ബ്രിട്ടീഷ് റീറ്റെയ്ൽ രംഗത്തെ മാറ്റിമറിച്ച ഒരു ഡിസ്‌കൗണ്ട് സൂപ്പർമാർക്കറ്റിന്റെ കഥ
1990 ഏപ്രിൽ മാസത്തിലെ ഒരു വ്യാഴാഴ്ച. യുകെയിലെ ബെർമിംഗാമിൽ അസാധാരണമായ ഒരു ഗ്രോസറി സ്റ്റോർ പ്രവർത്തനം തുടങ്ങി. അത്യാവശ്യം വേണ്ട 600 ഉൽപ്പനങ്ങൾ മാത്രം സ്റ്റോക്ക് ചെയ്ത ഒരു സൂപ്പർമാർക്കറ്റ്. 'അൽദി' എന്നെഴുതിയ ആഡംബരങ്ങളൊന്നുമില്ലാത്ത ഒരു ബോർഡും. വെറും 185 സ്‌ക്വയർ ഫീറ്റിലായിരുന്നു ആ ഷോപ്പ് ഒരുക്കിയിരുന്നത്.
ബിസ്കറ്റ്, ചായപ്പൊടി, പാചക എണ്ണ തുടങ്ങി എല്ലാ ഉൽപ്പന്നത്തിന്റെയും ഒരു ബ്രാൻഡ് മാത്രമേ അവിടെ കിട്ടൂ. അവ മിക്കവാറും അധികമാരും കേൾക്കാത്ത ബ്രാന്ഡായിരിക്കും. അതുകൊണ്ടുതന്നെ മറ്റെങ്ങും കിട്ടാത്ത വിലക്കുറവായിരുന്നു ഈ ഷോപ്പിൽ.
ടെസ്‌കോ, സെയ്‌ൻസ്ബറി തുടങ്ങിയ അതികായൻമാർ വിരാജിക്കുന്ന ബ്രിട്ടീഷ് റീറ്റെയ്ൽ വിപണിയിലേക്ക് ഒരു ഉദ്‌ഘാടന ചടങ്ങോ പരസ്യമോ ഇല്ലാതെ കടന്നു വരാൻ ധൈര്യം കാണിച്ച ആ ഗ്രോസറി ചെയ്ൻ പിന്നീട് ബ്രിട്ടനിലെ ഉപഭോക്താക്കളുടെ ഷോപ്പിംഗ് ശീലം തന്നെ തിരുത്തിയെഴുതി.
സ്റ്റോറിനെപ്പോലെതന്നെ ഇതിന്റെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങളും വളരെ പരിമിതമായിരുന്നു. ജർമൻ സഹോദരൻമാരായ കാൾ ആൽബ്രെത്ത്, തിയോ ആൽബ്രെത്ത് എന്നിവരുടേതായിരുന്നു അൽദി ഗ്രോസറി ചെയ്ൻ. രണ്ടുപേരും രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തവരാണ്. ജർമ്മനിയിൽ ഡിസ്‌കൗണ്ട് സ്റ്റോറുകൾക്ക് പ്രസിദ്ധരായിരുന്നു ഇരുവരും. ഇതിൽ കൂടുതലൊന്നും അൽദിയെക്കുറിച്ച് ആർക്കുമറിവില്ലായിരുന്നു.
എല്ലാവരുടേയും പോലെ തന്നെ ടെസ്‌കോയും സെയ്‌ൻസ്ബറിയും അൽദിയുടെ വരവിനെ തീരെ ഗൗനിച്ചില്ല. ഡിസ്‌കൗണ്ട് ഷോപ്പുകൾ ബ്രിട്ടനിൽ തീരെ ജനപ്രിയമല്ലാതിരുന്നത് അവർക്ക് കൂടുതൽ ആത്മവിശ്വാസമേകി. കുറച്ചുകാലം അങ്ങനെ വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ കടന്നുപോയി. ബ്രിട്ടനിൽ ചലനമുണ്ടാക്കാൻ അൽദിക്ക് സാധിച്ചില്ലെന്ന് ഫിനാൻഷ്യൽ ടൈംസ് ഒരിക്കൽ എഴുതുകയുണ്ടായി. 1999ലായിരുന്നു അത്. 2009-ലും കഥയിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. വെറും 2 ശതമാനം മാർക്കറ്റ് ഷെയർ അന്നും അൽദിക്ക് ഉണ്ടായിരുന്നുള്ളു.
