫ് മേഖലകളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ധാരാളം ബിസിനസ് അവസരങ്ങൾ ഈ രാജ്യങ്ങളിൽ ആമസോൺ കണ്ടെത്തിയിട്ടുമുണ്ട്.

ഏറ്റെടുക്കലുകൾ

അവിശ്വസനീയമായ വേഗത്തിലാണ് ആമസോൺ കമ്പനികളെ ഏറ്റെടുക്കുന്നത്. 2017 ൽ 10 കരാറുകളാണ് ഇത്തരത്തിൽ ഒപ്പിട്ടത്. ഓരോന്നും വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കുന്നവ. ഇത്തരത്തിൽ ആമസോണിന്റെ സാന്നിധ്യം എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it