ഇക്കാലമത്രയും റീറ്റെയ്ൽ വമ്പൻമാർ ഉറങ്ങുകയായിരുന്നു എന്നു വേണം പറയാൻ. അവർക്കൊന്നും സംഭവിക്കില്ലെന്ന വിശ്വാസത്തോടെ. എന്നാൽ അവർ ഉറക്കമെഴുന്നേറ്റപ്പോഴേക്കും, റീറ്റെയ്ൽ വിപണിയുടെ വലിയൊരു ഭാഗം അൽദിയുടെ കയ്യിലായി. 2017-ൽ യുകെയിലെ അഞ്ചാമത്തെ വലിയ റീറ്റൈലറായി മാറി അവർ.
രണ്ടിൽ മൂന്ന് കുടുംബങ്ങളും 12 ആഴ്ചയിൽ ഒരു തവണയെങ്കിലും അൽദി സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ ആഴ്ചയിലും ഒരു പുതിയ സ്റ്റോർ തുറന്നുകൊണ്ട് ഈ റീറ്റെയ്ൽ ചെയ്ൻ ഇന്ന് വളരെ വേഗം വളർന്നുകൊണ്ടിരിക്കുകയാണ്.
വമ്പൻ സൂപ്പർമാർക്കറ്റുകൾ സ്റ്റാറ്റസ് ചിന്ഹമായി കണ്ടിരുന്ന പല ആളുകളും ഡിസ്‌കൗണ്ട് സ്റ്റോറുകൾ ഇഷ്ടപ്പെട്ടുതുടങ്ങി. ബ്രിട്ടണിലെ ഉപഭോക്താക്കളുടെ ആഡംബര ഷോപ്പിംഗ് ശീലം മാറ്റിയതിന്റെ ക്രെഡിറ്റ് അൽദിക്ക് അവകാശപ്പെട്ടതാണ്.
'കൂടുതൽ ഉപഭോക്താക്കൾ, കുറച്ചു ലാഭം' എന്നതാണ് അൽദിയുടെ തത്വം. കുറച്ചു ലാഭം എന്നത് അൽദിക്ക് മാത്രമല്ല, മുഴുവൻ ഇൻഡസ്ട്രിയുടെയും ലാഭ മാർജിൻ 2-3 ശതമാനമാക്കി കുറക്കാൻ അൽദിക്ക് സാധിച്ചു. അൽദിയുടെ മുന്നേറ്റം കണ്ട് മറ്റെല്ലാവരും ഡിസ്‌കൗണ്ട് നൽകാൻ നിർബന്ധിതരായതാണ് ഇതിന് കാരണം.
മാത്രമല്ല, നാട്ടിലെ നാല് വലിയ സൂപ്പർമാർക്കറ്റുകൾ ലാഭം കുറഞ്ഞതോടെ ലയനമോ ചെലവുചുരുക്കലോ പോലുള്ള വഴികൾ തേടാനുമാരംഭിച്ചു.
മോറിസൺ ജീവനക്കാരെ പിരിച്ചുവിട്ടും കടകൾ പൂട്ടിയും നിലനില്പിനുള്ള തത്രപ്പാടിലാണ് ഇപ്പോൾ. സെയ്‌ൻസ്ബറിയുടെ ആസ്ഡയും മാർക്കറ്റ് ഷെയർ നിലനിർത്താനായി ലയനത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. ടെസ്‌കോയാകട്ടെ ഉൽപ്പങ്ങളുടെ എണ്ണം കുറക്കുകയും ഡിസ്‌കൗണ്ട് ഹോൾസെയിൽ സ്റ്റാറായ ബുക്കറിനെ ഏറ്റെടുക്കുകയും ചെയ്‌തു.
പയ്യെത്തിന്നാൽ പനയും തിന്നാമെന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്നതാണ് അൽദിയുടെ കഥ. എതിരാളികൾ എത്ര ചെറുതായാലും അവരെ കുറച്ചു കാണരുത് എന്നൊരു പാഠവും ഇതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്.